Kerala
പള്ളി തുറക്കൽ: ലീഗിന്റെ രാഷ്ട്രീയ നീക്കം പാളി

കോഴിക്കോട് | കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരിക്കുന്ന പള്ളികൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ലീഗിന്റെ രാഷ്ട്രീയ നീക്കം പാളി. പള്ളികൾ തുറക്കണമെന്നാവശ്യപ്പെട്ട് പാർട്ടി സംസ്ഥാന ജന. സെക്രട്ടറി കെ പി എ മജീദ് പ്രസ്താവന ഇറക്കിയതിന് പിന്നാലെ ഒരു വിഭാഗം മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചു ചേർത്തിരുന്നു. പള്ളികൾ തുറക്കണമെന്ന പാർട്ടിയുടെ നിലപാട് ഈ സംഘടനകളുടെ കൂടി ആവശ്യമായി അവതരിപ്പിച്ച് ലീഗ് ഓഫീസിൽ നിന്ന് പത്രക്കുറിപ്പും ഇറക്കി. പാർട്ടി നേതാക്കളെ കൂടാതെ പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാർ, ടി പി അബ്ദുല്ലക്കോയ മദനി, അബ്ദുല്ലത്വീഫ് കരുമ്പിലാക്കൽ, ടി കെ അശ്‌റഫ്, എം ഐ അബ്ദുൽ അസീസ് തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചിരുന്നു. പള്ളികൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് യോഗത്തിൽ പലരും ആശങ്കകൾ പങ്കുവെച്ചിരുന്നുവെങ്കിലും പള്ളി തുറക്കണമെന്ന ആവശ്യമാണ് എല്ലാവരുടെയും അഭിപ്രായമായി പുറത്തുവന്നിരുന്നത്.
എന്നാൽ, ഈ മാസം മൂന്നിന് ചേർന്ന യോഗത്തിൽ പങ്കെടുത്ത സംഘടനകളിൽ പലതും പള്ളി തുറക്കേണ്ടന്ന നിലപാടെടുത്തതോടെയാണ് സംസ്ഥാന സർക്കാറിനെതിരെയുള്ള ലീഗിന്റെ രാഷ്ട്രീയ നീക്കം പാളിയത്. ഇതോടെ ഇതുമായി ബന്ധപ്പെട്ട് ആദ്യം സ്വീകരിച്ച രാഷ്ട്രീയ നിലപാടിൽ നിന്ന് ലീഗ് പിന്നോട്ട് പോകുകയാണ്. ഇ കെ വിഭാഗത്തിലും മുജാഹിദ് ഔദ്യോഗിക വിഭാഗത്തിലും രാഷ്ട്രീയം ലക്ഷ്യം വെച്ചുള്ള ലീഗിന്റെ ധൃതിപിടിച്ച ഈ നീക്കത്തിനെതിരെ എതിർപ്പുണ്ട്.
പള്ളികൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ മുസ്‌ലിം സംഘടനകളുടെ അഭിപ്രായം ക്രോഡീകരിച്ച് സർക്കാറിന് സമർപ്പിക്കുന്നതിന് വേണ്ടിയായിരുന്നു കഴിഞ്ഞ ദിവസത്തെ യോഗമെന്നാണ് ഇപ്പോൾ പാർട്ടി നേതാക്കൾ പറയുന്നത്. ഇക്കാര്യം പാർട്ടി സെക്രട്ടറി എം സി മായിൻ ഹാജി ഉൾപ്പെടെയുള്ളവർ തുറന്നുപറയുകയും ചെയ്തു. പള്ളി തുറക്കുന്ന കാര്യത്തിൽ പാർട്ടിക്ക് സ്വന്തമായി തീരുമാനമില്ലെന്ന് പറഞ്ഞ അദ്ദേഹം, മുസ്‌ലിം സംഘടനകളുടെ ഏകീകരിച്ച തീരുമാനമാണ് പാർട്ടി നിലപാടെന്ന് തിരുത്തിപ്പറയുകയും ചെയ്തു. പള്ളികൾ തുറക്കണമെന്നത് പാർട്ടിയുടെ നിലപാടല്ല. എന്നാൽ പള്ളികൾ തുറക്കണമെന്ന കെ പി എ മജീദിന്റെ പ്രസ്താവന പാർട്ടി നിലപാടായിരുന്നോ അല്ലയോ എന്ന് പറയാൻ അദ്ദേഹം തയ്യാറായില്ല. “തുറക്കാൻ സമയമായി” എന്ന് മാത്രമാണ് മജീദ് പറഞ്ഞതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, ഇക്കാര്യത്തിൽ പാർട്ടിക്ക് നേരത്തേയുള്ള നിലപാടല്ല ഇപ്പോഴുള്ളതെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് തുറന്നുപറഞ്ഞു. മത സംഘടനകളാണ് ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടതെന്നാണ് അദ്ദേഹം പ്രതികരിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിന്റെ ഉദ്ദേശത്തെയും അദ്ദേഹം തിരുത്തി. അന്ന് വിവിധ സംഘടനകൾ പള്ളികൾ തുറക്കണമെന്ന് അഭിപ്രായം പറഞ്ഞിരുന്നുവെങ്കിലും ഇവരെല്ലാം ഇപ്പോൾ പിന്മാറിയെന്നും അദ്ദേഹം പ്രതികരിച്ചു.