Connect with us

Gulf

ഷാർജയിൽ മലിനജല സംസ്‌കരണശേഷി വർധിപ്പിക്കുന്നു

Published

|

Last Updated

ഷാർജ | 2022ഓടെ മലിനജല സംസ്‌കരണ ശേഷി ഇരട്ടിയാക്കാൻ ഷാർജക്ക് പദ്ധതി. ‘ഇന്ന്, മലിനജല ശുദ്ധീകരണ ശേഷി വികസിപ്പിക്കുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഷാർജയിലെ വർധിച്ച ജനസംഖ്യയെ നേരിടാൻ 2022 ഓടെ ഇത് ഇരട്ടിയാക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്, ഖത്ര വാട്ടർ സൊല്യൂഷൻസ് ജനറൽ മാനേജർ ഗുർവാൻ ഡെർസൽ പറഞ്ഞു.

ഷാർജ ഇൻവെസ്റ്റ്മെന്റ് ആന്റ് ഡവലപ്മെന്റ് അതോറിറ്റി, ശുറൂഖ്, ഇൻഫ്രാസ്ട്രക്ചർ ഇളവുകളിലും നിർമാണത്തിലും പ്രവർത്തിക്കുന്ന കമ്പനിയായ ബെസിക്സ് എന്നിവ തമ്മിലുള്ള ഒരു പൊതു-സ്വകാര്യ പങ്കാളിത്തമാണ് ഖത്ര. പ്രതിദിനം ഷാർജയിൽ നിന്നുള്ള 30,000 ഘനമീറ്ററിലധികം മലിനജലം സംസ്‌കരിക്കുന്ന  മലിനജല ശുദ്ധീകരണ പ്ലാന്റ് ഇവിടെ പ്രവർത്തിക്കുന്നു.

സംസ്‌കരിച്ച വെള്ളം പ്രധാനമായും ലാൻഡ്‌സ്‌കേപ്പിംഗ്, നിർമാണ മേഖലകളിലാണ് ഉപയോഗിക്കുന്നത്. പ്രാദേശിക ഫാമുകൾക്ക് വിശ്വസനീയവും ചിലവുകുറഞ്ഞതുമായ വെള്ളം ലഭ്യമാക്കുന്നതിനും അടുത്തുള്ള ഒരു പാർക്കിന് ശുദ്ധീകരിച്ച വെള്ളം നൽകുന്നതിനും വേണ്ടി ബ്രിഡിയിൽ റീസൈക്കിൾഡ് വാട്ടർ ഫില്ലിംഗ് സ്റ്റേഷന്റെ നിർമാണം ഈ മാസം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് ഭാവിപദ്ധതികളെക്കുറിച്ച് ഡെർസൽ വെളിപ്പെടുത്തി. മലിനജല പ്ലാന്റിനെ ഒരു ബയോ റിഫൈനറി സങ്കൽപ്പമാക്കി മാറ്റുന്നതിലൂടെ ഞങ്ങൾ സുസ്ഥിരതയെ പരമാവധി മുന്നോട്ട് കൊണ്ടുപോയിരിക്കുന്നു, ഇവിടെ നിന്ന് പുറത്തുപോകുന്ന എന്തും മെച്ചപ്പെടുത്താനും പുനരുപയോഗിക്കാനും കഴിയും, 2019ൽ സ്ഥാപിതമായതിനുശേഷം കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടത്തെക്കുറിച്ച് ഡെർസൽ പറഞ്ഞു.
സംസ്‌കരിച്ച ജലം എങ്ങനെ വ്യാപകമായി പുനരുപയോഗിക്കാം എന്നതിനെക്കുറിച്ച് ഷാർജ സർവകലാശാലയുമായും ഷാർജ റിസർച്ച് അക്കാദമിയുമായും പ്രധാനമായ ഗവേഷണ വികസന പങ്കാളിത്തവുമുണ്ട്.

ലഭ്യമായ ഏറ്റവും മികച്ച ജലസംസ്‌കരണ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന, കുടിവെള്ളമൊഴിച്ച് മറ്റ് ആവശ്യങ്ങൾക്കായി ഉയർന്ന നിലവാരമുള്ള വെള്ളം ഉൽപാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന  പുതിയ പ്ലാന്റിന്റെ പ്രവർത്തനം ഖത്ര ആരംഭിച്ചിട്ടുണ്ട്.
‘ഷാർജയിൽ ഇത് ആദ്യത്തേതാണ്” ജനറൽ മാനേജർ പറഞ്ഞു.
കഴിഞ്ഞ 20 വർഷമായി യു എ ഇയിലെ ഓരോ എമിറേറ്റുകളും കേന്ദ്രീകൃത ത്രിതല മലിനജല സംസ്‌കരണത്തിനായി വളരെയധികം നിക്ഷേപം നടത്തിയിട്ടുണ്ടെന്നും എന്നാൽ സംയോജിത പുനരുപയോഗ പരിഹാരങ്ങളുടെ അഭാവത്തിൽ ഉയർന്ന നിലവാരമുള്ള ഈ വെള്ളത്തിന്റെ 50 ശതമാനവും പരിസ്ഥിതിയിലേക്ക് പുറന്തള്ളപ്പെടുന്നുവെന്നും ഇത് തീരദേശ ജലത്തിന്റെ അമിതപോഷണത്തിന് കാരണമാകുമെന്നും കമ്പനി ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----

Latest