Connect with us

Career Education

കൊവിഡ് ഭീതിക്കു വിട; പി എസ് സി നിയമന നടപടികൾ പുനരാരംഭിച്ചു

Published

|

Last Updated

കോഴിക്കോട് | കൊറോണക്കാലത്തെ അടച്ചുപൂട്ടലിന് ശേഷം കേരള പബ്ലിക് സർവീസ് കമ്മീഷൻ നിയമന നടപടികൾ പുനരാരംഭിച്ചു. കമ്പനി, കോർപറേഷൻ എന്നിവിടങ്ങളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സർവന്റ് നിയമന ശിപാർശ ഈ മാസം അയച്ചു തുടങ്ങും. വിജ്ഞാപനം പുറപ്പെടുവിച്ച സമയത്ത് സംസ്ഥാന വ്യാപകമായി 866 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിന് ശേഷമുണ്ടായതുൾപ്പെടെ മുഴുവൻ ഒഴിവുകൾക്കും നിയമന ഉത്തരവ് അയക്കുമെന്നാണ് അധികൃതർ പറയുന്നത്. കൊറോണ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഉദ്യോഗാർഥികൾക്ക് അഡ്വൈസ് മെമ്മോ നേരിട്ട് അയക്കുന്നില്ല. പകരം ഇ-മെയിൽ, എസ് എം എസ് എന്നിവ മുഖേനയാണ് അറിയിപ്പ് നൽകുകയെന്ന് പി എസ് സി കോഴിക്കോട് മേഖലാ ഓഫീസർ കെ എം ശൈഖ് ഹുസൈൻ പറഞ്ഞു.

കൊവിഡ് നിയന്ത്രണത്തെ തുടർന്ന് നിർത്തിവെച്ച എല്ലാ അഭിമുഖങ്ങളും പുനരാരംഭിക്കാനും പി എസ് സി തീരുമാനിച്ചിട്ടുണ്ട്.നിയന്ത്രണ കാലത്ത് പകുതി ജീവനക്കാരുമായി ഓഫീസ് പ്രവർത്തിച്ചതിനാൽ നടത്താതെ പോയ നടപടിക്രമങ്ങൾ സമയ ബന്ധിതമായി പൂർത്തീകരിക്കും. ജൂലൈ മുതൽ നേരത്തേ പ്രസിദ്ധീകരിച്ച ഷെഡ്യൂൾ പ്രകാരം അഭിമുഖങ്ങൾ നടത്താനുമാണ് തീരുമാനം. മാർച്ചിൽ കാലാവധി അവസാനിച്ച ചില റാങ്ക് ലിസ്റ്റുകളുടെ സമയപരിധി ഈ മാസം 18 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. കൊവിഡ് അടച്ചുപൂട്ടൽ പരിഗണിച്ചു പ്രത്യേകമായി കാലാവധി ദീർഘിപ്പിക്കണമെങ്കിൽ അക്കാര്യത്തിൽ സർക്കാറാണ് തീരുമാനം എടുക്കേണ്ടത്. ലിസ്റ്റുകൾ കാലാവധി കഴിഞ്ഞെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിന് തടസ്സമില്ല. ഓഫീസുകൾ അടഞ്ഞുകിടന്നതിനാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ തടസ്സം ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കാൻ സർക്കാർ തലത്തിലാണ് നടപടികൾ ഉണ്ടാകേണ്ടത്.

കൊവിഡ് കാലത്ത് അടച്ചുപൂട്ടൽ നിലനിൽക്കുമ്പോഴും ആരോഗ്യ രംഗത്ത് അടിയന്തര നിയമനങ്ങൾ നടത്തുന്നതിന് പി എസ് സി മാതൃകാപരമായ നടപടിക്രമങ്ങൾ സ്വീകരിച്ചിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പി എസ് സി മുഖേന 246 ഡോക്്ടർമാരുടെയും 400 ഹെൽത്ത് ഇൻസ്‌പെക്ടർമാരെയും നിയമിച്ചത്. റേഡിയോഗ്രാഫർ, ലാബ് അസിസ്റ്റന്റ് തസ്തികകളിൽ അഭിമുഖം ഒഴിവാക്കി 24 മണിക്കൂറിനുള്ളിലാണ് നിയമനം നടത്തിയത്.

കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ അതീവ ജാഗ്രതയും കരുതലും ആവശ്യമാണെന്ന സാഹചര്യത്തിലാണ് ഡോക്്ടർമാരുടെയും ആരോഗ്യപ്രവർത്തരുടെയും ക്ഷാമം നേരിടാൻ സർക്കാർ അടിയന്തര നിയമനത്തിന് ശിപാർശ ചെയ്തത്. വീഡിയോ കോൺഫറൻസിംഗ് വഴി അഭിമുഖം നടത്തിയായിരുന്നു നിയമനം. 2020 മാർച്ച് 20ന് ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ്സർജൻ, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അഡ്വൈസ് ചെയ്യപ്പെട്ട ഉദ്യോഗാർഥികൾക്കാണ് നിയമനം നൽകിയത്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിൽ എൻ എച്ച് എം മുഖാന്തിരം 3,770 താത്കാലിക തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി. 704 ഡോക്്ടർമാർ, 100 സ്‌പെഷ്യലിസ്റ്റുകൾ, 1196 സ്റ്റാഫ് നഴ്‌സുമാർ, 167 നഴ്‌സിംഗ് അസിസ്റ്റന്റുമാർ, 246 ഫാർമസിസ്റ്റുകൾ, 211 ലാബ് ടെക്‌നീഷ്യൻമാർ, 292 ജെ എച്ച്‌ ഐമാർ, 317 ക്ലീനിംഗ് സ്റ്റാഫുകൾ തുടങ്ങി 34ഓളം വിവിധ തസ്തികകളാണ് സൃഷ്ടിച്ചത്. കാസർകോട് മെഡിക്കൽ കോളജ് ആശുപത്രിക്കായി 273 തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തിവരുന്നു. 980 ഡോക്്ടർമാരെ മൂന്ന് മാസക്കാലയളവിലും നിയമിച്ചു.

പി എസ് സി, ദേവസ്വം റിക്രൂട്ട്മെന്റ്ബോർഡ്, സഹകരണ പരീക്ഷാ ബോർഡ് എന്നിവ വഴിയുള്ള നിയമനങ്ങൾ നിലച്ചത് നിരവധി ഉദ്യോഗാർഥികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഈ പ്രതിസന്ധിക്കിടയിലാണ് നിരവധി റാങ്ക് പട്ടികകളുടെ കാലാവധിയും കഴിഞ്ഞത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യിക്കാൻ അവസാന നാളുകളിൽ ഉദ്യോഗാർഥികൾ നടത്തിയ ശ്രമങ്ങൾക്ക് ഫലമുണ്ടായില്ല. ഈ റാങ്ക് പട്ടികകൾക്ക് ആറ് മാസം കൂടി അധിക കാലാവധി അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. പ്രതിസന്ധിക്കു ശേഷം റാങ്ക് പട്ടികകൾക്ക് അധിക കാലാവധി അനുവദിച്ച് ഒഴിവുകൾ റിപ്പോർട്ട് ചെയ്യിക്കുന്നതിന് പ്രത്യേക പരിഗണന നൽകാൻ സർക്കാർ തയ്യാറാകണമെന്നാണ് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്.

സ്‌കൂൾ, കോളജ് അധ്യാപക തസ്തികകൾ ഉൾപ്പെടെ നിരവധി റാങ്ക് പട്ടികകൾ റദ്ദായിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ വിവിധ വിഷയങ്ങളിലെ ലക്ചറർ, ആയുർവേദ കോളജുകളിലെ വിവിധ തസ്തികകൾ, ആരോഗ്യവകുപ്പിലെ എജ്യുക്കേഷൻ ആൻഡ് മീഡിയാ ഓഫീസർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്്ടർ, മുനിസിപ്പൽ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തുടങ്ങി രണ്ടോ മൂന്നോ മാസങ്ങൾക്കകം കാലാവധി തീരുന്ന റാങ്ക് പട്ടികകളിലെ നിയമനങ്ങളും ഉടൻ നടത്തണമെന്ന ആവശ്യം ശക്തമാണ്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്