Covid19
ആരോഗ്യ വകുപ്പിന്‌റെ അനാസ്ഥ: പുതുച്ചേരിയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കുഴിയിൽ തള്ളി

ചെന്നൈ | പുതുച്ചേരിയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വനത്തിലെ കുഴിയിൽ തള്ളി. ചെന്നൈ സ്വദേശിയായ 44കാരൻറെ മൃതദേഹമാണ് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ അധികൃതർ ഒറ്റപ്പെട്ട വനത്തിലെ കുഴിയിൽ ഉപേക്ഷിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിശദീകരണവുമായി ആരോഗ്യ വകുപ്പും ഗുരുതര അനാസ്ഥ കാരണം നീതി നിഷേധിക്കപ്പെട്ടെന്ന ആരോപണവുമായി ഇയാളുടെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. ഇതുവരെ പുതുച്ചേരിയിൽ കൊവിഡ് മരണമുണ്ടായിട്ടില്ലെന്നും പരിചയമില്ലാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു. എന്നാൽ പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം സംസ്‌കരിച്ചതായാണ് കുടുംബത്തെ അറിയിച്ചത്.
മരിച്ച വ്യക്തിയുടെ ഭാര്യ വീട് പുതുച്ചേരിയിലാണ്. ഇവിടെവച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ബന്ധുക്കൾ ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് ബാധിച്ചതായി തെളിഞ്ഞത്. ആശുപത്രി അധികൃതർ ആംബുലൻസിൽ കൊണ്ടുവന്ന മൃതദേഹം മൂലകുളം വനമേഖലയിൽ കുഴിയെടുത്ത് അതിൽ ഇട്ട ശേഷം മണ്ണിട്ട് മറവ് ചെയ്യാതെ മടങ്ങുകയായിരുന്നു. മെഡിക്കൽ ഓഫീസറും പോലീസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
പുതുച്ചേരിയിൽ ഇതുവരെ 107 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവിടുത്തെ ആദ്യ കൊവിഡ് മരണമാണിത്. മാനദണ്ഡങ്ങൾ പാലിക്കാൻ നിർദേശിച്ചിരുന്നതായും ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ വലിയ പിഴവാണ് ഇതെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പുതുച്ചേരി സർക്കാർ പ്രതികരിച്ചു. സംഭവത്തിൽ ആരോഗ്യ സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.