Covid19
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 75 ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

കോഴിക്കോട് | കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് സ്ഥിരീകരിച്ച രണ്ട് രോഗികളുമായി സമ്പര്‍ക്കം വന്നതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആരോഗ്യ പ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. ഡോക്ടര്‍മാരും നഴ്‌സുമാരും പി ജി വിദ്യാര്‍ഥികളും അടക്കം വിവിധ ഡിപ്പാര്‍ട്ടമെന്റുകളിലെ ആരോഗ്യപ്രവര്‍ത്തകരാണ് സ്വയം നിരീക്ഷണത്തില്‍ പോയത്. ഇതില്‍ അമ്പതോളം പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ബാക്കിയുള്ളവരുടെ സാമ്പിളുകള്‍ ഇന്ന് ശേഖരിക്കും.
ഇന്നലെ രോഗം സ്ഥിരീകരിച്ച മണിയൂര്‍ സ്വദേശി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ചികിത്സ തേടിയിരുന്നു. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരാണ് ഇപ്പോള്‍ സ്വയം നിരീക്ഷണത്തിലായത്. പ്രസവത്തെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളുമായി എത്തിയ യുവതിയായിരുന്നു ഇത്. സര്‍ജന്‍, പീഡിയാട്രിക് സര്‍ജന്‍, ന്യൂറോ വിദഗ്ദ്ധന്‍, കാര്‍ഡിയോളജി ഡോക്ടര്‍ എന്നിവരെല്ലാം ഇവരെ പരിശോധിച്ചിരുന്നു. ഈ സ്ത്രീക്ക് എവിടെ നിന്നാണ് അസുഖം ബാധിച്ചതെന്ന് ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് ഡി എം ഒ ജയശ്രീ അറിയിച്ചു.