Connect with us

Covid19

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് പാലക്കാട് സ്വദേശിനി

Published

|

Last Updated

പാലക്കാട് | കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാൾ (73) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി.

മെയ് 25 നാണ് ഇവർ ചെന്നൈയിൽ നിന്ന് വാളയാർ അതിർത്തി കടന്ന് പാലക്കാട് എത്തിയത്. ശ്രീകൃഷണാപുരത്തെ സഹോദരന്റെ വീട്ടിൽ ഹോം ക്വാറന്റൈനിൽ കഴിയുകയായിരുന്നു. കടുത്ത പനിയെ തുടർന്ന് മെയ് 28നാണ് 108 ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നെങ്കിലും മരണ  ശേഷം വീണ്ടും കൊവിഡ് പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. വാർധക്യസഹജമായ അസുഖങ്ങൾക്ക് ഏറെ നാൾ ചികിത്സയിലായിരുന്നു.  പ്രമേഹം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളും മീനാക്ഷിയമ്മക്കുണ്ടായിരുന്നു.

ചെന്നൈയിൽ ജോലി ചെയ്യുന്ന മകനെ കാണാൻ പോയ ശേഷം മാസങ്ങൾക്ക് മുമ്പ് സഹോദരനും സഹോദരന്റെ മകനുമൊപ്പം സ്വകാര്യ വാഹനത്തിലാണ് ഇവർ തിരിച്ചെത്തിയത്. ഒമ്പത് വയസ്സുള്ള കൊച്ചു മകൻ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരോടും  നിരീക്ഷണത്തിലേക്ക് പോവാൻ ജില്ലാ മെഡിക്കൽ ബോർഡ് നേരത്തെ അറിയിച്ചിരുന്നു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇവരുടെ സംസ്കാരം ഉടൻ നടക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.  ഏറ്റവുമധികം കൊവിഡ് ബാധിതർ ചികിത്സയിലുള്ള പാലക്കാട് ജില്ലയിലെ ആദ്യത്തെ മരണമാണിത്.

Latest