Alappuzha
സഊദിയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു


അനില്‍ കുമാര്‍
ദമാം | സഊദിയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രണ്ടു മലയാളികള്‍ കൂടി മരിച്ചു. ആലപ്പുഴ മാവേലിക്കര താലൂക്കില്‍ മാന്നാര്‍ ഇരമത്തൂര്‍ സ്വദേശി സുനില്‍ ഭവനില്‍ ശിവരാമ പിള്ളയുടെ മകന്‍ അനില്‍ കുമാര്‍ (52), പത്തനംതിട്ട അടൂര്‍ വടക്കേടത്തുകാവ് പോനാല്‍ ഹൗസില്‍ കെ ജോര്‍ജിന്റെ മകന്‍ ജോര്‍ജ് ബാബു (66) എന്നിവരാണ് ജുബൈലില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ച മലയാളികളുടെ ആകെ എണ്ണം 45 ആയി.

ജോര്‍ജ് ബാബു
ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ സര്‍വേ മാനേജര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു അനില്‍കുമാര്‍. ചൊവ്വാഴ്ച ഉച്ചയോടെ കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഭാര്യ: സ്മിത രവീന്ദ്രന്‍. ഏക മകള്‍ ആതിര പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.
രണ്ടു ദിവസം മുമ്പ് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ജോര്‍ജ് ബാബുവിനെ ജുബൈലിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് നില വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. മാതാവ്: റാഹേലമ്മ. ഭാര്യ: സൂസന്‍.