Connect with us

Editorial

ബാങ്ക് വിളിക്കെതിരെ ആസൂത്രിത നീക്കം

Published

|

Last Updated

പലതവണ കോടതി കയറിയ വിഷയമാണ് ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം. സ്വൈരമായി ജീവിക്കാനുള്ള ഭരണഘടനാദത്തമായ മൗലികാവകാശത്തിനു വിഘാതമാകയാല്‍ ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗം വേണ്ടെന്ന ഉത്തരവാണ് മിക്കപ്പോഴും കോടതികളില്‍ നിന്നുണ്ടാകാറുള്ളത്. കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതിയില്‍ നിന്നുമുണ്ടായി ഇത്തരമൊരു വിധിപ്രസ്താവം. ഖാസിപൂരില്‍ ബാങ്ക് വിളിക്ക് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍, മുസ്‌ലിം പള്ളികളില്‍ ബാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കറിന്റെ ആവശ്യമില്ലെന്നും ബാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കണമെന്ന് ഒരു മതഗ്രന്ഥത്തിലും പറയുന്നില്ലെന്നുമായിരുന്നു കോടതി നിരീക്ഷണം.

പള്ളികളില്‍ മനുഷ്യശബ്ദത്തില്‍ ബാങ്ക് വിളിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ഉച്ചഭാഷിണി ഉപയോഗിക്കാതെയുള്ള ബാങ്ക് വിളിയും തടയണമെന്ന യോഗി സര്‍ക്കാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ബാങ്ക് വിളി കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന സര്‍ക്കാര്‍ വാദം ജസ്റ്റിസുമാരായ ശശികാന്ത് ഗുപ്ത, അജിത്കുമാര്‍ എന്നിവരടങ്ങിയ ബഞ്ച് തള്ളി.
പൊതുജനാരോഗ്യത്തിനും പൊതുസമാധാനത്തിനും ഹാനികരവും ശബ്ദമലിനീകരണം സൃഷ്ടിക്കുന്നതുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതികള്‍ ലൗഡ് സ്പീക്കര്‍ ഉപയോഗം വിലക്കാറുള്ളത്. തമിഴ്‌നാട്ടില്‍ കോളാമ്പി പോലുള്ള ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്ന 44 ആരാധനാലയങ്ങള്‍ പരിശോധിച്ച് ശബ്ദമലിനീകരണത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ 1999ല്‍ മദ്രാസ് ഹൈക്കോടതി സംസ്ഥാന പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ ചര്‍ച്ച് ഓഫ് ഗോഡ് നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി ഒരു വിധിപ്രസ്താവം നടത്തി. “പുരോഗമന സമൂഹത്തില്‍ മതത്തിന്റെ പേരില്‍ വൃദ്ധരെയും കുട്ടികളെയും ശല്യപ്പെടുത്തുകയും അതിരാവിലെയോ പകല്‍ സമയത്തോ ശാന്തമായുറങ്ങുന്ന കുട്ടികളുടെ ഉറക്കം ഭംഗപ്പെടുത്തുകയും ചെയ്യുന്ന പ്രവൃത്തികള്‍ അനുവദിക്കുക സാധ്യമല്ല. പരിസര പ്രദേശങ്ങളില്‍ താമസിക്കുന്ന കൈക്കുഞ്ഞുങ്ങള്‍ക്ക് സമാധാനപൂര്‍ണമായ അന്തരീക്ഷത്തില്‍ അവരുടെ സ്വാഭാവികമായ ഉറക്കത്തിനുള്ള അവകാശമുണ്ടെന്നാ”യിരുന്നു സുപ്രീം കോടതി പരാമര്‍ശം.
എന്നാല്‍ ബാങ്കിനേക്കാളുപരി പൊതുസമൂഹത്തിന് പ്രയാസവും ശബ്ദ മലിനീകരണവും സൃഷ്ടിക്കുന്ന കാര്യങ്ങളെത്രയോ നടക്കുന്നുണ്ട് നാട്ടില്‍. വാഹനങ്ങളില്‍ നിന്നുള്ള ഹോണടിയും ശബ്ദങ്ങളും അസഹ്യമാണ് നഗരങ്ങളിലും പൊതുനിരത്തുകളിലും. ഹോണ്‍ മുഴക്കുന്നതില്‍ പരസ്പരം മത്സരിക്കുന്ന ഡ്രൈവര്‍മാരുടെ ചെയ്തിയില്‍ തകരുന്നത് വഴിയാത്രക്കാരുടെ ചെവിയാണ്. വന്‍ നഗരങ്ങളില്‍ രാത്രിയിലെ ശബ്ദ തീവ്രത ദുസ്സഹമാണെന്ന് പഠനങ്ങള്‍ പറയുന്നു. വന്‍ നഗരങ്ങളിലെ ശബ്ദതീവ്രത രാത്രികാലത്ത് 100 ഡെസിബെല്‍ ഉയരുന്നതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വാഹന ഗതാഗതമാണ് ഇതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഡല്‍ഹിയിലെ കീര്‍ത്തിനഗര്‍ മാര്‍ബിള്‍ മാര്‍ക്കറ്റില്‍ 125ഉം ഐ ടി ഒ പ്രദേശത്ത് 107ഉം ഡെസിബെല്‍ ശബ്ദമാണ് ചില രാത്രികളില്‍ രേഖപ്പെടുത്തിയത്. (ശബ്ദത്തിന്റെ അളവിനെ ഡെസിബെല്‍ എന്നാണ് വിളിക്കുന്നത്. സാധാരണയില്‍ ഒരു മനുഷ്യനു കേള്‍ക്കാന്‍ 20 ഡെസിബെല്‍ അളവിലുള്ള ശബ്ദം മതി)
തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ അനുഭവിക്കുന്ന ശബ്ദശല്യം ഇതിനേക്കാളേറെ ദുസ്സഹമാണ്. തെരുവുകളില്‍ നിരന്തരം വിവിധ പാര്‍ട്ടികളുടെ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പൊതുയോഗങ്ങള്‍. നാടാകെ ഉയര്‍ന്ന ശബ്ദത്തിലുള്ള ഉച്ചഭാഷിണിയുമായി പകല്‍, രാത്രി വ്യത്യാസമില്ലാതെ വാഹന പ്രചാരണം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ വോട്ടെടുപ്പിന്റെ രണ്ട് ദിവസം മുമ്പ് വരെ ജനങ്ങളുടെ സ്വൈരജീവിതം നഷ്ടപ്പെടുകയാണ്. എന്നാല്‍ ഇത്തരം ശബ്ദശല്യങ്ങളൊന്നും ആരും ഗൗരവതരമായ ചര്‍ച്ചക്ക് വിധേയമാക്കുകയോ കോടതികളില്‍ ചോദ്യം ചെയ്യപ്പെടുകയോ ചെയ്യാറില്ല. ആരാധനാലയങ്ങളിലെ വിശിഷ്യാ മുസ്‌ലിം പള്ളികളിലെ ഉച്ചഭാഷിണി പ്രയോഗത്തില്‍ മാത്രമാണ് പലര്‍ക്കും അസ്വസ്ഥത. പള്ളികളിലെ ബാങ്ക് ഒരു നേരം കേവലം രണ്ട് മിനുട്ട് മാത്രം.

അഞ്ച് നേരവും കൂടി കേവലം പത്ത് മിനുട്ട് മാത്രം. മണിക്കൂറുകളോളം തെരുവുകളില്‍ ഉച്ചഭാഷിണിയിലൂടെയുള്ള പ്രഭാഷണം കേള്‍ക്കുന്നവര്‍ക്കും കാതടപ്പിക്കുന്ന ഉച്ചത്തില്‍ നടത്തപ്പെടുന്ന ഗാനമേളകള്‍ കേട്ടാസ്വദിക്കുന്നവര്‍ക്കും രണ്ട് മിനുട്ട് ബാങ്ക് വിളിയാണ് വലിയ പ്രശ്‌നം.

ഇതിനിടെ ബോളിവുഡ് ഗായകന്‍ സോനുനിഗം പള്ളികളിലെ ബാങ്ക് വിളി നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തു വന്നിരുന്നു. തന്റെ ഉറക്കത്തിന് ഇത് പ്രയാസം സൃഷ്ടിക്കുന്നുവെന്നും അടുത്തുള്ള പള്ളികളിലെ ബാങ്ക്‌വിളി കേട്ട് മുസ്‌ലിമല്ലാത്ത തനിക്ക് അതിപുലര്‍ച്ചെ ഉണരേണ്ടി വരുന്നുവെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. അതേസമയം, സമീപ പ്രദേശക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന തരത്തില്‍ കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള ഉപകരണങ്ങളുപയോഗിച്ച് താന്‍ സംഗീത പരിപാടികള്‍ നടത്തുന്നുവെന്ന കാര്യം മനഃപൂര്‍വം അയാള്‍ വിസ്മരിക്കുന്നു. തൃശൂര്‍ പൂരംവെടിക്കെട്ടിന്റെ കാര്യത്തില്‍ 2016 ഏപ്രിലില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധി 120, 140 ഡെസിബെല്‍ ശബ്ദപരിധിയിലുള്ള വെടിക്കെട്ട് നടത്താമെന്നാണ്. മനുഷ്യ കര്‍ണപുടങ്ങള്‍ക്ക് താങ്ങാകുന്നതിലപ്പുറമാണ് ഈ അളവ്. എന്നിട്ടും അതിന് അനുമതി നല്‍കുന്ന ജുഡീഷ്യറി, ഇതിനേക്കാള്‍ എത്രയോ കുറഞ്ഞ ഡെസിബെല്‍ അളവിലുള്ള ബാങ്കിന്റെ വിഷയത്തിലെത്തുമ്പോള്‍ അതില്‍ പൊതുജനാരോഗ്യ പ്രശ്‌നവും പൊതുസമാധാന വിഘാതവുമൊക്കെ കാണുന്നു. ഇതെന്തു നീതി?

നിസ്‌കാരത്തിന് വിശ്വാസികളെ പള്ളിയിലേക്ക് ക്ഷണിക്കുകയും നിസ്‌കാര സമയമായെന്നു പ്രദേശക്കാരെ അറിയിക്കുകയുമാണ് ബാങ്കിന്റെ ലക്ഷ്യം. ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്കാണ് ഇതിനു കൂടുതല്‍ സഹായകരമെന്ന നിലയിലാണ് മുസ്‌ലിംകള്‍ ദശാബ്ദങ്ങളായി ഉച്ചഭാഷിണി ഉപയോഗിച്ചു വരുന്നത്. മുസ്‌ലിംകള്‍ക്കു മാത്രമല്ല, പലപ്പോഴും ഇതരമതസ്ഥര്‍ക്കും ഒരു അനുഗ്രഹമാണിത്. സമയ നിര്‍ണയത്തിന് പള്ളികളിലെ ബാങ്കിന് കാതോര്‍ക്കുന്ന എത്രയോ സഹോദര സമുദായാംഗങ്ങളുണ്ട്. രണ്ട് മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള ബാങ്ക് വിളി പൊതുസമൂഹത്തിനു ശല്യമാകുന്നുവെന്ന ആരോപണത്തിനു പിന്നില്‍ ഇസ്‌ലാമോഫോബിയയാണ്. ഇസ്‌ലാമിക ചിഹ്നങ്ങള്‍ക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്.

Latest