Covid19
റിയാദില്‍ നിന്നും കണ്ണൂരിലേക്കുള്ള വിമാനം പുറപ്പെട്ടു

ദമാം | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സഊദിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി റിയാദില്‍ നിന്നും കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു. ഏഴ് കുട്ടികളും 145 മുതിര്‍ന്നവരുമടക്കം 152 യാത്രക്കാരാണ് വിമാനത്തിലുള്ളത്. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സഊദി സമയം ഉച്ചക്ക് 12.46 നാണ് വിമാനം പുറപ്പെട്ടത്. രണ്ടാംഘട്ട വന്ദേഭാരത് മിഷന്റെ ഭാഗമായി ആദ്യമായാണ് സഊദിയില്‍ നിന്നും കണ്ണൂരിലേക്ക് വിമാനം സര്‍വീസ് നടത്തുന്നത്.
കൊവിഡ് ജാഗ്രതാ നടപടികള്‍ പൂര്‍ണമായും പാലിച്ചാണ് യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ചത്. വിമാനത്താവളത്തില്‍ രാവിലെ ഒമ്പതു മണിക്ക് മുമ്പു തന്നെ യാത്രക്കാര്‍ എത്തിച്ചേര്‍ന്നിരുന്നു. ഫേസ് മാസ്‌കുകള്‍, ഗ്ലൗസുകള്‍, സേഫ്റ്റി ഡ്രസ് (കവറോള്‍), സാനിറ്റൈസര്‍ എന്നിവ യാത്രക്കാര്‍ക്ക് നേരത്തെ തന്നെ സാമൂഹിക പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കിയിരുന്നു.
ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് യാത്രക്കാരെ തിരഞ്ഞെടുത്തത്. ഗര്‍ഭിണികള്‍, തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങുന്നവര്‍, സന്ദര്‍ശക വിസയിലെത്തിയവര്‍, വിസ കാലാവധി കഴിഞ്ഞവര്‍ തുടങ്ങിയവര്‍ക്കാണ് യാത്രക്ക് അനുമതി നല്‍കിയത്. വെള്ളിയാഴ്ച റിയാദില്‍ നിന്നും വിജയവാഡ വഴി ഹൈദരാബാദിലേക്ക് ഒരു വിമാന സര്‍വീസ് കൂടി നടത്തും. മെയ് 31 ന് റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് അവസാന സര്‍വീസ്.