Connect with us

Ongoing News

ഇപ്പോഴല്ലെങ്കിൽ എപ്പോഴാണ് ഓഫർ നേടൽ

Published

|

Last Updated

നാട്ടിലെ പൗര പ്രമുഖനായ വ്യക്തി ഇന്ന് എല്ലാവർക്കും പതിനായിരം രൂപ നൽകുന്നു. രാവിലെ ആറ് മണി മുതൽ എട്ട് മണി വരെയാണ് സമയം. എങ്കിൽ, കേട്ടവർ കേട്ടവർ വളരെ നേരത്തേതന്നെ ആ പൗരപ്രമുഖന്റെ വീടിന്റെ മുന്നിൽ ഇടം പിടിച്ചിട്ടുണ്ടാകും.
ലോകത്തെ സമ്പന്നനായ ഒരു മുതലാളി തന്റെ കീഴിലുള്ള മുഴുവൻ തൊഴിലാളികളോടും പറഞ്ഞു. “ഈ മാസത്തിൽ നിങ്ങൾ ജോലി ചെയ്താൽ രണ്ട് മാസത്തെ ശമ്പളം നൽകും. അതിൽ ഒരു ദിവസം ഉണ്ട്. ആ ദിനം നിങ്ങൾ ആത്മാർഥതയോടെ പ്രവർത്തിച്ചാൽ ഒരു ലക്ഷം രൂപ വീതം നൽകും. പക്ഷേ, ആ ദിനം ഏതാണെന്ന് പറയില്ല.”

തൊഴിലാളികളെന്ത് ചെയ്യും. ആ മാസത്തിലെ എല്ലാ ദിവസവും ആത്മാർഥമായി പ്രവർത്തിക്കും. ഇത് പോലെയാകണം നമ്മളും. ലോകത്തിന്റെ ഉടമയായ അല്ലാഹു അടിമകളായ നമുക്ക് നൽകിയ ഓഫറിന്റെ മാസമാണ് റമസാൻ. ഒരു ഫർളിന് 70 ഫർളിന്റെ കൂലിയും ഒരു സുന്നത്തിന് ഫർളിന്റെ കൂലിയും. മാത്രമല്ല, ഈ റമസാനിൽ ഒരു രാത്രിയുണ്ട്. ആ രാത്രിയിൽ ഒരു പ്രവൃത്തി ചെയ്താൽ ആയിരം മാസം ആ പ്രവൃത്തി ചെയ്ത പ്രതിഫലം ലഭിക്കും. അഥവാ ലൈലത്തുൽ ഖദ്ർ. ആ രാവ് എന്നാണെന്ന് വ്യക്തമാക്കിത്തന്നിട്ടില്ല. പരിശുദ്ധ റമസാനിലെ ഏത് രാവും ആകാം. എന്നാൽ, തിരുനബിയുടെ ജീവിതത്തിൽ നിന്നുള്ള സൂചനകൾ റമസാനിന്റെ അവസാന പത്തിലെ രാവുകളാണെന്നതാണ്. ആ പത്ത് രാവുകളാണ് നമ്മളിലേക്ക് ആഗതമായിരിക്കുന്നത്.
പത്ത് ദിനവും ആരാധനയിൽ കഴിഞ്ഞുകൂടണം. കഴിഞ്ഞ കാലങ്ങളിൽ ആ രാവ് പ്രതീക്ഷിച്ച് പള്ളികളിൽ നാം ഭജനമിരുന്നിരുന്നു (ഇഅ്തികാഫ്).
ഈ വർഷം പള്ളികൾ അടച്ചിട്ടതിനാൽ അത് ലഭിക്കുകയില്ലല്ലോയെന്ന് ആശങ്കപ്പെടേണ്ട. ഈ സാഹചര്യത്തിൽ സമാനമായ രീതിയിൽ നാം വീടുകളിലിരുന്ന് ആരാധനകളാൽ സമൃദ്ധമാക്കിയാൽ അതിന്റെ പ്രതിഫലം ലഭിക്കുമെന്ന് തീർച്ച.

ഒരിക്കൽ സ്വഹാബികൾ നബി (സ)യോട് ചോദിച്ചു. “നബിയേ, മുൻഗാമികളൊക്കെ ആയിരം വർഷം വരെ ജീവിച്ചു. പക്ഷേ, നമ്മൾ അറുപതോ എഴുപതോ വർഷം മാത്രമേ ജീവിക്കുകയുള്ളൂ. അവരുടെ അത്ര സുകൃതങ്ങൾ നമുക്ക് ചെയ്യാൻ കഴിയില്ലല്ലോ… അവർക്കും നമുക്കും പോകാനുള്ളത് ഒരേ സ്വർഗത്തിലേക്കാണ്. കൂടുതൽ പ്രതിഫലമുള്ളവർ അവരായിരിക്കില്ലേ.” “അതിന് പകരമായി നിങ്ങൾക്ക് ആയിരം മാസത്തേക്കാൾ പ്രതിഫലമുള്ള രാവ് നൽകപ്പെട്ടിരിക്കുന്നു. അത് സുകൃതങ്ങൾ കൊണ്ട് ധന്യമാക്കുക.” നബി (സ) മറുപടി പറഞ്ഞു.
ഓഫറുകൾ കരസ്ഥമാക്കാൻ എല്ലാ കല്യാണങ്ങളും മറ്റ് തിരക്കുകളും മാറ്റി നാം പോവില്ലേ…. എങ്ങനെയെങ്കിലും ഓഫർ കരസ്ഥമാക്കണം. അതായിരിക്കും നമ്മുടെ ചിന്ത. കഴിഞ്ഞ റമസാനിൽ നമുക്ക് പല തിരക്കുകളുമുണ്ടായിരുന്നു. ഷോപ്പിംഗിന്റെ പത്ത് തന്നെയായിരുന്നു അവസാനത്തെ പത്ത് പുണ്യമേറിയ രാവുകൾ. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ തുണിക്കടകൾ കയറിയിറങ്ങുകയായിരുന്നു. ഈ റമസാനിൽ തിരക്കുകൾ മാറ്റിവെക്കേണ്ടതില്ല. കാര്യമായ തിരക്കുകളൊന്നും ഇല്ല.

കൊറോണ മഹാമാരി മൂലം ലോകത്ത് ആയിരക്കണക്കിന് ആളുകൾ പട്ടിണി കിടക്കുകയാണ്. അതുകൊണ്ട് ഈ വർഷത്തെ പെരുന്നാളിന് വസ്ത്രം വാങ്ങുന്നത് സ്വാഗതാർഹമല്ല. ഈ വർഷത്തെ പെരുന്നാൾ മനസ്സിലാണ്. സഹജീവികൾക്കു വേണ്ടി പ്രാർഥിച്ചു തൗബ ചെയ്ത് ഇനിയുള്ള ദിനരാത്രങ്ങൾ സമൃദ്ധമാക്കുക. അതിന് കൂടുതൽ സൗകര്യപ്രദമായ സുവർണാവസരമാണ് ഇത്തവണ നമുക്ക് കൈവന്നിരിക്കുന്നത്. ഒഴിഞ്ഞിരുന്ന് നമ്മെ പടച്ച സൃഷ്ടാവിനോട് തേടാം.
മറ്റു വ്യപാരികൾ നിരാശപ്പെടരുത്. തങ്ങൾക്ക് ഏറ്റവുമധികം കച്ചവടമുണ്ടായിരുന്ന ദിനങ്ങളാണ് ലോക്ക്ഡൗണിൽ നഷ്ടപ്പെട്ടത്. എങ്കിലും, ഈ പ്രയാസത്തിൽ നിന്ന് വിജയത്തിന്റെ വാതിൽ തുറക്കപ്പെടും.

ഇതൊരു അസുലഭ മുഹൂർത്തമാക്കിമാറ്റാം.
ഓഫർ നമ്മുടെ വീട്ടുകാർക്കും കരഗതമാകാൻ വഴിയൊരുക്കണം.
ടെക്സ്റ്റൈൽസ്, റീചാർജ്, വീട്ടുപകരണങ്ങൾ തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലയിലും ഓഫറുകൾ തേടി പോകുന്നവരാണ് നമ്മളോരോരുത്തരും.
ആഖിറത്തിലേക്കുള്ള വിജയത്തിന് നിർണായക ഹേതുവായേക്കാവുന്ന റമസാനിലെ ഈ ഓഫർ മെസ്സേജ് കാണാതെ പോകരുത്. അടുത്ത മെസ്സേജ് കാണാൻ വിധിയില്ലെങ്കി
ലോ…