Connect with us

Ongoing News

നെല്ലിക്കുത്ത്: പണ്ഡിതരാൽ സമൃദ്ധമീ മണ്ണ്

Published

|

Last Updated

ആലി മുസ്്ലിയാർ സ്മാരകം

കിടയറ്റ പണ്ഡിതരുടെ സാന്നിധ്യത്താൽ പൊന്നാനി ദേശം മലബാറിന്റെ മക്കയെന്ന അപരനാമത്തിൽ അറിയപ്പെട്ടപ്പോൾ രണ്ടാം പൊന്നാനിയെന്ന ഖ്യാതി നേടിയ നാടാണ് നെല്ലിക്കുത്ത്. ഏറനാട് താലൂക്കിലെ പയ്യനാട് വില്ലേജിലെ നെല്ലിക്കുത്ത് സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലും വിസ്മരിക്കാനാകാത്ത ഭൂമികയാണ്. കടലുണ്ടിപ്പുഴയും കാക്കത്തോടും അതിരിട്ട് കിടക്കുന്ന ഈ പ്രദേശത്തിന് ത്യാഗ പൂർണമായ പൈതൃകം അവകാശപ്പെടാനുണ്ട്. നെടുവത്ത് ദേവസ്വത്തിന്റെയും പടിഞ്ഞാറെ കോവിലകത്തിന്റെയും അധീനതയിലായിരുന്നത്രെ ഈ പ്രദേശം. ഫലഭൂയിഷ്ഠമായ ഈ പ്രദേശം കുടിയാന്മാർക്ക് വിളയിറക്കുന്നതിനായി നെല്ലിമരത്തിന്റെ കമ്പുകൾ കുത്തി നിർത്തി അതിര് നിർണയിച്ച് നൽകിയിരുന്നു.
നെല്ലിക്കമ്പ് കുത്തിനിർത്തിയ സ്ഥലം “നെല്ലി കുത്തി” എന്നും പിന്നീടത് നെല്ലിക്കുത്തായി ലോപിക്കുകയായിരുന്നെന്നും പഴമക്കാർ പറയുന്നു. പഴമക്കാരുടെ വാമൊഴിയല്ലാതെ ഇതിന് രേഖാപരമായ തെളിവൊന്നുമില്ല. പണ്ഡിതരുടെ സാന്നിധ്യത്താലും പൊന്നാനി പള്ളിയിലെ ആചാരാനുഷ്ഠാനങ്ങൾ അതേപടി നെല്ലിക്കുത്ത് പള്ളിയിൽ നിലനിന്നതിനാലുമാണ് നെല്ലിക്കുത്ത് രണ്ടാം പൊന്നാനി എന്നറിയപ്പെട്ടത്.

സ്വാതന്ത്ര്യ സമരസേനാനിയും ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖുമായ മർഹൂം ഏരിക്കുന്നൻ ആലി മുസ്‌ലിയാർ പണ്ഡിത ലോകത്തെ തുല്യതയില്ലാത്ത പ്രതിഭയാണ്.
ഹിജ്‌റ 1270ൽ ജനിച്ച ആലി മുസ്‌ലിയാർ നാട്ടിൽനിന്ന് തന്നെ പ്രാഥമിക വിദ്യാഭ്യാസം നേടി. ശേഷം പത്ത് വർഷം പൊന്നാനി ദർസിൽ പഠിക്കുകയും ശേഷം മക്കയിൽ നിന്നും മുഹമ്മദ് ഹബ്ശിൽ മക്കിയ്യി, ഇമാം സയ്യിദ് സൈനി ദഹ്ലാൻ തുടങ്ങിയ ഗുരുനാഥന്മാരുടെ കീഴിൽ ഏഴ് വർഷവും മുതഅല്ലിമായി പഠനസപര്യ തുടർന്നു. കേരളത്തിൽ തിരിച്ചെത്തി ദർസീ രംഗത്ത് സജീവമായ ആലി മുസ്‌ലിയാർ 1920 ൽ ഖിലാഫത്ത് കമ്മിറ്റി രൂപവത്കരിച്ചപ്പോൾ വൈസ് പ്രസിഡന്റായി അധിനിവേശ വിരുദ്ധ പോരാട്ടത്തിൽ സജീവമായി.

1921 ആഗസ്റ്റ് ഒന്നിന് നടന്ന തിരൂരങ്ങാടി ലഹളയിൽ ഒരു വലിയ സമൂഹത്തിന്റെയും പള്ളിയുടെയും സംരക്ഷണം കണക്കിലെടുത്ത് ആലിമുസ്‌ലിയാർ കീഴടങ്ങുകയായിരുന്നു. ആലി മുസ്്ലിയാരെയും 12 അനുയായികളെയും അറസ്റ്റ് ചെയ്ത് കോയമ്പത്തൂർ ജയിലിലേക്ക് മാറ്റി. 1922 ഫെബ്രുവരി 17ന് ആലി മുസ്്ലിയാരെയും കൂട്ടുകാരെയും തൂക്കിലേറ്റാൻ വിധിച്ചു.
എന്നാൽ വിധി നടപ്പാക്കും മുമ്പ് തന്നെ പ്രസ്തുത ദിവസം രാവിലെ സുജൂദിൽ കിടന്ന് ആലി മുസ്്ലിയാർ നാഥന്റെ സന്നിധിയിലേക്ക് മടങ്ങിയിരുന്നു.
എന്നാൽ ബ്രിട്ടീഷ് കോടതി തൂക്കിലേറ്റിയതായി രേഖയുണ്ടാക്കി. ചരിത്രം ഇന്നും ആ കള്ളവും പേറി നടക്കുന്നു. മേട്ടുപ്പാളയം റോഡിലെ ശുക്രാൻ പേട്ടയിൽ ഹൈദരലി ടിപ്പു ഖബർസ്ഥാനിലാണ് അന്ത്യവിശ്രമം.

ഇസ്്ലാമിക ലോകത്തിന് കനപ്പെട്ട രചനകൾ സമ്മാനിച്ച തൂലികകളുടെ വിളനിലമാണ് നെല്ലിക്കുത്ത്. പുള്ളിയില്ലാത്ത അറബി അക്ഷരങ്ങൾ മാത്രം കോർത്തിണക്കി “അൽ മിസ്‌കുൽ മുഅത്വർ ലി മദ്ഹിറസൂലിൽ മുത്വഹർ” എന്ന പേരിൽ പ്രവാചക മദ്ഹ് എഴുതിയ അബു റഹ്മ മുഹമ്മദുൽ ഫൈഹി (വഫാത് ഹിജ്‌റ 1363) കാവ്യലോകത്തിന് മുമ്പിൽ ഇന്നും ഒരത്ഭുതമായി നിലനിൽക്കുന്നു.

അറബിയിലും മലയാളത്തിലുമായി നിരവധി രചനകൾ കൊണ്ട് രചനാ ലോകത്തെ വിസ്മയിപ്പിച്ച ശൈഖുൽ ഹദീസ് നെല്ലിക്കുത്ത് ഉസ്താദ് (വഫാത് 2011 ഏപ്രിൽ മൂന്ന്), ചരിത്രപഠനത്തിന് പുതിയ ദിശാബോധം നൽകിയ ചരിത്ര പണ്ഡിതൻ മുഹമ്മദലി മുസ്‌ലിയാർ, (വഫാത് 2007 ആഗസ്റ്റ് ഏഴ്) ഒട്ടേറെ ബൈതുകളും അനുശോചന കാവ്യങ്ങളും രചിച്ച പണ്ഡിത വര്യർ ബാപ്പുട്ടി മുസ്‌ലിയാർ, (വഫാത് ഹിജ്‌റ 1403) തുടങ്ങി അനേകം പണ്ഡിത കേസരികളും ബ്രട്ടീഷ് ഭരണ കൂടത്തിന്റെ പേടി സ്വപ്‌നം ഏറനാടിന്റെ ഖിലാഫത്ത് ഭരണാധികാരി വാരിയൻകുന്നത്ത് ചക്കിപ്പറമ്പൻ കുഞ്ഞഹമ്മദാജി (വഫാത്: 1922 ജനുവരി 30) യെ പോലോത്ത ഉമറാക്കളും ഈ നാടിന്റെ സംഭാവനകളാണ്.

ബിദ്അത്ത് പ്രസ്ഥാനങ്ങൾക്ക് വളക്കൂറില്ലാത്ത ഈ മണ്ണ് സുന്നത്ത് ജമാഅത്തിന്റെ ശക്തികേന്ദ്രമാണ്. പലപ്പോഴായി പല ബിദഇ പ്രസ്ഥാനങ്ങളും ഇവിടെ ഭിന്നിപ്പിന് ശ്രമിച്ചെങ്കിലും പണ്ഡിതർക്ക് പിന്നിൽ ഉമറാക്കളും ഉറച്ച് നിന്നതോടെ അവർക്കെല്ലാം പത്തിമടക്കേണ്ടി വന്നു.

Latest