Covid19
പ്രധാന മന്ത്രി പ്രഖ്യാപിച്ച പാക്കേജ് രാജ്യത്തിനായുള്ള സമഗ്ര ദര്‍ശനം: കേന്ദ്ര ധനമന്ത്രി

ന്യൂഡല്‍ഹി | പ്രധാന മന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് രാജ്യത്തിനായുള്ള സമഗ്ര ദര്‍ശനമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തിനായുള്ള ഈ പ്രഖ്യാപനത്തിലൂടെ പുതിയ കാഴ്ചപ്പാടിന് അടിത്തറ പാകിയിരിക്കുകയാണ്. നിരവധി പേരുമായുള്ള ചര്‍ച്ചകള്‍ക്കും നിരന്തരമായ കൂടിയാലോചനകള്‍ക്കും ശേഷമാണ് പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്. വിവിധ മന്ത്രാലയങ്ങളുടെ വിശദീകരണവും പ്രധാന മന്ത്രി കണക്കിലെടുത്തു. ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികള്‍ അടങ്ങിയ പാക്കേജ് സമൂഹത്തിന്റെ സമഗ്ര വികസനവും സ്വയംപര്യാപ്ത ഇന്ത്യയെ സൃഷ്ടിക്കലും ലക്ഷ്യം വച്ചുള്ളതാണ്.
ലോകത്തിനു മുന്നില്‍ ആത്മവിശ്വാസമുള്ള ഇന്ത്യക്കായാണ് പാക്കേജ്. ഭൂമി, തൊഴില്‍, പണലഭ്യത, നിയമം എന്നിവക്കാണ് ഇതില്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്. പാക്കേജ് സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കും. സ്വാശ്രയത്വം രാജ്യത്തെ ലോകത്തു നിന്ന് മാറ്റിനിര്‍ത്തലല്ലെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ച മറ്റു പ്രധാന കാര്യങ്ങള്‍:
- ചെറുകിട ഇടത്തരം മേഖലക്ക് മൂന്ന് ലക്ഷം കോടിയുടെ ഈടില്ലാത്ത വായ്പ. കൊളാറ്ററല്‍ സെക്യൂരിറ്റിയില്ലാതെയാണ് വായ്പ. 45 ലക്ഷം ചെറുകിട ഇടത്തരം മേഖലക്ക് ഇത് പ്രയോജനം ചെയ്യും.
- പീഡിത ചെറുകിട വ്യവസായങ്ങള്‍ക്ക് 20,000 കോടി.
- ചെറുകിട-ഇടത്തരം പട്ടികയിലേക്ക് കൂടുതല്‍ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തും. ഇതിലൂടെ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് പാക്കേജിന്റെ പ്രയോജനം ലഭിക്കും.
- 200 കോടി വരെ ആഗോള ടെന്‍ഡറുണ്ടാകില്ല. ടെന്‍ഡറുകളില്‍ ഇന്ത്യന്‍ കമ്പനികള്‍ മാത്രം. ചെറുകിട ഇടത്തരം വ്യവസായങ്ങളെ സഹായിക്കാനാണ് ഈ തീരുമാനം.
- ചെറുകിട വ്യവസായ വികസനത്തിന് 10,000 കോടി.
- ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ വായ്പകള്‍ക്ക് നാലു വര്‍ഷം വരെ മൊറട്ടോറിയം.
- 20 കോടി രൂപ നിക്ഷേപമുള്ളതിനെ ഇടത്തരം വ്യവസായമായി പരിഗണിക്കും. 10 കോടി രൂപ വരെ നിക്ഷേപമുള്ളത് ചെറുകിട വ്യവസായം. ഒരുകോടി രൂപ വരെ നിക്ഷേപമുള്ളത് സൂക്ഷ്മ വ്യവസായം.
- സൂക്ഷ്മ വ്യവസായങ്ങളുടെ വിറ്റുവരവ് പരിധി അഞ്ചു കോടി രൂപയായിരിക്കും. കൂടുതല്‍ നിക്ഷേപകരെ പദ്ധതിയുടെ പരിധിയിലാക്കും.
- ഇ വിപണിയുമായി ചെറുകിട-ഇടത്തരം വ്യവസായങ്ങളെ ബന്ധിപ്പിക്കും.
- സേവന-ഉത്പാദന മേഖലകള്‍ തമ്മില്‍ വേര്‍തിരിവുണ്ടാവില്ല.
- പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് ലോകമൂല്യം ഉണ്ടാക്കും. പ്രാദേശിക ബ്രാന്‍ഡുകള്‍ രാജ്യ നിലവാരത്തിലാക്കും.
- നികുതിദായകര്‍ക്ക് 18,000 കോടിയുടെ ആശ്വാസം നല്‍കാനായി.
- പ്രതിസന്ധി കാലത്ത് റിസര്‍വ് ബേങ്ക് പണലഭ്യത ഉറപ്പുവരുത്തി.
- പൊതു മേഖലാ ബേങ്കുകളുടെ കിട്ടാക്കടം കുറയ്ക്കാന്‍ സാധിച്ചു.
- ലോക്ക് ഡൗണ്‍ സമയത്ത് കൃഷിക്കാര്‍ക്ക് സഹായം നല്‍കാനും ധനസഹായം ആവശ്യക്കാരിലേക്ക് നേരിട്ടെത്തിക്കാനും കഴിഞ്ഞു.
- ചെറുകിട ഇന്‍ഷ്വറന്‍സുകള്‍ നിരവധി പേര്‍ക്ക് സഹായകമായി.
- 52,600 കോടി രൂപ ജന്‍ധന്‍ അക്കൗണ്ട് വഴി വിതരണം ചെയ്തു.
തൊഴിലാളികളുടെ ഇ പി എഫ് വിഹിതം മൂന്നു വര്‍ഷം കൂടി കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. 2500 കോടി രൂപ പദ്ധതിക്കായി മാറ്റിവച്ചു. - ഓഹരി മൂലധനമായി 50,000 കോടി രൂപ ലഭ്യമാക്കും.
- ആദായ നികുതി റിട്ടേണ്‍ വഴി 18000 കോടി രൂപ തിരികെ നല്‍കി.
- കേന്ദ്ര സര്‍ക്കാര്‍-പൊതു മേഖലാ സ്ഥാപനങ്ങളുടെ കുടിശ്ശിക 45 ദിവസത്തിനകം തീര്‍ക്കും.
- 71,738 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു.