Covid19
പാസില്ലാതെ വാളയാറിലെത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ്
പാലക്കാട് | കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശി വാളയാര്‍ കടന്നത് പാസില്ലാതെ. വാളയാറില്‍ പാസില്ലാതെ എത്തിയവരെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ സമരം നടത്തുമ്പോള്‍ ഇയാള്‍ അവിടെ ഉണ്ടായിരുന്നതായാണ് വിവരം. എം പിമാരായ വി കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍, എം എല്‍ എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര എന്നിവരുമായി ഇയാള്‍ അടുത്തിടപഴകിയതായും റിപ്പോര്‍ട്ട്. ഇതോടെ സമരത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് നേതാക്കള്‍ നിരീക്ഷണത്തില്‍ പോകേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച സൂചന ആരോഗ്യമന്ത്രി കെ കെ ശൈലജ നല്‍കി. സമരക്കാര്‍ അടക്കം ആരായാലും കൊവിഡ് രോഗിയുമായി സമ്പര്‍ക്കം ഉണ്ടായ എല്ലാവരുടേയും നിരീക്ഷണം വേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.
ചെന്നൈയില്‍ കൊട്ടിപ്പാക്കത്ത് ജ്യൂസ് കട നടത്തുന്നയാളാണ് രോഗം സ്ഥിരീകരിച്ച 46കാരനായ മലപ്പുറം സ്വദേശി. ചെന്നൈയില്‍ വിവിധ തരത്തിലുള്ള കടകള്‍ നടത്തിവന്ന പത്ത് പേര്‍ക്കൊപ്പമാണ് ഇയാളും എത്തിയത്. ഈ മാസം എട്ടിന് ചെന്നൈയില്‍ നിന്ന് തിരിച്ച ഒമ്പതിനാണ് വാളയാറിലെത്തിയത്. ഇവര്‍ക്ക് പാസില്ലായിരുന്നു. തുടര്‍ന്ന് ഇവരടക്കമുള്ള അതിര്‍ത്തിയിലെത്തിയവരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധം നടത്തിയത്.
കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഇയാള്‍ പങ്കെടുത്തിരുന്നു. രാത്രി വൈകി ഇയാള്‍ ഛര്‍ദിച്ചു. ഇയാള്‍ക്കൊപ്പം എത്തിയ സംഘത്തിലെ കോഴിക്കോട് സ്വദേശിക്കും രാത്രിയോടെ രോഗലക്ഷണം കണ്ടു. ഇരുവരേയും ആംബുലന്‍സില്‍ ഉടന്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരെ വാളയാറില്‍ എത്തിച്ച വാഹനത്തിന്റെ ഡ്രൈവറുടെ സ്രവവും പരിശോധനക്ക് അയച്ചിട്ടുണ്ട്.





