Connect with us

Covid19

സംസ്ഥാനത്ത് അഞ്ച് പേര്‍ക്കുകൂടി കൊവിഡ് ; രോഗമുക്തരില്ല

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 5 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 3, പത്തനംതിട്ട, കോട്ടയം ഒന്ന് വീതം എന്നിങ്ങനെയാണ് കണക്ക്.സംസ്ഥാനത്ത് ഇപ്പോള്‍ 32 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്

ഇതില്‍ നാല് പേര്‍ വിദേശത്തുനിന്നും ഒരാള്‍ ചെന്നൈയില്‍നിന്നും വന്നതാണ്. ഇന്ന് സംസ്ഥാനത്ത് ആരും രോഗമുക്തി നേടിയിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു

സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നതിന്റെ തോത് പ്രവചനാതീതമാണ്. കാസര്‍കോട്ട് ഒരാളില്‍നിന്ന് 22 പേര്‍ക്കും കണ്ണൂരില്‍ ഒരാളില്‍നിന്ന് ഒമ്പതു പേര്‍ക്കും വയനാട്ടില്‍ ആറു പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ പകര്‍ന്നു. സംസ്ഥാനത്ത് ഇതുവരെ 70% പേര്‍ക്ക് പുറത്തുനിന്നും 30% പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ചികിത്സയിലുള്ള 32 പേരില്‍ 23 പേര്‍ക്കും സംസ്ഥാനത്തിനു പുറത്തുനിന്നാണ് രോഗം പിടിച്ചത്. 11 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. ചെന്നൈ 6, മഹാരാഷ്ട്ര 4, നിസാമുദീന്‍ 2. സമ്പര്‍ക്കത്തിലൂടെ 9 പേര്‍ക്കും രോഗം ബാധിച്ചു. ഇതില്‍ 6 പേര്‍ വയനാട്ടിലാണ്. ചെന്നൈയില്‍നിന്ന് വന്ന ഡ്രൈവറുടെ കുടുംബത്തിലെ മൂന്നു പേര്‍, സഹ ഡ്രൈവറുടെ മകന്‍, സമ്പര്‍ക്കത്തില്‍വന്ന മറ്റ് 2 പേര്‍ എന്നിവര്‍ക്കാണ് രോഗം. വയനാടിന് പുറത്ത് സമ്പര്‍ക്കത്തില്‍ രോഗബാധയുണ്ടായ മൂന്നു പേരും ഗള്‍ഫില്‍നിന്ന് വന്നവരുടെ ഉറ്റവരാണ്.

കൊവിഡ് വൈറസ് ബാധ രാജ്യത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. തുടര്‍ന്നുള്ള രോഗവ്യാപനം തടയാനാണ് സംസ്ഥാനം പിന്നീടു ശ്രമിച്ചത്. നമുക്കതിന് കഴിഞ്ഞു. ഇപ്പോള്‍ കൊവിഡ് പ്രതിരോധത്തിന്റെ പുതിയ ഘട്ടത്തിലേക്കാണു കടക്കുന്നത്. പ്രവാസികളായ സഹോദരങ്ങള്‍ തിരിച്ചെത്തിത്തുടങ്ങി. ഈ ആഴ്ച മുതല്‍ കൂടുതല്‍ പേര്‍ എത്തും. രോഗബാധിത മേഖലകളില്‍നിന്ന് വരുന്നവരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുക, സമൂഹവ്യാപനം അകറ്റുക ഇതൊക്കെയാണു മുന്നിലുള്ള ലക്ഷ്യങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Latest