Connect with us

Covid19

ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേരും മലപ്പുറത്തുകാര്‍; ചികിത്സ മറ്റ് ജില്ലകളില്‍

Published

|

Last Updated

മലപ്പുറം |  കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്ന് എത്തി ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേരും മലപ്പുറം ജില്ലക്കാര്‍. കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശിയായ 39 കാരനും എടപ്പാള്‍ നടുവട്ടം സ്വദേശിയായ 24 കാരനുമാണ് രോഗബാധിതരെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ചാപ്പനങ്ങാടി സ്വദേശി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും നടുവട്ടം സ്വദേശി എറണാകുളം കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണുള്ളത്.

വ്യാഴാഴ്ച ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശി വൃക്ക രോഗത്തിന് ചികിത്സയില്‍ കഴിയുന്നയാളാണ്. ഇയാള്‍അജ്മാനില്‍ സ്വകാര്യ കമ്പനിയില്‍ പി ആര്‍ ഒ ആയി ജോലിചെയ്യുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തുടര്‍ ചികിത്സയ്ക്കായാണ് ഇയാള്‍ നാട്ടിലെത്തിയത്. മെയ് ഏഴിന് രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങി പരിശോധനകള്‍ പൂര്‍ത്തിയാക്കി മെയ് എട്ടിന് പുലര്‍ച്ചെ 1.30 ന് പ്രത്യേകം സജ്ജമാക്കിയ 108 ആമ്പുലന്‍സില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. രാവിലെ സാമ്പിള്‍ പരിശോധനക്ക് അയച്ചതിന് ശേഷം ഇന്ന് വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

കൊച്ചിയില്‍ ചികിത്സയിലുള്ള എടപ്പാള്‍ നടുവട്ടം സ്വദേശി അബുദബി മുസഫയില്‍ സ്വകാര്യ ക്ലിനിക്കില്‍ റിസപ്ഷനിസ്റ്റാണ്. മെയ് ഏഴിന് രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി. ഒരാഴ്ച മുമ്പ് പനിയുണ്ടായിരുന്നെന്ന വിവരത്തെ തുടര്‍ന്ന് രാത്രി 11 മണിയോടെ ആരോഗ്യ വകുപ്പിന്റെ 108 ആംബുലന്‍സില്‍ കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാക്കി. മെയ് എട്ടിന് രാവിലെ സാമ്പിള്‍ പരിശോധനക്ക് അയച്ചു. ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു.

വിമാനത്തില്‍ ഇവരോടൊപ്പം എത്തിയവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ ജാഗ്രത ഉറപ്പാക്കി പ്രത്യേക നിരീക്ഷണത്തില്‍ തുടരുകയാണ്. ഇവരുമായി ആരോഗ്യ വകുപ്പ് നേരിട്ട് ദിവസേന ബന്ധപ്പെടുന്നുണ്ട്. എങ്കിലും വീടുകളില്‍ കഴിയുന്നവരില്‍ ആര്‍ക്കെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രേള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കണ്‍ട്രോള്‍ സെല്‍ നമ്പര്‍ 0483 2737858, 2737857, 2733251, 2733252, 2733253.

 

---- facebook comment plugin here -----

Latest