കൊവിഡിനെതിരായ പോരാട്ടത്തില്‍ കേരളം ലോകത്തിന് മാതൃക: ഗവര്‍ണര്‍

Posted on: May 9, 2020 4:58 pm | Last updated: May 10, 2020 at 9:07 am

തിരുവനന്തപുരം |  കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാറിനെ പ്രശംസകൊണ്ട് മൂടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊവിഡിനെതിരായ പോരാട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. പോലീസിന്റെ ബോധവത്ക്കരണവും സ്വന്തം ജീവന്‍ പണയം വെച്ചുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സേവനവും എല്ലാംകൂടി ചേര്‍ന്നപ്പോള്‍ വിജയം കൈവരിക്കാന്‍ കഴിഞ്ഞു.

കൊവിഡിനെതിരായ കേരളത്തിന്റെ ഈ പൊരുതല്‍ ലോകത്തിന് മാതൃകയാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കൊവിഡ് പ്രതിസന്ധിഘട്ടം കഴിഞ്ഞിട്ടില്ലെങ്കിലും ലോക്ക്ഡൗണിലടക്കം മറ്റ് സംസ്ഥാനങ്ങളും കേരളത്തെ മാതൃകയാക്കണമെന്നും അദ്ദേഹം സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

പ്രവാസികളെ തിരിച്ചെത്തിക്കാന്‍ ഒരു മാസം മുമ്പ് തന്നെ കേരളം തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. മികച്ച ഇടപെടലാണ് ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികളെ കൊണ്ടുവരാന്‍ വ്യക്തിപരമായി ഇടപെടും. വിഷയത്തില്‍ മറ്റ് സംസ്ഥാന സര്‍ക്കാറരുകളുമായി ചര്‍ച്ച നടത്തും. കേന്ദ്രസംസ്ഥാന സര്‍ക്കാറരുകള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഗൗരവത്തോടെ തന്നെയാണ് കൊവിഡിനെ സമീപിച്ചത്.

കേരളം കൂടുതല്‍ കേന്ദ്ര സഹായം അര്‍ഹിക്കുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന സാലറി കട്ടില്‍ തെറ്റില്ല. സ്പ്രിംക്ലര്‍ കരാറിലും ഗവര്‍ണര്‍ സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നു. സ്പ്രിംക്ലര്‍ വിഷയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നെന്നും ഡാറ്റ ചോരില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.