Connect with us

Covid19

അയല്‍ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ ഇന്ന് മുതല്‍ കേരളത്തിലേക്ക്

Published

|

Last Updated

തിരുവനന്തപുരം |  കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനിടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ ഇന്ന് മുതല്‍ എത്തി തുടങ്ങും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാകും ആദ്യം എത്തുക. കേരളത്തിലേക്കു വരാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് യാത്രാപാസ് നല്‍കി നല്‍കിയത്. ആരോഗ്യപരിശോധന, വാഹനങ്ങള്‍ അണുവിമുക്തമാക്കല്‍ തുടങ്ങി സംസ്ഥാനത്തേക്കു കടത്തിവിടുന്നതിനുമുമ്പ് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കൃത്യമായ രൂപരേഖ ഇതിനകം തയ്യാറാക്കി.

സംസ്ഥാന അതിര്‍ത്തിയിലെ ആറു പ്രവേശന കവാടങ്ങളായ തിരുവനന്തപുരത്തെ ഇഞ്ചിവിള, കൊല്ലം ആര്യങ്കാവ്, ഇടുക്കിയിലെ കുമളി, പാലക്കാട്ടെ വാളയാര്‍, വയനാട്ടിലെ മുത്തങ്ങ, കാസര്‍കോട്ടെ മഞ്ചേശ്വരം എന്നിവിടങ്ങളില്‍ ഒരുക്കള്‍ പൂര്‍ത്തിയായി. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുമണിവരെയാണ് അതിര്‍ത്തിയിലെത്താനുള്ള അനുമതി. ഇന്ന് മുത്തങ്ങ ഒഴികെയുള്ള സ്ഥലങ്ങളില്‍ രാവിലെ മുതല്‍ ആളുകളെത്തും. മുത്തങ്ങയില്‍ പരിശോധനക്കുള്ള ഒരുക്കങ്ങള്‍ കുറച്ചുകൂടി പൂര്‍ത്തിയാക്കാനുള്ളതിനാല്‍ ഉച്ചമുതലേ നടപടി തുടങ്ങൂ.

മടങ്ങിവരാന്‍ 1,50,054 പേരാണ് ഇതിനകം നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പാസ് ലഭിച്ചശേഷമേ യാത്ര പുറപ്പെടാന്‍ പാടുള്ളൂവെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം. സംസ്ഥാനത്തിന്റെ പരിശോധന പൂര്‍ത്തിയാക്കിയശേഷം രോഗലക്ഷണമില്ലാത്തവരെ വീടുകളിലോ പ്രത്യേക കേന്ദ്രത്തിലോ നിരീക്ഷണത്തിലാക്കും. ഇവരെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പിന്തുടരും. പ്രാദേശികമായി ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷിക്കുകയും ചെയ്യും.

അതിര്‍ത്തി വഴി വരുന്നവര്‍ യാത്രാ പെര്‍മിറ്റ് കരുതണം. അഞ്ചു സീറ്റ് വാഹനത്തില്‍ നാലു പേര്‍, ഏഴു സീറ്റ് വാഹനത്തില്‍ അഞ്ചു പേര്‍, വാനില്‍ പത്തു പേര്‍, ബസില്‍ 25 പേര്‍ എന്നിങ്ങനെയാണ് യാത്ര ചെയ്യേണ്ടത്. പുറപ്പെടുന്ന സംസ്ഥാനങ്ങളില്‍നിന്ന് യാത്രാനുമതി വേണമെങ്കില്‍ അത് നേടണം. അതിര്‍ത്തിവരെ വാടക വാഹനത്തിലും ശേഷം മറ്റൊരു വാഹനത്തിലും യാത്രചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ അതിനുള്ള വാഹനം ക്രമീകരിക്കണം. കൂട്ടിക്കൊണ്ടുപോകാനുള്ള വാഹനത്തില്‍ ഡ്രൈവര്‍ മാത്രമേ പാടുള്ളൂ. ഈ ഡ്രൈവര്‍ വെബ്‌സൈറ്റിലൂടെ അതത് കലക്ടര്‍മാരില്‍നിന്ന് എമര്‍ജന്‍സി പാസ് നേടിയിരിക്കണം.