Connect with us

Malappuram

പടയോട്ട ചരിത്രത്തിന് സാക്ഷിയായി ഊരകം മല

Published

|

Last Updated

ഊരകം മല

ബ്രിട്ടീഷ് സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ സമര പോരാട്ട ചരിത്രത്തിലെ ശേഷിപ്പുകളുടെയും സ്ഥല നാമങ്ങളുടെയും നേർകാഴ്ചകളാണ് ഊരകം മല. ദേശ സ്‌നേഹികളായ മാപ്പിള യോദ്ധാക്കൾ ചരിത്രം രചിച്ച ചേറൂർ പടയുടെ സ്ഥലമായ ചേറൂരിന്റെ ഭാഗങ്ങളിൽ നിന്നാണ് ഊരകം മല തുടങ്ങുന്നത്. കലാപ സമയത്ത് മമ്പുറം സയ്യിദ് അലവി തങ്ങളും പോരാളികളും ഒളിത്താവളമാക്കിയിരുന്നത് ഊരകം മലയെയാണ്. തങ്ങൾ ഒളിവ് കാലത്ത് അംഗസ്‌നാനം ചെയ്യാൻ പാറയിൽ അടിച്ച് രൂപപ്പെട്ട പാറ പിളർപ്പിലൂടെ വെള്ളം ഒഴുകിയതായി പറയപ്പെടുന്ന തോണിക്കുഴി, മമ്പുറം തങ്ങൾ ഇക്കാലത്ത് നിസ്‌ക്കരിച്ചിരുന്നുവെന്ന് പറയപ്പെടുന്ന അടയാളപ്പാറ എന്നിവയും ഈ മലയുടെ ഭാഗങ്ങളിലാണ്.

ബ്രിട്ടീഷുകാർ വെടിയുതിർത്തപ്പോൾ യുദ്ധ തന്ത്രത്തിന്റെ ഭാഗമായി തങ്ങൾ വസ്ത്രം പാറകെട്ടിലിടുകയും തങ്ങളാണെന്ന് കരുതി ബ്രിട്ടീഷുകാർ വസ്ത്രത്തിന് വെടിവെച്ച് പാറയിൽ വെടിത്തുളകൾ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു . ഈ സ്ഥലത്തെ തുളപ്പാറ എന്ന് വിളിച്ചു.

അധിനിവേഷ പോരാട്ടത്തിൽ ബ്രിട്ടീഷുകാർ ഒളിത്താവളമാക്കിയിരുന്നത് ഒരു കുളത്തിലാണ് ചേനക്കുളം എന്ന് വിളിക്കുന്ന ഈ സ്ഥലവും ഊരകം മലയുടെ ഭാഗമാണ്. ടൂറിസം മാപ്പിൽ ഇടം പിടിച്ച ഊരകം മലയിലെ ചെരുപ്പടിമലയുടെ പേരിലും മമ്പുറം സയ്യിദ് അലവി തങ്ങളുടെ കാലഘട്ടവുമായി ബന്ധമുള്ളതായി പഴമക്കാർ പറയുന്നു. കശ്മീർ താഴ്‌വരയെ ഓര്‍മിപ്പിക്കുന്ന ഊരകം മലയിലേ താഴ്‌വരയായ കിളിനക്കോട് കാശ്മീരിന്റെ പേരിലുമുണ്ട് ഏറെ കൗതുകം.

ഊരകം മലയുടെ ഭാഗങ്ങളെല്ലാം പ്രകൃതി ചൂഷണം കൊണ്ട് ഗർത്തങ്ങളായപ്പോൾ പോരാട്ട ചരിത്രത്തിന്റെ പല ഭാഗങ്ങളും വിളിപ്പേരിൽ മാത്രമായി ഒതുങ്ങി. കരിങ്കൽ ഖനനത്തിൽ പേരിനോട് ചേർന്ന പല സ്മാരകങ്ങളും മാഞ്ഞ് പോയി. എങ്കിലും കാർഷികവൃത്തിക്ക് പേരുകേട്ട ഈ മലയിൽ വിയർപ്പിനൊപ്പം പോരാട്ടത്തിന്റെയും ഗന്ധമുണ്ട്. ഇന്ന് അപ്രത്യക്ഷമായ പല സ്ഥല പേരുകളും കല്ലുകളും നിലനിന്നിരുന്ന സ്ഥലം എവിടെയെന്ന് തിരിച്ചറിയാൻ പോലും പുതിയ തലമുറക്ക് കഴിയുന്നില്ല.

Latest