ഭരണകൂടത്തിന് പ്രവാസികളോടും ബാധ്യതയുണ്ട്

ജോലി നഷ്ടപ്പെട്ടും ഇഖാമയുടെ കാലാവധി അവസാനിച്ചും വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരും രോഗവ്യാപനത്തെ തുടര്‍ന്ന് ഭീതിദരായി കഴിയുന്നവരുമായ ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് തിരികെയെത്തിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. ഭരണപരമായ ബാധ്യതയെന്നതിനൊപ്പം പ്രവാസി ലോകത്തോട് കാണിക്കേണ്ട നന്ദി കൂടിയാണത്.
Posted on: April 30, 2020 11:22 am | Last updated: May 8, 2020 at 6:13 pm

തിരിച്ചു വരുന്ന പ്രവാസികള്‍ക്കായി കേരളം എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ അറിയിക്കുകയുണ്ടായി. വിമാനത്താവളത്തില്‍ വൈദ്യപരിശോധന, വിമാനത്താവളത്തിനടുത്തു തന്നെ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍, തിക്കും തിരക്കുമില്ലാതെ കാര്യങ്ങള്‍ സുഗമമായി കൈകാര്യം ചെയ്യാന്‍ വിമാനത്താവളങ്ങളില്‍ പോലീസ് വിംഗ്, രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് അവരവരുടെ വീടുകളില്‍ വൈദ്യപരിശോധനയും നിരീക്ഷണവും, വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ വാര്‍ഡ്തല സമിതികള്‍, മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ,് ടെലി മെഡിസിന്‍ സൗകര്യം, വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും പോലീസിന്റെയും പ്രതിനിധികള്‍ അടങ്ങുന്ന ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ഏകോപന സമിതി തുടങ്ങിയ സജ്ജീകരണങ്ങളാണ് സംസ്ഥാനം ഒരുക്കുന്നത്. പ്രവാസികള്‍ വിമാനത്താവളത്തില്‍ എത്തിക്കഴിഞ്ഞാല്‍ ക്വാറന്റൈന്‍ കഴിഞ്ഞു വീട്ടിലെത്തിക്കുന്നതു വരെയുള്ള മുഴുവന്‍ കാര്യങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കും. കപ്പല്‍ മാര്‍ഗമാണ് വരുന്നതെങ്കില്‍ തുറമുഖങ്ങളില്‍ ആവശ്യമായ സജ്ജീകരണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍, സ്‌കൂളുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ആയുര്‍വേദ സെന്ററുകള്‍, ഐ ടി ഐകള്‍, സ്‌റ്റേഡിയങ്ങള്‍ തുടങ്ങിയവയിലായി 2,36,642 കിടക്കകള്‍ക്കുള്ള സ്ഥലം ഇതിനകം സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ട് ലക്ഷം പേരുടെ മടക്കമായിരുന്നു നേരത്തേ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തിരിച്ചുവരാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ഒന്നര ദിവസങ്ങള്‍ക്കകം മൂന്ന് ലക്ഷത്തോളം പേരാണ് നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്. വരും ദിവസങ്ങളില്‍ ഇനിയും ലക്ഷക്കണക്കിനു പേര്‍ രജിസ്റ്റര്‍ ചെയ്‌തേക്കുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ പേര്‍ എത്തിയാല്‍ അവര്‍ക്കും സൗകര്യമൊരുക്കാനുള്ള ഇടങ്ങളും സര്‍ക്കാര്‍ കണ്ടു വെച്ചിട്ടുണ്ട്. പ്രവാസികളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനു വിവിധ മുസ്‌ലിം മതസ്ഥാപന മേധാവികള്‍ അവരുടെ കെട്ടിടങ്ങള്‍ വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ചിരുന്നു.

കേരളം ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയാക്കിയെങ്കിലും കേന്ദ്രമാണ് ഇതിനു മുന്‍കൈയെടുക്കേണ്ടത്. വ്യോമ, സമുദ്ര ഗതാഗതം കേന്ദ്രത്തിന്റെ കീഴിലാണ്. പ്രവാസികളും സംസ്ഥാനവും അടിക്കടി സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും വ്യക്തമായ ഒരു തീരുമാനം കേന്ദ്രം ഇതുവരെയും കൈക്കൊണ്ടിട്ടില്ല. പ്രവാസികള്‍ തിരിച്ചെത്തിയാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കര്‍മപദ്ധതി തയ്യാറാക്കാനും അതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയതു മാത്രമാണ് ഇക്കാര്യത്തില്‍ കേന്ദ്രം നടത്തിയ ചുവടുവെപ്പ്. ഗള്‍ഫിലെ ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനു മൂന്ന് വലിയ യുദ്ധക്കപ്പലുകള്‍ സജ്ജമാക്കിയെന്നും ഏറെ താമസിയാതെ ഇവ ഗള്‍ഫ് മേഖലയിലേക്കു നീങ്ങിയേക്കുമെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും കേന്ദ്രം ഈ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

മാത്രമല്ല, തിരിച്ചെത്തിക്കുന്ന നടപടി പെട്ടെന്നുണ്ടാകില്ലെന്ന് തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചന നല്‍കുകയും ചെയ്തു. ഗള്‍ഫ് നാടുകളില്‍ കൊറോണ രോഗം പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രവാസികളുടെ തിരിച്ചു വരവ് ഇന്ത്യയിലെ രോഗനിയന്ത്രണത്തെ പ്രതികൂലമായി ബാധിച്ചേക്കാനിടയുണ്ടെന്നാണ് കേന്ദ്രത്തിന്റെ ആശങ്ക. കാലാവസ്ഥാ വ്യതിയാനം- മണ്‍സൂണിന്റെ വരവ്- രോഗവ്യാപനത്തെ എങ്ങനെ സ്വാധീനിക്കുമെന്നു വിലയിരുത്തിയും പ്രവാസികളുടെ തിരിച്ചു വരവ് അവരുടെ കുടുംബത്തില്‍ രോഗപ്പകര്‍ച്ചക്ക് വഴിയൊരുക്കുകയില്ലെന്ന് ഉറപ്പ് വരുത്തിയും മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ കഴിയുകയുള്ളൂവെന്നും മോദി അറിയിച്ചു. പ്രവാസികളെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാറിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഒരു പ്രവാസി സംഘടന കോടതിയെ സമീപിച്ചെങ്കിലും കോടതിയും കൈയൊഴിയുകയാണുണ്ടായത്. കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ സര്‍ക്കാറിനോട് ഇങ്ങനെ ആവശ്യപ്പെടാന്‍ പറ്റില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.

കുടുംബം പോറ്റാനാണ് പ്രവാസികള്‍ മണലാരണ്യത്തിലേക്ക് കടന്നതെങ്കിലും രാജ്യത്തിനു അവര്‍ ചെയ്ത സേവനങ്ങള്‍ നിസ്സീമമാണ്. രാജ്യത്തിന്റെ വളര്‍ച്ചയിലുടനീളം അവരുടെ വിയര്‍പ്പിന്റെ പങ്കുണ്ട്. നാട്ടിലുള്ളവരേക്കാള്‍ ഈ നാടിനെ ചേര്‍ത്തു നിര്‍ത്തിയവരാണ് പ്രവാസികള്‍. നല്ല കാലത്ത് പ്രവാസികളെ തേടി രാഷ്ട്രീയ നേതാക്കളുടെ ഒഴുക്കായിരുന്നു. ഇന്നിപ്പോള്‍ അവര്‍ക്കൊരു പ്രയാസം നേരിട്ടപ്പോള്‍ മുഖം തിരിക്കുന്ന ഭരണ നേതൃത്വത്തിന്റെ നിലപാട് കടുത്ത അനീതിയായിപ്പോയി. പ്രവാസികളെ രോഗത്തിനും മരണത്തിനും വിട്ടുകൊടുത്തു കൊണ്ടല്ല രാജ്യത്തെ രോഗ ബാധ നിയന്ത്രിക്കേണ്ടത്. ജോലി നഷ്ടപ്പെട്ടും ഇഖാമയുടെ കാലാവധി അവസാനിച്ചും വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരും രോഗവ്യാപനത്തെ തുടര്‍ന്ന് ഭീതിദരായി കഴിയുന്നവരുമായ ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് തിരികെയെത്തിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. ഭരണപരമായ ബാധ്യതയെന്നതിനൊപ്പം പ്രവാസി ലോകത്തോട് കാണിക്കേണ്ട നന്ദി കൂടിയാണത്. പ്രവാസികള്‍ തിരിച്ചെത്തിയാല്‍ രോഗവ്യാപനം അനിയന്ത്രിതമാകുമെന്ന സന്ദേഹം വെറുതെയാണ്. വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന പ്രവാസികളെ നിശ്ചിത കാലയളവ് ക്വാറന്റൈനില്‍ പാര്‍പ്പിച്ചു രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം വീടുകളിലേക്ക് കടക്കാന്‍ അനുവദിച്ചാല്‍ അവര്‍ മുഖേനയുള്ള രോഗപ്പകര്‍ച്ച തടയാനാകും. അയല്‍ രാജ്യമായ പാക്കിസ്ഥാന്‍ ഇവ്വിധം തങ്ങളുടെ പൗരന്മാരെ തിരിച്ചു കൊണ്ടു വരുന്നുണ്ട്. ഇക്കാര്യത്തില്‍ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ എല്ലാ തയ്യാറെടുപ്പും പൂര്‍ത്തിയാക്കിയിരിക്കെ, ആ സംസ്ഥാനങ്ങളിലെ പ്രവാസികളെയെങ്കിലും തിരികെ കൊണ്ടുവരുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന വിമ്മിഷ്ടത്തിന്റെയും കോടതിയുടെ ഒഴിഞ്ഞു മാറ്റത്തിന്റെയും കാരണം ദുരൂഹമാണ്.