Connect with us

Ongoing News

അങ്ങനെ ഈ കുന്ന് ബംഗ്ലാവ്കുന്നായി മാറി

Published

|

Last Updated

വൈലത്തൂരിലെ കുന്നിന്‍മുകളിലുള്ള ബംഗ്ലാവ്

ബ്രിട്ടീഷുകാര്‍ വൈലത്തൂരിലെ കുന്നിന്‍മുകളില്‍ പണിത ബംഗ്ലാവ് പിന്നീട് ഈ പ്രദേശത്തിന്റെ പേരായി മാറിയ കഥയാണിത്. എല്ലാ ശില്‍പ്പ ചാരുതയോടും കൂടി പണിതതാണ് ഈ കൊച്ചു ബംഗ്ലാവ്. ബ്രിട്ടീഷുകാര്‍ക്ക് താമസിക്കാനും പരിസരങ്ങള്‍ വീക്ഷിക്കാനുമായി പ്രത്യേക രീതിയില്‍ കുന്നിന്‍ മുകളില്‍ പണിത ഈ കെട്ടിടത്തിന് അധികം വലിപ്പമില്ലെങ്കിലും ശില്‍പ ഭംഗി വിളിച്ചോതുന്നതും കെട്ടുറപ്പുള്ളതുമായിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് മലപ്പുറത്തുനിന്നും തിരൂരിലേക്ക് ഉദ്യോഗസ്ഥന്‍ ട്രെയിന്‍ കയറാന്‍ പോകുമ്പോള്‍ കുതിരവണ്ടി യിലുള്ള യാത്രക്കിടെ വിശ്രമിക്കാനും ഈ ബംഗ്ലാവിലാണ് എത്തിയിരുന്നത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതിന് ശേഷം ഈ ചരിത്ര കെട്ടിടം ഇവിടെയുള്ളതിനാലാണ് ബംഗ്ലാവ് കുന്ന് എന്ന പേരില്‍ പ്രദേശം പിന്നീട് അറിയപ്പെടാന്‍ തുടങ്ങിയതെന്നാണ് പഴമക്കാര്‍ പറയുന്നത്. മനോഹരമായ രൂപകല്‍പ്പനയില്‍ നിര്‍മിച്ച ഓടിട്ട കെട്ടിടം 1998 വരെ ചെറിയമുണ്ടം വില്ലേജ് ഓഫീസായി പ്രവര്‍ത്തിച്ചിരുന്നു.
ഇതിന്റെ തൊട്ടടുത്ത് പണിത പുതിയ കെട്ടിടത്തിലേക്ക് വില്ലേജ് ഓഫീസ് മാറിയത് മുതല്‍ അനാഥമായ, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സ്മരണകള്‍ ഇരമ്പുന്ന ബംഗ്ലാവിന്റെ മേല്‍ക്കുര ഉള്‍പ്പെടെയുള്ള ഭൂരിഭാഗം ഭാഗങ്ങളും തകര്‍ന്ന് നാമാവശേഷമായ അവസ്ഥയിലാണിപ്പോള്‍.

പ്രദേശത്തെ സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഈ കെട്ടിടത്തില്‍ വായനശാല ആരംഭിക്കാന്‍ നിരവധി തവണ ശ്രമം നടത്തിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും അനുകൂല നടപടിയുണ്ടായില്ല.
ആരുടെയൊക്കെയോ പിടിപ്പുകേട് മൂലം ഈ ചരിത്രശേഷിപ്പ് കണ്‍മുമ്പിലൂടെ ഇല്ലാതാകുന്നത് നോക്കിനില്‍ക്കേണ്ട ദയനീയ അവസ്ഥയാണ് ഇന്ന് ബംഗ്ലാവ് കുന്നുകാര്‍ക്ക്.

Latest