Editorial
മാധ്യമ സ്വാതന്ത്ര്യമെന്നാല്‍?

കലാപത്തിനു പ്രേരിപ്പിക്കുന്ന പരാമര്‍ശം നടത്തിയ കേസില്‍ റിപ്പബ്ലിക് ടി വി മേധാവി അര്‍ണബ് ഗോസ്വാമിക്ക് മൂന്നാഴ്ചത്തെ സംരക്ഷണം നല്‍കിയിരിക്കുകയാണ് സുപ്രീം കോടതി. മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ സന്യാസികള്‍ക്ക് നേരെ നടന്ന ആള്‍ക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ അര്‍ണബ് നടത്തിയ വര്‍ഗീയ സ്പര്‍ധ സൃഷ്ടിക്കുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ അയാളെ അറസ്റ്റ് ചെയ്യുന്നത് കോടതി വിലക്കി. ഈ കേസില്‍ തനിക്കെതിരെ നടപടിയെടുക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് അര്‍ണബ് സമര്‍പ്പിച്ച ഹരജിയില്‍ വിഡീയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢും ജസ്റ്റിസ് എം ആര്‍ ഷായും അടങ്ങുന്ന രണ്ടംഗ ബഞ്ചിന്റെ ഉത്തരവ്. മൂന്നാഴ്ചക്കിടെ അര്‍ണബിന് കോടതികളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്നും വിധിയില്‍ പറയുന്നു. അര്‍ണബിനും റിപ്പബ്ലിക് ടി വി ഓഫീസിനും സുരക്ഷ ഉറപ്പാക്കാൻ മുംബൈ പോലീസ് കമ്മീഷണറോട് നിര്‍ദേശിച്ചിട്ടുമുണ്ട് കോടതി. മാധ്യമങ്ങള്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് വിലക്കണമെന്ന് അഭിഭാഷകന്‍ വിവേക് തന്‍ഖ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചതുമില്ല.
“കോണ്‍ഗ്രസുകാരുടെ രാജ്യം ഇന്ത്യയല്ല, ഇറ്റലിയാണ്. ഹിന്ദു സന്യാസിമാരുടെ സ്ഥാനത്ത് ക്രിസ്ത്യന്‍ വൈദികരായിരുന്നു അക്രമിക്കപ്പെട്ടിരുന്നതെങ്കില്‍ റോമില്‍ നിന്ന് വന്ന സോണിയാ ഗാന്ധി ഇത്തരത്തില്‍ മൗനം തുടരില്ലായിരുന്നു. ഹിന്ദു സന്യാസിമാര്‍ കൊലചെയ്യപ്പെട്ടതില്‍ സോണിയാ ഗാന്ധി മനസുകൊണ്ട് സന്തോഷിക്കുന്നുണ്ടാകും. അവരുടെ പാര്‍ട്ടിയാണല്ലോ ഇപ്പോള്‍ മഹാരാഷ്ട്ര സംസ്ഥാനം ഭരിക്കുന്നത്. എന്നാല്‍ ഹിന്ദുക്കള്‍ ഇതെല്ലാം കേട്ട് മിണ്ടാതിരിക്കുമെന്ന് തോന്നുന്നുണ്ടോ” എന്നായിരുന്നു ഏപ്രില്‍ 21ന് നടന്ന പല്‍ഘാര്‍ ആക്രമണത്തെക്കുറിച്ചുള്ള ചര്‍ച്ചയിലെ അര്‍ണബിന്റെ വിവാദമായ പരാമര്‍ശം. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുകയും ഹിന്ദുത്വരെ കലാപത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന ഈ പരാമര്‍ശത്തിനെതിരെ മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമുദായങ്ങള്‍ക്കിടയില്‍ ശത്രുത പ്രചരിപ്പിക്കല്‍, അക്രമത്തിന് പ്രേരിപ്പിക്കല്‍, വ്യക്തിഹത്യ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇടപെടാനാകില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്നുമാണ് വിധിക്കാധാരമായി കോടതി ചൂണ്ടിക്കാട്ടുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണെന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ജനാധിപത്യ സംരക്ഷണത്തില്‍ മാധ്യമമേഖലക്ക് വലിയ പങ്കുണ്ട്. ഈ സാഹചര്യത്തില്‍ മാധ്യമ സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കാനും അംഗീകരിക്കാനും കോടതി ബാധ്യസ്ഥവുമാണ്. അഭിപ്രായ ആവിഷ്‌കാരസ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടനയുടെ 19ാം അനുഛേദം ആധാരമാക്കി, പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തെ കോടതികള്‍ മുമ്പും അംഗീകരിക്കുകയും മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എന്താണ് മാധ്യമ സ്വാതന്ത്ര്യം കൊണ്ട് അര്‍ഥമാക്കുന്നതും ലക്ഷ്യമാക്കുന്നതും? എന്തും പറയാനും വിളിച്ചു കൂവാനും എഴുതാനുമുള്ള അനുവാദമാണോ? മതേതരത്വം അടിസ്ഥാന നയമായി അംഗീകരിക്കപ്പെട്ട ഇന്ത്യന്‍ സാഹചര്യത്തില്‍ മതസംഘര്‍ഷം വളര്‍ത്തുകയും സമുദായങ്ങളെ പരസ്പരം ഏറ്റുമുട്ടാനിടയാക്കുകയും ചെയ്യുന്ന വര്‍ഗീയവിഷം സ്ഫുരിക്കുന്ന പരാമര്‍ശങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണോ?
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മൂല്യങ്ങളില്‍ ഊന്നിക്കൊണ്ടായിരിക്കണം മാധ്യമങ്ങളുടെ നിലപാടും മാധ്യമപ്രവര്‍ത്തനവും. ഇതില്‍ നിന്ന് വ്യതിചലിച്ച് വെറുപ്പിന്റെയും വര്‍ഗീയതയുടെയും പ്രചാരകരായി മാറുകയാണെങ്കില്‍ അവരെങ്ങനെയാണ് ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണ പരിധിയില്‍ വരുന്നത്. വെറുപ്പിലധിഷ്ഠിതമായ വര്‍ഗീയത, അത് ഭൂരിപക്ഷത്തിന്റേതാകട്ടെ ന്യൂനപക്ഷത്തിന്റേതാകട്ടെ രാജ്യത്തെ കലാപ ഭൂമിയാക്കും. അടുത്തിടെ രാജ്യത്ത് നടന്ന പല വര്‍ഗീയ സംഘര്‍ഷങ്ങളുടെയും പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ മാധ്യമങ്ങള്‍ പരത്തിയ വര്‍ഗീയ പ്രചാരണങ്ങളാണ് ഇതിന് വഴിമരുന്നിട്ടതെന്ന് കണ്ടെത്താനാകും. സത്യത്തിന്റെയും നേരിന്റെയും പക്ഷത്ത് നില്‍ക്കേണ്ട മാധ്യമങ്ങള്‍ പലപ്പോഴും ഈ ധര്‍മം മറന്ന് വര്‍ഗീയതയുടെ പ്രചാരകരായി മാറുകയും ഇത്തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്ക് കോടതികള്‍ സംരക്ഷണം നല്‍കുകയും ചെയ്യുമ്പോള്‍ തകര്‍ന്നു വീഴുന്നത് വിലപ്പെട്ട മാധ്യമ പാരമ്പര്യവും ജനാധിപത്യത്തിന്റെ നാലാം സതംഭവുമാണ്.
അടുത്ത കാലത്തായി മാധ്യമ സ്ഥാപനങ്ങളെ ഹിന്ദുത്വ വര്‍ഗീയത വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. മിക്ക മാധ്യമ ഉടമകളും സ്ഥാപനങ്ങളിലെ ജീവനക്കാരും മാധ്യമ ഉള്ളടക്കത്തിലെ പ്രാതിനിധ്യം മുതല്‍ അവയുടെ രൂപഘടന വരെയുള്ള ഓരോ മണ്ഡലവും സവര്‍ണമയവും മതന്യൂനപക്ഷ, ദളിത് വിരുദ്ധവുമാണ്. വംശീയത, മതവിദ്വേഷം, ജാതിവാദം തുടങ്ങിയവയൊക്കെ ഊട്ടിയുറപ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളോടാണ് ഇവയുടെ കൂറും അടുപ്പവും. ഈയൊരു പശ്ചാത്തലത്തില്‍ നിന്നാണ് അര്‍ണബ് നടത്തിയതു പോലുള്ള വര്‍ഗീയവിഷം സ്ഫുരിക്കുന്ന പരാമര്‍ശങ്ങള്‍ ചാനല്‍ അവതാരകരില്‍ നിന്നുണ്ടാകുന്നത്. മുന്‍നിര ഓണ്‍ലൈന്‍ മാധ്യമമായ കോബ്ര പോസ്റ്റ് നടത്തിയ സ്റ്റിംഗ് ഓപറേഷനില്‍ രാജ്യത്തെ രണ്ട് ഡസനിലേറെ മുന്‍നിര മാധ്യമങ്ങളുടെ തനിനിറം വെളിപ്പെട്ടതാണ്. ഭരണത്തില്‍ ബി ജെ പിയുടെ രണ്ടാമൂഴം ഉറപ്പാക്കുന്നതിന് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്നതിന് ഓപറേഷനില്‍ ഈ മാധ്യമങ്ങള്‍ സന്നദ്ധത പ്രകടിപ്പിക്കുകയുണ്ടായി. രാഹുല്‍ ഗാന്ധി, മായാവതി, അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ള മതേതര കക്ഷിനേതാക്കളെ അവമതിക്കുന്ന വാര്‍ത്തകള്‍ നല്‍കാനും ഇവര്‍ സന്നദ്ധത പ്രകടിപ്പിച്ചു. സമൂഹത്തിലും രാജ്യത്തും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വരുത്തി വെക്കാവുന്ന ഇത്തരം നെറികെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുമ്പെടുന്ന മാധ്യമങ്ങളെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ സംരക്ഷിക്കാനൊരുമ്പെടുന്നത് നീതിന്യായ മേഖലക്ക് അഭികാമ്യമാകുമോ?