Articles
കശ്മീരിൽ നിന്നുള്ള വാർത്താ ചിത്രങ്ങൾ

ഈ മാസം 20ന് രാവിലെ കശ്മീർ ഫോട്ടോ ജേണലിസ്റ്റ് മസ്‌റത്ത് സഹ്‌റ ഉറക്കമുണർന്നത് തനിക്കെതിരെ പോലീസ് യു എ പി എ ചുമത്തിയെന്ന വാർത്ത വായിച്ചാണ്. കശ്മീർ സോൺ സൈബർ പോലീസ് സ്‌റ്റേഷൻ പുറത്തുവിട്ട ഒരു പ്രസ് റിലീസിൽ നിന്നാണ് 26കാരിയായ സഹ്‌റ പോലീസ് തന്നെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ച വിവരമറിയുന്നത്. താനെടുത്ത ഫോട്ടോ ഫേസ്ബുക്കിൽ അപ് ലോഡ് ചെയ്തു എന്നതായിരുന്നു അവർ ചെയ്ത കുറ്റം. ഈ പടങ്ങൾ രാജ്യത്തെ ക്രമസമാധാനം തകർക്കാൻ കാരണമാകുമെന്നും പൊതുജനങ്ങളെ പ്രകോപിപ്പിക്കാൻ സാധ്യതയുള്ളതാണെന്നുമാണ് പോലീസ് പുറത്തുവിട്ട കുറിപ്പിലുള്ളത്. മാധ്യമപ്രവർത്തകയായ തന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണിതെന്നാണ് മസ്‌റത്ത് സഹ്‌റ പ്രതികരിച്ചത്.
രാജ്യദ്രോഹക്കുറ്റമാണ് ഈ യുവ മാധ്യമപ്രവർത്തക ചെയ്തതെന്ന് പോലീസ് വിശദീകരിക്കുന്നു.
യുവാക്കളെ സ്വാധീനിക്കാൻ വേണ്ടി ദേശവിരുദ്ധമായ ഫോട്ടോകൾ ഫേസ്ബുക്കിൽ പ്രസിദ്ധീകരിക്കുന്നതും ജനങ്ങളെ രാജ്യത്തിനെതിരെ തിരിക്കുന്നതും ഗുരുതരമായ കുറ്റമാണ്. ദേശദ്രോഹ പ്രവർത്തനങ്ങളെ പുകഴ്ത്തുന്നവയാണ് മസ്‌റത്ത് സഹ്‌റയുടെ ഫോട്ടോകൾ.- ഇങ്ങനെ പോകുന്നു പോലീസ് പുറത്തിറക്കിയ പ്രസ് റിലീസിലെ കുറ്റങ്ങൾ.
വർഷങ്ങളായി കശ്മീരിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന ഫോട്ടോ ജേണലിസ്റ്റാണ് താനെന്നും താനെടുത്ത പടങ്ങളല്ലാതെ മറ്റെന്താണ് ഫേസ്ബുക്കിൽ പ്രസിദ്ധീകരിക്കുകയെന്നും ഈ മാധ്യമപ്രവർത്തക ചോദിക്കുന്നു. “അന്തർദേശീയ മാധ്യമങ്ങളിൽ നേരത്തേ പ്രസിദ്ധീകരിച്ച എന്റെ ഫോട്ടോകളാണ് ഞാൻ ഫേസ്ബുക്കിലിട്ടത്. അത് കുറ്റകരമാകുന്നതെങ്ങനെ എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഒരു ഫോട്ടോ ജേണലിസ്റ്റ് പിന്നെയെന്താണ് ചെയ്യേണ്ടത്?” മസ്‌റ സഹ്‌റ ഫേസ്ബുക്കിലൂടെ ചോദിച്ചു. തൊഴിലിന്റെ ഭാഗമായി സാധാരണ ചെയ്യുന്ന ഒരു പ്രവർത്തനം എന്നതിലുപരി നിയമവിരുദ്ധമായി യാതൊന്നും താൻ ചെയ്തിട്ടില്ലെന്നും അവർ പറയുന്നു.
ബി ബി സി, അൽജസീറ, വാഷിംഗ്ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള അന്തർദേശീയ മാധ്യമങ്ങൾക്ക് വേണ്ടി സ്വതന്ത്രമായി പ്രവർത്തിക്കുന്ന ധീരയായ മാധ്യമപ്രവർത്തകയാണ് മസ്‌റത്ത് സഹ്‌റ. കശ്മീരിലെ യഥാർഥ പ്രശ്‌നങ്ങളിലേക്ക് ക്യാമറക്കണ്ണുകൾ തിരിച്ച ഇവർ പകർത്തിയ വാർത്താ ചിത്രങ്ങൾ അന്തർദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. കശ്മീരിലെ യുവാക്കളുടെ, പ്രത്യേകിച്ച് സ്തീകളുടെ പ്രശ്‌നങ്ങളായിരുന്നു മിക്ക ഫോട്ടോകളിലെയും വിഷയം. ഡൽഹിയിൽ നിന്നിറങ്ങുന്ന പ്രമുഖ പത്രങ്ങൾ കാണിക്കാൻ മടിച്ച ചിത്രങ്ങളായിരുന്നു അവ. കശ്മീരിൽ യഥാർഥത്തിൽ നടക്കുന്നതെന്താണെന്ന് പുറംലോകത്തെ അറിയിക്കുന്നതിലും താഴ്‌വരയിലെ സാധാരണക്കാരുടെ ദുരിതങ്ങൾ നേരിട്ട് പകർത്തുന്നതിലും കാണിച്ച മിടുക്ക് തന്നെയാണ് അന്തർദേശീയ മാധ്യമങ്ങൾക്കിടയിൽ മസ്‌റത്ത് സഹ്‌റയെ ഒരു മികച്ച ഫോട്ടോ ജേണലിസ്റ്റാക്കിയത്.
ജമ്മു കശ്മീരിലെ പുതിയ മാറ്റങ്ങളിലും കേന്ദ്ര സർക്കാർ നടപ്പാക്കിയ നിയന്തണങ്ങളിലും കശ്മീർ ജനത തീർത്തും അസ്വസ്ഥരായിരുന്നു. 145 ദിവസങ്ങൾ തുടർച്ചയായി സർക്കാർ ഇന്റർനെറ്റ് നിരോധിച്ചു. ജനജീവിതം അട്ടിമറിക്കുകയും സാധാരണക്കാരായ കശ്മീരികളെ ദീർഘകാലം ലോക്ക്ഡൗണിലാക്കുകയും ചെയ്തു. കശ്മീരിന്റെ പ്രത്യേകാധികാരം 2019 ആഗസ്ത് 25ന് കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞതിനെ തുടർന്നുണ്ടായ നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുകയാണ്.
ഇത്തരമൊരു സാഹചര്യത്തിൽ മസ്‌റത്ത് സഹ്‌റ പകർത്തിയ ഫോട്ടോകൾക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നു. ഏറെക്കുറെ ഭരണാധികാരികളെ പ്രകോപിപ്പിക്കുന്നവ. കശ്മീരിൽ നിന്നുള്ള യഥാർഥ ചിത്രങ്ങൾ ലോകത്തോട് വിളിച്ചുപറഞ്ഞ ചുരുക്കം ചില മാധ്യമപ്രവർത്തകരിലൊരാളായിരുന്നു അവർ. ഇന്ത്യൻ സൈനികർ കശ്മീരിൽ നടത്തുന്ന ജനദ്രോഹ പ്രവർത്തനങ്ങൾ വിളിച്ചുപറഞ്ഞ മസ്‌റത്ത് സഹ്‌റയുടെ പടങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ധൈര്യമുള്ള ഒരു മാധ്യമപ്രവർത്തകക്കല്ലാതെ അവ പകർത്താൻ സാധിക്കുമായിരുന്നില്ല.
ഇപ്പോൾ പോലീസ് പറയുന്ന ദേശവിരുദ്ധ ഫോട്ടോയിലുള്ളത് പോലീസ് വെടിവെപ്പിൽ പിഞ്ചുകുഞ്ഞിനെ നഷ്ടപ്പെട്ട ഒരു കശ്മീരി കുടുംബത്തിന്റെ ദുരിതങ്ങളായിരുന്നു. ഈ മാസം 18ന് അവർ ഫേസ്ബുക്കിൽ പങ്കുവെച്ച ഫോട്ടോയും ഏറെ ശ്രദ്ധേയമായിരുന്നു. അതിൽ ചോരപുരണ്ട വസ്ത്രങ്ങളുമായി വിലപിക്കുന്ന ആരിഫ ഖാൻ എന്ന കശ്മീർ സ്ത്രീയുടെ പടം. അവരുടെ ഭർത്താവായ അബ്ദുൽ ഖാദിർ ശെയ്ഖ് കൊല്ലപ്പെട്ടത് ഇന്ത്യൻ സൈനത്തിന്റെ വെടിയേറ്റായിരുന്നു. മരിച്ചുവീണപ്പോൾ ഭർത്താവ് ധരിച്ചിരുന്ന വസ്ത്രമായിരുന്നു അവരുടെ കൈയിൽ. ഒപ്പം അതുമായി ബന്ധപ്പെട്ട് പത്രങ്ങളിൽ വന്ന വാർത്തകളുടെ ശേഖരണവും. കശ്മീരിൽ വെടിയേറ്റുവീഴുന്ന ഓരോ പൗരന്റെയും കുടുംബാംഗങ്ങൾ എത്രമേൽ ദുരിതത്തിലാണെന്ന് വ്യക്തമാക്കുന്ന അതിദയനീയമായ ചിത്രമായിരുന്നു അത്.
“എനിക്കെന്റെ ദേഷ്യം അടക്കിനിർത്താനാകുന്നില്ല” എന്നായിരുന്നു ആ ഫോട്ടോക്ക് മസ്‌റത്ത് സഹ്‌റ നൽകിയ അടിക്കുറിപ്പ്. തകർന്നടിഞ്ഞ ഒരു വീടിന് സമീപം നിൽക്കുന്ന സ്ത്രീയുടെ പടമാണ് ഈ മാസം ആറിന് ഫേസ്ബുക്കിലിട്ടത്. “ആദ്യം ഈ വീട് എനിക്കൊരഭയമായിരുന്നു, പക്ഷേ ഇപ്പോൾ ഇതെന്റെ ശവകുടീരമാണ്” എന്നായിരുന്നു പ്രസ്തുത ഫോട്ടോയുടെ അടിക്കുറിപ്പ്. മധോഷ് ബൽഹാമി എന്ന കശ്മീർ സാഹിത്യകാരിയായിരുന്നു അത്. 30 വർഷക്കാലം താൻ അധ്വാനിച്ചുണ്ടാക്കിയതെല്ലാം സൈന്യത്തിന്റെ വെടിവെപ്പിൽ അവർക്ക് നഷ്ടപ്പെട്ടു.
നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന യു എ പി എ -സെക്‌ഷൻ 13 ആണ് മസ്‌റത്ത് സഹ്‌റക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഈ മാസം 21ന് ഇവരെ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധ മാധ്യമപ്രവർത്തനം നടത്തിയതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് പോലീസ് പ്രതികരിച്ചത്. ശ്രീനഗറിലെ കശ്മീർ സോൺ സൈബർ പോലീസ് സ്‌റ്റേഷനിലാണ് ഇവ്വിധം എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കശ്മീർ പ്രസ് ക്ലബ് ജനറൽ സെക്രട്ടറി ഇശ്ഫാഖ് താന്ത്രി കാരവൻ മാഗസിനോട് പറഞ്ഞതിങ്ങനെയാണ്. “ഞങ്ങൾ ഇടപെട്ടു. പക്ഷേ, ഇനിയെന്താണ് നടക്കാൻ പോകുന്നത് എന്നറിയില്ല. മസ്‌റത്ത് സഹ്‌റ പ്രതിഭാശാലിയായ ജേണലിസ്റ്റാണ്. അവർക്കിനിയുമൊരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്. ഒരു പോലീസ് കേസ് വന്ന് അവരുടെ ഭാവി നശിപ്പിക്കാൻ പാടില്ല. പക്ഷേ, ദൗർഭാഗ്യവശാൽ പോലീസിന് ഇതൊന്നും കേൾക്കുകയേ വേണ്ട.”
മാധ്യമപ്രവർത്തനത്തെ ഭീതിയിലാഴ്ത്തി മസ്‌റത്ത് സഹ്‌റയെ അറസ്റ്റ് ചെയ്ത ദിവസം തന്നെ മറ്റു രണ്ട് മാധ്യമപ്രവർത്തകർ കൂടി കശ്മീരിൽ അറസ്റ്റിലായിട്ടുണ്ട്. ദി ഹിന്ദു ദിനപത്രത്തിന്റെ ശ്രീനഗർ ബ്യൂറോയിലെ മുതിർന്ന ജേണലിസ്റ്റ് പീർസാദ ആശിഖ്, ഗ്രന്ഥകാരനും അന്തർദേശീയ മാധ്യമ പ്രവർത്തകനുമായ ഗൗഹർ ഗീലാനി എന്നിവരാണ് അറസ്റ്റിലായത്.
ബാരാമുല്ലയിൽ അജ്ഞാത തീവ്രവാദികളുടേതെന്ന നിലയിൽ സംസ്‌കരിച്ച മൃതദേഹം ബന്ധുക്കൾ തിരിച്ചറിയുകയും അത് മാന്തിയെടുത്ത് സംസ്‌കരിക്കാൻ അധികൃതരുടെ അനുമതി വാങ്ങുകയും ചെയ്തുവെന്ന ഈ മാസം 19-ലെ ദി ഹിന്ദു വാർത്തയാണ് ആശിഖിന്റെ അറസ്റ്റിലേക്ക് നയിച്ചത്. മസ്‌റത്തിന്റെ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്തിയതിനാണ് ഗൗഹർ ഗീലാനിയെ പോലീസ് പിടികൂടിയത്. ഇവരുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.
കാശ്മീരിൽ എല്ലാം ഭദ്രമാണെന്ന രീതിയിലുള്ള വാർത്തകൾ ഇന്ത്യൻ ടെലിവിഷൻ ചാനലുകളുടെ റിപ്പോർട്ടുകൾ തുടർന്നപ്പോഴും യഥാർഥ സംഭവങ്ങൾ ബി ബി സി അടക്കമുള്ള അന്താരാഷ്ട്ര ചാനലുകളും പത്രങ്ങളും റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇതിൽ നേരത്തേ കേന്ദ്ര സർക്കാർ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2019 ആഗസ്തിൽ ബി ബി സിയും കേന്ദ്ര സർക്കാറും തമ്മിലുണ്ടായ നിയമപോരാട്ടം അന്തർദേശീയ തലത്തിൽ ഏറെ ചർച്ചയായിരുന്നു. കശ്മീരിൽ നിന്നുള്ള യഥാർഥ ചിത്രങ്ങൾ പുറത്തുകൊണ്ടുവരുന്നവരോട് സർക്കാർ സ്വീകരിക്കുന്ന നിലപാട് ഇതിൽ നിന്നൊക്കെ മനസ്സിലാക്കാവുന്നതാണ്. സർക്കാർവിരുദ്ധ വാർത്തകൾ ദേശവിരുദ്ധവും നിയമവിരുദ്ധവുമായ കുറ്റകൃത്യമാണെന്ന് ചുരുക്കം.
കശ്മീരിന്റെ പ്രത്യേകാധികാരം പിൻവലിച്ചതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് ഇന്ത്യൻ മാധ്യമങ്ങൾ പറഞ്ഞു തരാത്ത നിരവധി യാഥാർഥ്യങ്ങൾ ഇപ്പോഴും നടക്കുന്നു. ഇത്തരം യാഥാർത്ഥ്യങ്ങളിലേക്ക് ക്യാമറ തിരിച്ചുവെച്ചാണ് മസ്‌റത്ത് സഹ്‌റ പ്രവർത്തിച്ചത്. പീർസാദ ആശിഖും ഗൗഹർ ഗീലാനിയും എഴുതിയത്. സ്വാഭാവികമായും അറസ്റ്റുകളുണ്ടായി. ഇനിയും ഒരുപക്ഷേ, അറസ്റ്റുകൾ നടന്നേക്കാം. രാജ്യത്തെ മുഴുവൻ മാധ്യമപ്രവർത്തകരുടെയും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഇത്തരം പ്രധാന സംഭവങ്ങൾ വാർത്താപ്രാധാന്യമില്ലാതെ പോകുന്നു. രാജ്യത്തെ സുരക്ഷിതമായ മാധ്യമപ്രവർത്തനത്തെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർത്തുന്ന സംഭവമായിരുന്നിട്ടും പ്രൈംടൈം ചർച്ചകളുണ്ടായില്ല.