Connect with us

Kerala

വിദേശത്ത് രോഗം തീവ്രമായ മേഖലയില്‍ നിന്നെത്തിയ എല്ലാവരിലും പരിശോധന നടത്തും; മന്ത്രി ശൈലജ

Published

|

Last Updated

തിരുവനന്തപുരം |  വിദേശത്ത് രോഗം അതിതീവ്രമായി ബാധിച്ച മേഖലയില്‍ നിന്ന് സംസ്ഥാനത്ത് എത്തിയവരേയെല്ലാം പരിശോധിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം 16 പോസറ്റീവ് കേസുകളുണ്ടായത്. ഇവരെല്ലാം നേരത്തെ നിരീക്ഷണത്തിലുള്ളവരാണെന്നും മന്ത്രി പറഞ്ഞു. വരും ദിവസങ്ങളില്‍ കുറച്ച് പോസറ്റീവ് കേസുകള്‍ കൂടി പ്രതീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ 20000 പരിശോധനകള്‍ നടന്നു കഴിഞ്ഞു. താരതമ്യേന രാജ്യത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയത് കേരളത്തിലാണ്. പരിശോധന കൂട്ടാനുള്ള ശ്രമത്തിലാണ് സംസ്ഥാനം. സുരക്ഷക്കായുള്ള നടപടികള്‍ കേരളം നേരത്തെ തുടങ്ങിയിരുന്നു. സംസ്ഥാനത്ത് ഇതുവരെ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ ഇത് സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നുണ്ട്്. കേരളത്തിന്റെ അതിര്‍ത്തിയായ തമിഴ്‌നാട്ടിലെ ജില്ലകളില്‍ കൊവിഡ് വ്യാപനമാകുന്നത് ആശങ്ക വര്‍ധിക്കുന്നു. ഈ സാഹചര്യത്തില്‍ ചെറിയ ഒരു വീഴ്ച പോലും സംഭവിക്കാന്‍ പാടില്ല.

മുംബൈയിലെ ജസ്‌ലോക്ക് ആശുപത്രിയില്‍ ദുരിതം അനുഭവിക്കുന്ന നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ ഇടപെടും. വിഷയം മഹാരാഷ്ട്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്കായി കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ പുതിയ ഓര്‍ഡിനന്‍സിനെ സ്വാഗതം ചെയ്യുന്നു. ജനങ്ങളുടെ ജീവന് വേണ്ടി പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ പ്രധാനപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.

വിദേശത്ത് നിന്ന് വരാനിരിക്കുന്ന മുഴുവന്‍ പേരേയും സഹായിക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. അവരെ നിരീക്ഷണത്തില്‍ വൈകുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. സര്‍ക്കാറിന് സാധ്യമായ രീതിയില്‍ അവര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

---- facebook comment plugin here -----

Latest