Connect with us

Covid19

മടക്ക യാത്ര; കേരള പ്രവാസി ഫെഡറേഷനും യു എ ഇ യുവകലാസാഹിതിയും ഹൈക്കോടതിയില്‍

Published

|

Last Updated

അബൂദബി | പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രവാസി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി പി സുനീര്‍, യു എ ഇ യുവകലാസാഹിതി പ്രസിഡന്റ് ബാബു വടകര എന്നിവര്‍ നല്‍കിയ ഹരജി ഹൈക്കോടതി പരിഗണിച്ചു. ജസ്റ്റിസ് രാജവിജയരാഘവന്‍, ജസ്റ്റിസ് ടി ആര്‍ രവി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹരജി പരിഗണിച്ചത്. പരാതിക്കാര്‍ക്ക് വേണ്ടി അഡ്വക്കേറ്റ് കാളീശ്വരം രാജ് ഹാജരായി.

കൊവിഡ് പ്രതിസന്ധിയില്‍പ്പെട്ട് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടുവരാന്‍ തയ്യാറാണെന്ന് കേരള സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, മലയാളികളെ മാത്രമായി തിരികെ കൊണ്ടുവരുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. ഒരു സംസ്ഥാനത്തിന്റെ മാത്രം ആവശ്യമായി ഇതു പരിഗണിക്കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. മറ്റ് സംസ്ഥാനങ്ങളോട് വിവേചനം കാണിക്കാനാവില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചു.

മലയാളികളായ പ്രവാസികളെ തിരികെ കൊണ്ടുവന്നാല്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതും ചികിത്സ നല്‍കുന്നതുമടക്കമുള്ള വിപുലമായ സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാറിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ അഡ്വ. രഞ്ജിത്ത് തമ്പാന്‍ കോടതിയെ അറിയിച്ചു. കേരളം ഇത്തരം ക്രമീകരണം ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യം ആലോചിച്ചു കൂടേ എന്നായിരുന്നു ഈ ഘട്ടത്തില്‍ കേന്ദ്രത്തോട് കോടതി ചോദിച്ചു. ഗള്‍ഫിലേക്ക് മെഡിക്കല്‍ സംഘത്തെ അയയ്ക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയതന്ത്ര മാര്‍ഗങ്ങളിലൂടെ തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ വിസ കാലാവധി കഴിഞ്ഞും തൊഴില്‍ നഷ്ടപ്പെട്ടും കഴിയുന്ന നിരവധി മലയാളികളുണ്ടെന്ന് പ്രവാസി ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി. കൊവിഡ് അല്ലാത്ത രോഗങ്ങള്‍ ബാധിച്ച് കഴിയുന്നവരുമുണ്ട്. മാത്രവുമല്ല, വിയന്ന കരാര്‍ പ്രകാരം വിദേശ രാജ്യങ്ങളിലുള്ള പൗരന്മാരുടെ ക്ഷേമം ഉറപ്പു വരുത്തേണ്ടത് അതത് രാജ്യങ്ങളുടെ ചുമതലയാണെന്നും ഹരജിയില്‍ പറയുന്നു.

നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കാതെ ആരെയെങ്കിലും കൊണ്ടുവരുന്നത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. പ്രത്യേക സാഹചര്യമായതിനാല്‍ എല്ലാ രാജ്യങ്ങളും വിസാ കാലാവധി നീട്ടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വിദേശത്തുള്ള പ്രവാസികളുടെ വിസാ കാലാവധി തീരുന്നതു പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. പ്രവാസി മലയാളികളെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളില്‍ കേന്ദ്രത്തോട് കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെടാതെ അവിടേക്ക് മെഡിക്കല്‍ സംഘത്തെ അയയ്ക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് ഹൈക്കോടതി ഈ മാസം 21 ലേക്ക് മാറ്റി.

---- facebook comment plugin here -----

Latest