കൊവിഡ് പടരുന്നതിനിടെ ദക്ഷിണ കൊറിയയില്‍ പൊതു തിരഞ്ഞെടുപ്പ്

Posted on: April 10, 2020 9:43 pm | Last updated: April 11, 2020 at 9:22 am

സോള്‍ | കൊവിഡ് വൈറസ് പടരുന്നതിനിടെ ദക്ഷിണ കൊറിയയില്‍ പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പ്രക്രിയ തുടങ്ങി. അടുത്താഴ്ചയാണ് പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്. കൊവിഡ് ചികിത്സയിലും നിരീക്ഷണത്തിലുമായി കഴിയുന്ന 450ല്‍ പരം പേര്‍ക്ക് അവര്‍ കഴിയുന്ന കേന്ദ്രങ്ങളില്‍ നിന്നു തന്നെ വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കിയിരുന്നു. മഹാമാരി ലോകത്തെ വിറപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ തിരഞ്ഞെടുപ്പ് നടത്തുന്ന ആദ്യത്തെ രാഷ്ട്രമാണ് ദക്ഷിണ കൊറിയ. വൈറസ് കണ്ടെത്തിയ ചൈനക്കു ശേഷം രോഗം പടര്‍ന്ന ആദ്യത്തെ രാഷ്ട്രങ്ങളിലൊന്നു കൂടിയാണിത്.

രാജ്യത്താകെ എട്ട് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലാണ് വോട്ട് ചെയ്യുന്നതിനായി സൗകര്യമൊരുക്കിയിട്ടുള്ളത്. തെക്കന്‍ നഗരമായ ജിയോങ്ജുവിലെ ഇത്തരമൊരു കേന്ദ്രത്തില്‍ ഒരു മീറ്റര്‍ അകലം പാലിച്ച് വരാനിന്നാണ് അസുഖ ബാധിതര്‍ വോട്ടവകാശം വിനിയോഗിച്ചത്. മാസ്‌കുകളും ഗ്ലൗസും ഡിസ്‌പോസബള്‍ പ്ലാസ്റ്റിക് കോട്ടുകളും ധരിച്ചാണ് ഇവര്‍ വോട്ടെടുപ്പിന്റെ ഭാഗമായത്. മെഡിക്കല്‍ ജീവനക്കാരും വോട്ട് ചെയ്തു. ഏകദേശം 53 ലക്ഷം ജനങ്ങളാണ് ഇന്ന് വോട്ട് രേഖപ്പെടുത്തിയത്.