Connect with us

Covid19

ആഗോള തലത്തില്‍ വൈറസ് വ്യാപനം തീവ്രഗതിയില്‍ തന്നെ; 12 ലക്ഷം കവിഞ്ഞു

Published

|

Last Updated

ന്യൂയോര്‍ക്ക് | ആഗോള തലത്തില്‍ കൊവിഡ് വൈറസ് വ്യാപനം തീവ്രഗതിയില്‍ തന്നെ. ഇതുവരെ 12 ലക്ഷത്തില്‍ പരം ആളുകളെ മഹാമാരി പിടികൂടിക്കഴിഞ്ഞു. വൈറസ് കവര്‍ന്നെടുത്ത ജീവനുകള്‍ 64,000 പിന്നിട്ടിരിക്കുകയാണ്. 24 മണിക്കൂറിനിടെ ആറായിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ അമേരിക്കയിലാണ് രോഗം അതിവേഗത്തില്‍ പടരുന്നത്. ഇവിടെ രോഗബാധിതര്‍ മൂന്ന് ലക്ഷം കവിഞ്ഞു. ശനിയാഴ്ച മാത്രം മരിച്ചവരുടെ എണ്ണം 1224 ആണ്. ന്യൂയോര്‍ക്കിലാണ് കൂടുതല്‍ മരണം (630). 8300 ആണ് യു എസില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ മരണം.

സ്‌പെയിനാണ് രോഗം ഏറ്റവും കൂടുതല്‍ ഗ്രസിച്ച രണ്ടാമത്തെ രാഷ്ട്രം. ഇറ്റലിയെ മറികടന്നാണ് സ്‌പെയിനില്‍ രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം കുതിക്കുന്നത്. 1,26,168 കൊവിഡ് രോഗികളാണ് സ്പെയിനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇറ്റലിയില്‍ 1,24,632 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ ജര്‍മനിയിലും ഫ്രാന്‍സിലും ലക്ഷത്തോടടുക്കുകയാണ്. 15,362 ആണ് ഇറ്റലിയില്‍ ഇതുവരെയുള്ള ആകെ മരണം. സ്‌പെയിനില്‍ 11,947ഉം. ഇന്നലെ മാത്രം സംഭവിച്ചത് 809 മരണങ്ങളാണ്.

ഫ്രാന്‍സില്‍ മരണം 7560 ആയിട്ടുണ്ട്. ബ്രിട്ടന്‍ (4313), ജര്‍മനി (1444) എന്നിങ്ങനെയാണ് കൊവിഡ് വ്യാപനത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന മറ്റു രാഷ്ട്രങ്ങളിലെ കണക്ക്. എന്നാല്‍, ഇറ്റലിയില്‍ പുതിയ രോഗികള്‍ പൊതുവെ കുറഞ്ഞതായാണ് വിലയിരുത്തല്‍. രോഗം ആദ്യം കണ്ടെത്തിയ ചൈനയില്‍ വൈറസ് ബാധിതരുടെ എണ്ണം വളരെ കുറഞ്ഞു. 24 മണിക്കൂറിനിടെ 30 പേര്‍ക്കു മാത്രമാണ് ഇവിടെ കൊവിഡ് പോസിറ്റീവായത്.

Latest