Connect with us

Ongoing News

രോഗീ സൗഹൃദ പൊതുആരോഗ്യ സേവനം രക്ഷയേകും

Published

|

Last Updated

കേരളത്തിന്റെ ആരോഗ്യ മേഖലയുടെ സമഗ്ര പുരോഗതിക്കായി കേരള സർക്കാർ നടപ്പാക്കുന്ന രോഗീ സൗഹൃദ ആശുപത്രി സംരംഭമായ ആർദ്രം ദൗത്യം സർക്കാർ ആശുപത്രികളുടെ സ്വഭാവത്തിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്.

സർക്കാർ ആശുപത്രികളിലെ ചികിത്സാ സൗകര്യം വർധിപ്പിക്കുക, പൊതുജനങ്ങൾക്ക് പരമാവധി സൗജന്യ ചികിത്സ ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയിൽ പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള ആശുപത്രികളെ രോഗീ സൗഹൃദമാക്കി ഗുണമേന്മയുള്ള ആരോഗ്യ സേവനം ഉറപ്പാക്കി വരികയാണ്. ഒ പി സംവിധാനങ്ങളുടെ നവീകരണം, ജില്ലാ-താലൂക്കുതല ആശുപത്രികളുടെ നിലവാരം ഏകീകരിക്കൽ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തൽ, ആരോഗ്യ രംഗത്തെ ഇടപെടലിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സജ്ജമാക്കൽ എന്നീ നാല് ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ് ആർദ്രം പദ്ധതി.

രോഗികൾക്ക് ഗുണമേന്മയും സൗഹാർദപരവുമായ സേവനം ഉറപ്പാക്കുക, ജില്ലാ താലൂക്ക് ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി, സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കുക, രോഗികൾക്ക് മാർഗരേഖ (പ്രോട്ടോക്കോൾ) പ്രകാരമുള്ള ചികിത്സയും പരിചരണവും ലഭ്യമാക്കുക എന്നിവയാണ് ആർദ്രം പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നത് വഴി ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ആരോഗ്യ സംബന്ധമായ ആവശ്യങ്ങൾ നിറവേറ്റുന്നു. ആവശ്യമെങ്കിൽ ഉയർന്ന തലത്തിലേക്ക് രോഗികളെ റഫർ ചെയ്യുകയും രോഗപ്രതിരോധ പ്രവർത്തങ്ങൾ, പുനരധിവാസ പ്രവർത്തനങ്ങൾ എന്നിവയിൽ കാര്യക്ഷമമായി ഇടപെടുകയും ചെയ്യുന്ന അവസ്ഥയിലേക്ക് സ്ഥിതി മാറിയിട്ടുണ്ട്. ഒ പി വിഭാഗത്തിലെ ആധുനിക വത്കരിച്ച രജിസ്ട്രേഷൻ, ടോക്കൺ സംവിധാനങ്ങൾ, രോഗികളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന കൺസൾട്ടേഷൻ റൂമുകൾ, അത്യാഹിത വിഭാഗം, ഐ പി വിഭാഗം, ലബോറട്ടറി ഉൾപ്പെടെ മറ്റ് പരിശോധനാ സംവിധാനങ്ങൾ, ഫാർമസി, പ്രസവമുറി, ഓപറേഷൻ തിയറ്ററുകൾ തുടങ്ങിയ സൗകര്യങ്ങളിലൂടെ പൊതുആരോഗ്യ രംഗം അടിസ്ഥാനപരമായി മാറ്റത്തിനു വിധേയമായിട്ടുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബ ആരോഗ്യകേന്ദ്രങ്ങളായി മാറിയതിലൂടെ പ്രാഥമികാരോഗ്യ പരിചരണം നടന്നിരുന്ന പി എച്ച് സിയും ഉപകേന്ദ്രങ്ങളും മാത്യ-ശിശു ആരോഗ്യകാര്യങ്ങൾക്കും പകർച്ചവ്യാധി പ്രതിരോധത്തിലും വലിയ പങ്ക് വഹിക്കുന്നു. രക്തസമ്മർദം, പ്രമേഹം ഉൾപ്പെടെ ജീവിതശൈലീ രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനും ഈ കേന്ദ്രങ്ങൾ ഊന്നൽ നൽകുന്നു.

കേരളത്തിൽ 15 ശതമാനം കുട്ടികളിൽ പ്രമേഹവും 20 ശതമാനം കുട്ടികളിൽ രക്തസമ്മർദവും കണ്ടുവരുന്ന സാഹചര്യമാണുള്ളത്. ഈ അവസ്ഥക്ക് പരിഹാരം കാണാൻ ആശുപത്രി സജ്ജീകരണങ്ങളല്ല ആവശ്യമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസി. പ്രഫസർ ഡോ. ടി എസ് അനീഷ് പറയുന്നു. ഭാവി തലമുറ ഈ രോഗാവസ്ഥയിലേക്ക് മാറാതിരിക്കാനുള്ള മുൻകരുതൽ വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമായിത്തീരണം. വ്യായാമത്തിനായി കുട്ടികളെ സജ്ജരാക്കുന്നതോടൊപ്പം അവർക്കാവശ്യമായ കളിസ്ഥലങ്ങളും ഉണ്ടാവേണ്ടതുണ്ട്. അതോടൊപ്പം ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ ഉണ്ടാവണം.

ആരോഗ്യത്തെ തകർക്കുന്ന ഭക്ഷണ വിൽപ്പനക്ക് കർശനമായ നിയന്ത്രണം ഉണ്ടാവണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പകർച്ചവ്യാധികളെ തുരത്താൻ മുൻ കരുതലുകൾക്ക് വലിയ പ്രാധാന്യമുണ്ട്. സർക്കാറുകൾ യഥാകാലം നൽകുന്ന മുൻകരുതലുകളെ അതേ ഗൗരവത്തിൽ പാലിക്കാനുള്ള പൊതുബോധം സമൂഹത്തിൽ സൃഷ്ടിക്കേണ്ടതുണ്ടെന്ന് കേരളത്തിൽ മെഡിക്കൽ ഓഫീസർമാരുടെ സംഘടന കെ ജി എം ഒ എ പറയുന്നു. കൊറോണക്കാലത്തും മുൻകരുതൽ നിർദേശങ്ങൾ വൻതോതിൽ ലംഘിക്കാനുള്ള ചിലരുടെ നീക്കം സമൂഹത്തിൽ സൃഷ്ടിച്ച ആശങ്ക ചെറുതല്ല. എന്നാൽ വലിയൊരു വിഭാഗം സ്വയം നിയന്ത്രണത്തിനു തയ്യാറായി. നമ്മുടെ തെരുവുകളിലെല്ലാം ആൾപ്പെരുമാറ്റം കുറഞ്ഞതു മുൻകരുതൽ നിദേശങ്ങൾ പാലിക്കുന്നതിന്റെ ഫലമാണ്. സമ്പൂർണ അടച്ചിടൽ പോലുള്ള മുൻകരുതലുകൾ ആവശ്യമാണെന്നും താത്കാലികമായ പ്രയാസങ്ങൾ സഹിച്ചാൽ മാത്രമേ കൂട്ടമരണത്തെ പ്രതിരോധിക്കാനാവൂ എന്നും കെ ജി എം ഒ എ ചൂണ്ടിക്കാട്ടുന്നു.

ലോകാരോഗ്യ സംഘടന മഹാമാരിയായും കേന്ദ്രസർക്കാർ ദേശീയദുരന്തമായും പ്രഖ്യാപിച്ച കൊവിഡ്-19നെ പ്രതിരോധിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്കും നിർണായക പങ്ക് വഹിക്കാനുണ്ട്. ആരോഗ്യരംഗത്ത് കേരളം കാണിക്കുന്ന ജാഗ്രതയൊടൊപ്പം വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർക്കും കുടുംബത്തിനും സാമൂഹികപിന്തുണയും പരിചരണവും നൽകുന്ന കാര്യത്തിൽ തദ്ദേശ ഭരണ സ്ഥാനപങ്ങൾക്ക് മുഖ്യ പങ്ക് വഹിക്കാൻ കഴിയുമെന്ന് മന്ത്രി എ സി മൊയ്തീൻ പറയുന്നു. കൂടുതൽ പരിഗണന ലഭിക്കേണ്ട ജനവിഭാഗങ്ങൾക്ക് ഈ പ്രത്യേക സാഹചര്യത്തിൽ ശ്രദ്ധയും ബോധവത്കരണവും പരിചരണവും ഉറപ്പാക്കേണ്ടതുണ്ട്. ഭാവിപ്രവർത്തനങ്ങൾക്കുള്ള തയ്യാറെടുപ്പും തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം. ആരോഗ്യവകുപ്പിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ച് തദ്ദേശസ്ഥാപനങ്ങൾ ബോധവത്കരണം സംഘടിപ്പിക്കേണ്ടതാണ്.

രോഗവ്യാപന സാധ്യതകൾ, പ്രതിരോധമാർഗങ്ങൾ, രോഗം പടരാതെ നോക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിൽ വയോജനങ്ങൾ, സാന്ത്വനചികിത്സയിലുള്ളവർ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ, തീരദേശവാസികൾ, ചേരികളിൽ താമസിക്കുന്നവർ, കെയർഹോം അന്തേവാസികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, അതിഥിത്തൊഴിലാളികൾ തുടങ്ങിയവർക്ക് പ്രാമുഖ്യം നൽകണമെന്നും അദ്ദേഹം നിർദേശിക്കുന്നു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest