കൃത്രിമ ക്ഷാമവും വിലക്കയറ്റവും തടയണം

സംസ്ഥാനാതിര്‍ത്തികളില്‍ വാഹന ഗതാഗതത്തിനു കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുകയും ആളുകള്‍ ആവശ്യത്തില്‍ കവിഞ്ഞ് സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് ഭക്ഷ്യ വസ്തുക്കളുടെ വിലനിലവാരം ഉയരാന്‍ തുടങ്ങിയത്.
Posted on: March 25, 2020 11:00 am | Last updated: March 25, 2020 at 11:00 am

കൊറോണ രോഗവ്യാപനം വിപണികളില്‍ വിലക്കയറ്റമോ ഉത്പന്നങ്ങള്‍ക്കു ക്ഷാമമോ ഉണ്ടാക്കില്ലെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അടിക്കടി ജനങ്ങളെ സമാധാനിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ടെങ്കിലും രാജ്യത്തെ എഴുപത്തിയഞ്ചോളം ജില്ലകളിലും ചില സംസ്ഥാനങ്ങളില്‍ മൊത്തത്തിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിപണി ഉത്പന്നങ്ങള്‍ക്ക് വിശേഷിച്ചും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ക്കും വിലക്കയറ്റവും ക്ഷാമവും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ആദ്യം ഫേസ് മാസ്‌കുകളുടെ വിലയാണ് കുത്തനെ ഉയര്‍ന്നത്. മരുന്നുകളുടെ നിര്‍മാണ ഘടകങ്ങളുടെ 70 ശതമാനവും മാസ്‌ക് നിര്‍മാണത്തിന് ഉപയോഗിക്കുന്ന നോണ്‍ വോവന്‍ ഫാബ്രിക്കും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. പല ഔഷധ നിര്‍മാതാക്കളും ഗുളികകള്‍ നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ചൈനയില്‍ നിന്നാണ് വരുത്തുന്നത്. ചൈനയില്‍ കൊറോണ പടര്‍ന്നു പിടിച്ചതിനു പിന്നാലെ അവിടെ നിന്നുള്ള ഉത്പന്നങ്ങളുടെ വരവ് നിലച്ചു. അതോടെ പനിക്കും ജലദോഷത്തിനുമുള്ള പാരസറ്റാമോള്‍, ബാക്ടീരിയ മൂലമുള്ള അണുബാധക്ക് ഉപയോഗിക്കുന്ന ചില ആന്റിബയോട്ടിക്കുകള്‍ തുടങ്ങിയ മരുന്നുകള്‍ക്ക് ക്ഷാമം നേരിട്ടു. അവസരം മുതലെടുത്ത ഔഷധ വ്യാപാരികള്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയും ചെയ്തു. എങ്കിലും മരുന്നു നിര്‍മാതാക്കള്‍ക്ക് ഒരു വര്‍ഷത്തില്‍ പരമാവധി 10 ശതമാനമേ വില വര്‍ധിപ്പിക്കാനാകൂവെന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് ഔഷധ വിലയില്‍ ഒറ്റയടിക്കു വന്‍വര്‍ധന അനുഭവപ്പെടില്ല. മാസ്‌കുകളും അണുബാധ തടയുന്നതിനുള്ള സാനിറ്റൈസറുകളും അവശ്യ സാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുമുണ്ട്.

സംസ്ഥാനാതിര്‍ത്തികളില്‍ വാഹന ഗതാഗതത്തിനു കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുകയും ആളുകള്‍ ആവശ്യത്തില്‍ കവിഞ്ഞ് സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് ഭക്ഷ്യ വസ്തുക്കളുടെ വിലനിലവാരം ഉയരാന്‍ തുടങ്ങിയത്. കര്‍ണാടക, തമിഴ്‌നാട് ചെക്ക് പോസ്റ്റുകളില്‍ നിയന്ത്രണം കര്‍ശനമാക്കിയതോടെ കേരളത്തില്‍ അരി, പയറു വര്‍ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വില ഉയര്‍ന്നിട്ടുണ്ട്. അരിക്ക് രണ്ട് ദിവസത്തിനിടെ രണ്ടും മൂന്നും രൂപയാണ് ഉയര്‍ന്നതെങ്കില്‍ പച്ചക്കറികള്‍ക്ക് ഇരട്ടിയിലേറെ വിലവര്‍ധനവുണ്ടായി. വരും ദിവസങ്ങളില്‍ വില ഇനിയും കുത്തനെ ഉയരാനാണ് സാധ്യതയെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതേസമയം, അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഉത്പന്നങ്ങള്‍ക്ക് അവിടുത്തെ വിപണികളില്‍ വില വര്‍ധിച്ചിട്ടില്ലെന്നും അവശ്യസാധന ലഭ്യത പരിമിതമാകുമെന്ന പ്രചാരണത്തിന്റെ മറവില്‍ സംസ്ഥാനത്തെ ചില്ലറ വ്യാപാരികളാണ് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് അന്യായമായി വിലക്കയറ്റം സൃഷ്ടിക്കുന്നതെന്നുമാണ് മൊത്ത വ്യാപാരികള്‍ പറയുന്നത്. അനിയന്ത്രിതമായ വിലവര്‍ധനവിനെതിരെ പലയിടങ്ങളിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ചെക്ക് പോസ്റ്റുകളില്‍ ചരക്കു വണ്ടികള്‍ക്ക് നിയന്ത്രണമില്ലെന്നാണ് അധികൃത ഭാഷ്യമെങ്കിലും കേരളത്തില്‍ നിന്നുള്ള ചരക്കു ലോറികളെ അതിര്‍ത്തിയില്‍ നിന്ന് മടക്കി അയക്കുന്നതായി മൊത്തവ്യാപാരികള്‍ പറയുന്നു. നിത്യോപയോഗ സാധനങ്ങള്‍ കൊണ്ടുവരാനായി പോകുന്ന കേരള രജിസ്ട്രേഷനുള്ള ചില വാഹനങ്ങളെ, അങ്ങോട്ടുള്ള യാത്രയില്‍ ലോഡ് ഇല്ലാത്തത് കാരണം കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചയക്കുകയുണ്ടായി. ലോറികളിലെ ജീവനക്കാരെ അതിര്‍ത്തികളില്‍ കര്‍ശന സുരക്ഷാ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഇവര്‍ക്ക് പ്രതിരോധ നിര്‍ദേശങ്ങളും നല്‍കിവരുന്നുണ്ട്. ഇത് വാഹനങ്ങളുടെ നീക്കത്തിനും വിപണിയില്‍ ചരക്കുകളെത്താനും കാലതാമസം വരുത്തുന്നു.
വിലക്കയറ്റം സൃഷ്ടിക്കുന്നതില്‍ ഉപഭോക്താക്കള്‍ക്കുമുണ്ട് ചെറുതല്ലാത്ത പങ്ക്. ചരക്കു ക്ഷാമം അനുഭവപ്പെടുമെന്ന ആശങ്കയില്‍ സമ്പന്നരും ഇടത്തരക്കാരും വന്‍തോതിലാണ് കടകളില്‍ നിന്ന് അരിയും മറ്റു സാധനങ്ങളും വാങ്ങി സ്റ്റോക്ക് ചെയ്യുന്നത്. മാസങ്ങളോളം ഉപയോഗിക്കാന്‍ ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട് ചിലര്‍. ജനതാ കര്‍ഫ്യൂവിനു തൊട്ടുമുമ്പുള്ള രണ്ട് ദിവസങ്ങളില്‍ അസാധാരണ തിരക്കായിരുന്നു സംസ്ഥാനത്തെ മിക്ക കടകളിലും. ഒരേസമയം കടകളില്‍ നിശ്ചിത എണ്ണം ആളുകളേ കയറാവൂ എന്ന് നിര്‍ദേശമുണ്ടെങ്കിലും മിക്കയിടത്തും അത് പാലിക്കപ്പെട്ടിരുന്നില്ല. നഗരങ്ങളിലെ ചില സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ജനത്തിരക്ക് നിയന്ത്രിക്കാന്‍ പോലീസിനു ഇടപെടേണ്ടി വന്നു. ഈ അവസരം മുതലെടുത്ത് ചില കടക്കാര്‍ സാധനങ്ങള്‍ക്കു വിലകൂട്ടി കൊള്ളലാഭം കൊയ്യുകയുമുണ്ടായി. ശനിയാഴ്ച പല കടകളും കാലിയായി നേരത്തേ അടക്കേണ്ടി വന്നു. അതാതു ദിവസത്തെ വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കുന്ന കൂലിപ്പണിക്കാരെയും സാധാരണക്കാരെയും ഇത് പ്രയാസത്തിലാക്കി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രൂക്ഷമായ ഭക്ഷ്യക്ഷാമത്തിനു സാധ്യതയുണ്ടെന്ന സാമൂഹിക മാധ്യമങ്ങിലെ വ്യാപകമായ പ്രചാരണമാണ് അസാധാരണ തിരക്കിനു പ്രധാന കാരണം.

യുദ്ധം, പ്രകൃതിക്ഷോഭങ്ങള്‍ തുടങ്ങി ജനങ്ങള്‍ പ്രതിസന്ധിയിലും ഭീതിയിലുമാകുമ്പോള്‍ അവസരം മുതലെടുത്ത് വിപണികളില്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കലും വിലക്കയറ്റവും പതിവാണ്. ഇപ്പോഴത്തെ ഭീതിദമായ അന്തരീക്ഷത്തില്‍ ഇത്തരം അധാര്‍മികവും മനുഷ്യത്വ വിരുദ്ധവുമായ നീക്കങ്ങള്‍ നടത്തരുതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളും വ്യാപാരി സംഘടനകളും കച്ചവടക്കാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ചരക്കുകള്‍ കണ്ടുകെട്ടുന്നതുള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിര്‍ദേശമുണ്ട്. ഇക്കാര്യത്തില്‍ അധികൃതരുടെ കര്‍ശന നിരീക്ഷണം ആവശ്യമാണ്. അതിര്‍ത്തികളില്‍ ചരക്കു വാഹനങ്ങളുടെ നീക്കത്തിനു കാലതാമസം വരാതിരിക്കാനും രാജ്യം കടുത്ത ക്ഷാമത്തിലേക്ക് നീങ്ങുന്നുവെന്ന തരത്തിലുള്ള സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ തടയാനും കര്‍ശന നടപടി സ്വീകരിക്കേണ്ടതുണ്ട്.