Connect with us

National

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജിവെച്ചു

Published

|

Last Updated

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജിവെച്ചു. പത്രസമ്മേളനത്തിലാണ് കമല്‍നാഥ് രാജിക്കാര്യം അറിയിച്ചത്. രാജിക്കത്ത് ഒരുമണിക്ക് ഗവര്‍ണര്‍ക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു

15 മാസം സംസ്ഥാനത്തെ ശരിയായ ദിശയില്‍ നയിക്കാനാണ് ശ്രമിച്ചത്. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപി ഓരോ ദിവസവും ഗൂഢാലോചന നടത്തി. കോടിക്കണക്കിന് രൂപ ഒഴുക്കിയാണ് എംഎല്‍എമാരെ രാജിവെപ്പിച്ചത്. ഇതിന് ജനം മാപ്പ് നല്‍കില്ല. ഒരു മഹാരാജാവും ഭൃത്യന്‍മാരും നടത്തിയ ചരടുവലികള്‍ വൈകാതെ പുറത്തുവരും. ബിജെപി ജനാധിപത്യമൂല്യങ്ങള്‍ ഹനിച്ചു. ബിജെപി മധ്യപ്രദേശ് ജനതയെ വഞ്ചിച്ചുവെന്നും കമല്‍നാഥ് പറഞ്ഞു

നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് കമല്‍നാഥിന്റെ രാജി. ഇതോടെസംസ്ഥാനം വീണ്ടും ബിജെപി ഭരണത്തിലേക്ക് പോകുമെന്ന് ഉറപ്പായി.സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ഇന്ന് ഉച്ചക്ക് രണ്ടു മണിക്കാണ് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്.

ബിജെപിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയര്‍പ്പിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. രാജിവെച്ച 22 എംഎല്‍എമാരില്‍ 16 പേരുടെ രാജി വ്യാഴാഴ്ച രാത്രി സ്പീക്കര്‍ എന്‍ പി പ്രജാപതി സ്വീകരിച്ചിരുന്നു. ആറ്പേരുടെ രാജി നേരത്തേ സ്വീകരിച്ചതോടെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 98 ആയി ചുരുങ്ങി. ബിജെപിക്ക് 107 അംഗങ്ങളുണ്ട്.ഇതിനിടെ ഒരു ബിജെപി എംഎല്‍എ രാജിവെച്ചതും ശ്രദ്ധേയമാണ്.