കൊറോണ തടയാന്‍ കൈ കഴുകണം; പക്ഷേ മൊബൈല്‍ ഫോണ്‍?

ദിവസവും പല ആവര്‍ത്തി കൈ കഴുകുന്ന നമ്മള്‍ നമ്മുടെ സന്തത സഹചാരിയായ മൊബൈല്‍ ഫോണ്‍ ഇത്തരത്തില്‍ വൃത്തിയായി സൂക്ഷിക്കാറുണ്ടോ? കെറോണ തടയാന്‍ മൊബൈല്‍ ഫോണുകളും വൃത്തിയായി സൂക്ഷിക്കണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
Posted on: March 15, 2020 10:23 pm | Last updated: March 15, 2020 at 10:23 pm

കൊറോണ വൈറസ് വ്യാപനം തടയാന്‍ ദിവസവും പലതവണ കൈ കഴുകണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇത് പ്രോത്സാഹിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ ബ്രേക് ദി ചെയിന്‍ എന്ന പേരില്‍ ക്യാമ്പയിന്‍ തന്നെ തുടങ്ങിക്കഴിഞ്ഞു. പക്ഷേ ദിവസവും പല ആവര്‍ത്തി കൈ കഴുകുന്ന നമ്മള്‍ നമ്മുടെ സന്തത സഹചാരിയായ മൊബൈല്‍ ഫോണ്‍ ഇത്തരത്തില്‍ വൃത്തിയായി സൂക്ഷിക്കാറുണ്ടോ? കെറോണ തടയാന്‍ മൊബൈല്‍ ഫോണുകളും വൃത്തിയായി സൂക്ഷിക്കണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

പ്ലാസ്റ്റിക്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവയില്‍ വൈറസിന് രണ്ട് മൂന്ന് ദിവസം ജീവിക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ നടത്തിയ പരിശോധനകള്‍ വ്യക്തമാക്കുന്നു. ഫോണുകള്‍, കീബോര്‍ഡുകള്‍, ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ ഉയര്‍ന്ന ഹൈടച്ച് ഉപരിതലങ്ങളും ദിവസവും വൃത്തിയാക്കണമെന്നാണ് രോഗ നിയന്ത്രണ കേന്ദ്രങ്ങള്‍ നിര്‍ദേശിക്കുന്നത്. പക്ഷേ കൈ കഴുകുന്ന പോലെ സാനിറ്റൈസറുകള്‍ ഉപയോഗിച്ച് മൊബൈല്‍ കഴുകാന്‍ ശ്രമിച്ചാല്‍ അത് പ്രവര്‍ത്തനരഹിതമാകും.

മൊബൈല്‍ ഫോണ്‍ വൃത്തിയാക്കാന്‍ സാനിറ്റെസറുകള്‍ അതിലേക്ക് നേരിട്ട് സപ്രേ ചെയ്യരുത്. കീബോര്‍ഡുകള്‍ വൃത്തിയാക്കുന്നതിന് ഉപയോഗിക്കുന്ന കംപ്രസ്സ്എയര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചും ഇത്തരം അണുനാശിനികള്‍ തളിക്കരുത്. പകരം, ഫോണ്‍ ഓഫാക്കി എല്ലാ കേബിളുകളും അണ്‍പ്ലഗ് ചെയ്ത് വൃത്തിയാക്കല്‍ നടപടികളിലേക്ക് കടക്കാം.

70 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ക്ലോറോക്‌സ് വൈപ്പുകള്‍ ഉപയോഗിച്ചാണ് മൊബൈല്‍ ഫോണ്‍ ശുദ്ധീകരിക്കേണ്ടത്. മെഡിക്കല്‍ ഷോപ്പുകളില്‍ ഇത് ലഭിക്കും.

മൈക്രോഫൈബര്‍ ക്ലീനിംഗ് തുണി അല്ലെങ്കില്‍ ക്യാമറ ലെന്‍സുകളും ഗ്ലാസുകളും വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന തുണികള്‍ പോലുള്ളവ ഫോണ്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കാം. തുണി സോപ്പുവെള്ളത്തില്‍ മുക്കി തുടയ്ക്കാം. എന്നാല്‍ ഫോണില്‍ വെള്ളം കയറാതെ സൂക്ഷിക്കണം.

ലോകമെമ്പാടുമുള്ള 1,37,000 പേരെ ബാധിച്ച വൈറസിന്റെ വ്യാപനം കുറയ്ക്കാന്‍ പൊതുജനാരോഗ്യ അധികൃതര്‍ ശുപാര്‍ശ ചെയ്യുന്ന നിരവധി നടപടികളില്‍ ഒന്നാണ് ഫോണ്‍ വൃത്തിയാക്കല്‍.