മൂന്നാം തവണയും കപ്പില്‍ മുത്തമിട്ട് എ ടി കെ

Posted on: March 14, 2020 9:55 pm | Last updated: March 15, 2020 at 10:08 am

ഫറ്റോര്‍ഡ |  ഐ എസ് എല്ലില്‍ മൂന്ന് തവണ മുത്തമിടുന്ന ആദ്യ ടീമായി മാറി എ ടി കെ. കൊവിഡ് ഭീതി മൂലം അടച്ചിട്ട സ്റ്റേഡിയത്തില്‍ ഐ എസ് എല്‍ ആറാം സീസണിന്റെ കലാശപ്പോരില്‍ കരുത്തരായ ചെന്നൈ എഫ് സിയെ 3-1ന് മറികടന്നാണ് അത്‌ലറ്റികോ കൊല്‍ക്കത്ത ചാമ്പ്യന്‍മാരായാത്. സ്പാനിഷ് താരം ഹാവിയര്‍ ഹെര്‍ണാണ്ടസ് ( ഇരട്ടഗോള്‍) എഡു ഗാര്‍ഷ്യ എന്നിവരാണ് ചാമ്പ്യന്‍മാര്‍ക്കായി വല ചലിപ്പിച്ചത്. ഐ എസ് എല്‍ ഉദ്ഘാടന സീസണായ 2014ലും 2016ലുമായിരുന്നു എ ടി കെ മുമ്പ് കിരീടം നേടിയത്.

കളിയുട തുടക്കം മുതല്‍ തന്നെ വ്യക്തമായ മുന്നേറ്റം നടത്താന്‍ കൊല്‍ക്കത്തന്‍ ടീമിന് കഴിഞ്ഞു. കളിയുടെ പത്താം മിനുട്ടില്‍ ഹാവിയര്‍ ഹെര്‍ണാണ്ടസാണ് വല ചലിപ്പിച്ചത്. റായ് കൃ്ഷണയുടെ ക്രോസില്‍ നിന്ന് മനോഹരമായൊരു സൈഡ് വോളിയിലൂടെ ആയിരുന്നു ഹെര്‍ണാണ്ടസിന്റെ ആദ്യ ഗോള്‍. 48-ാം മിനുട്ടില്‍ എഡു ഗാര്‍ഷ്യയിലൂടെ ലീഡ് ഉയര്‍ത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ ഉണര്‍ന്ന ചെന്നൈ 69-ാം മിനുട്ടില്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. നെരിയൂസ് വാല്‍സ്‌കിസാണ് സ്‌കോറര്‍. എന്നാല്‍ കളിയുടെ അവസാന നിമിഷം ഹാവിയര്‍ ഫെര്‍ണാണ്ടസ് കൊല്‍ക്കത്തന്‍ ടീമിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു.

എ ടി കെയുടെ സുമിത്ര റാട്ടിയാണ് എമര്‍ജിംഗ് താരം. എഫ് സി ഗോവയുടെ ഹ്യൂറോ ബൗമസാണ് സീസണിലെ മികച്ച താരം.