Editorial
യോഗി സര്‍ക്കാറിന് കോടതികളുടെ പ്രഹരം

ഇന്ത്യന്‍ നീതിന്യായ സംവിധാനം മരിച്ചിട്ടില്ലെന്നും വേണമെങ്കില്‍ നിര്‍ണായക ഘട്ടങ്ങളില്‍ നീതിയുക്തമായ തീരുമാനങ്ങളെടുക്കാന്‍ അതിനിപ്പോഴും ശേഷിയുണ്ടെന്നും ബോധ്യപ്പെടുത്തുന്നതാണ് കുറ്റാരോപിതരുടെ ചിത്രവും പേരും വിലാസവുമടക്കം ഉള്‍പ്പെടുത്തി ബാനറുകള്‍ സ്ഥാപിച്ച യു പി സര്‍ക്കാറിന്റെ നടപടിയില്‍ അലഹാബാദ് ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഉത്തരവുകള്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ ഡിസംബറില്‍ യു പിയില്‍ നടന്ന പ്രതിഷേധത്തിനിടെ ആക്രമണം അഴിച്ചുവിട്ടുവെന്നാരോപിച്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയവരുടെ ഫോട്ടോയും പേരുവിവരങ്ങളും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ലക്‌നോവിലെ കവലകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് ഇവര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അല്ലാത്തപക്ഷം സ്വത്ത് കണ്ടുകെട്ടുമെന്നും പരസ്യബോര്‍ഡില്‍ അറിയിക്കുകയുമുണ്ടായി. കുറ്റാരോപിതര്‍ക്ക് വ്യക്തിപരമായി അറിയിപ്പ് നല്‍കിയതിനു പുറമെയായിരുന്നു സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു കാടന്‍ നടപടി. ഇത് പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവും ഭരണഘടനയുടെ 21ാം വകുപ്പിന്റെ ലംഘനവുമാണെന്നും ഉടനടി നീക്കം ചെയ്യണമെന്നുമായിരുന്നു കോടതികളുടെ ഉത്തരവ്.
ആളുകളുടെ വ്യക്തിവിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിലൂടെ അവരെ മാനസികമായി മുറിവേല്‍പ്പിച്ചുവെന്നു മാത്രമല്ല, ഭരണഘടനാ മൂല്യങ്ങള്‍ക്കു കൂടി മുറിവേല്‍പ്പിച്ചിരിക്കുകയാണ് യു പി സര്‍ക്കാറെന്നു വിധി പ്രസ്താവത്തില്‍ അലഹാബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് എല്ലാ പൗരന്മാരോടും മര്യാദയോടെയും ബഹുമാനത്തോടെയും പെരുമാറേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജനാധിപത്യ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നതാണ് ഈ കേസിലെ പ്രധാന വിഷയമെന്നും ജസ്റ്റിസുമാരായ ഗോവിന്ദ് മാഥൂര്‍, രമേശ് സിന്‍ഹ എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു. അലഹാബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അവധി ദിനമായ ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തിയാണ് വിധി പ്രഖ്യാപനം നടത്തിയത്. മാര്‍ച്ച് 16നകം പോസ്റ്ററുകള്‍ നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു. ഹൈക്കോടതിയുടെ മേല്‍ ഉത്തരവ് ചോദ്യം ചെയ്ത് യോഗി ആദിത്യനാഥ് ഭരണകൂടം നല്‍കിയ അപ്പീലിലാണ് സര്‍ക്കാറിനെ വീണ്ടും പ്രതിക്കൂട്ടിലാക്കുന്ന സുപ്രീം കോടതി ഉത്തരവ് വന്നത്. കുറ്റാരോപിതരുടെ ചിത്രവും വിലാസവുമടക്കം ഉള്‍പ്പെടുത്തി ബാനറുകള്‍ സ്ഥാപിച്ചതിന് നിയമത്തിന്റെ പിന്തുണയില്ലെന്നായിരുന്നു ജസ്റ്റിസുമാരായ യു യു ലളിത്, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന പരമോന്നത കോടതിയുടെ അവധിക്കാല ബഞ്ചിന്റെ വിധി. സര്‍ക്കാര്‍ അപ്പീല്‍ കോടതി വിശാല ബഞ്ചിന് വിടുകയും ചെയ്തു.
യഥാര്‍ഥത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ യു പിയില്‍ നടന്ന പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് അരങ്ങേറിയ, ഇരുപത് പേര്‍ കൊല്ലപ്പെടാനിടയായ സംഘര്‍ഷത്തില്‍ സമരക്കാര്‍ നിരപരാധികളാണ്. പോലീസും സംഘ്പരിവാര്‍ ഗുണ്ടകളും ചേര്‍ന്ന് സമാധാനപരമായി സമരം നടത്തുന്നവരെ തല്ലിച്ചതക്കുകയും വീടുകളും കടകളും വാഹനങ്ങളും നശിപ്പിച്ച ശേഷം സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വം അവരുടെ മേല്‍ വെച്ചുകെട്ടുകയുമായിരുന്നു. മുസ്‌ലിംകളെ തിരഞ്ഞു പിടിച്ചാണ് യോഗിയുടെ പോലീസ് സംഹാര താണ്ഡവമാടിയത്. സാമൂഹിക പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറിന്റെ നേതൃത്വത്തില്‍ സംഘര്‍ഷ ബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച വസ്തുതാന്വേഷ സംഘം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തികച്ചും ഭരണകൂട അക്രമമാണ് യു പിയില്‍ നടന്നതെന്നും അതിക്രൂരമായ നടപടികളിലൂടെ ഉത്തര്‍പ്രദേശ് പോലീസ് മുസ്‌ലിംകളെ വേട്ടയാടുകയായിരുന്നുവെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംഘത്തിലുണ്ടായിരുന്ന സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ് വെളിപ്പെടുത്തി. 1984ല്‍ ഡല്‍ഹിയും 2002ല്‍ ഗുജറാത്തും കണ്ട വംശഹത്യയുടെ മറ്റൊരു പതിപ്പാണ് യു പിയില്‍ നടന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു പോലീസിന്റെ തേര്‍വാഴ്ച. പ്രതിഷേധക്കാരെ അടിച്ചു ചമ്മന്തിയാക്കി അവരെ ഒരു പാഠം പഠിപ്പിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി ഒരു മുതിര്‍ന്ന പോലീസ് ഓഫീസറുടെ വോയ്‌സ് ക്ലിപ്പ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച കാര്യവും യാദവ് ചൂണ്ടിക്കാട്ടി.
യു പി പോലീസ് അവരുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ മുസ്‌ലിംവേട്ട നടത്തിയ ശേഷം സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും കുടുംബങ്ങള്‍ക്കുമെതിരെ വ്യാജ എഫ് ഐ ആറുകള്‍ തയ്യാറാക്കി കുറ്റാരോപിതരുടെ ഫോട്ടോയും പേരുവിവരങ്ങളും കവലകളില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. പ്രതികളെന്ന പേരില്‍ അറസ്റ്റ് ചെയ്ത ബഹുഭൂരിഭാഗവും നിരപരാധികളാണെന്നും സര്‍ക്കാര്‍ ആരോപിക്കുന്നത് പോലെ അവരൊന്നും രാജ്യദ്രോഹ കുറ്റം ചെയ്തിട്ടില്ലെന്നും കണ്ട് കോടതി വെറുതെ വിടുകയും ജാമ്യം അനുവദിക്കുകയും ചെയ്തതോടെയാണ് പ്രതികാര ബുദ്ധിയോടെ യോഗി സര്‍ക്കാര്‍ കവലകളില്‍ അവരെ അവഹേളിക്കുന്ന തരത്തില്‍ പോസ്റ്ററുകള്‍ സ്ഥാപിച്ചത്. ഈ വിഷയത്തിലാണ് കോടതികള്‍ യോഗി സര്‍ക്കാറിനെ കടിച്ചു കുടഞ്ഞത്. സമരക്കാര്‍ ആക്രമണം നടത്തുകയോ നിയമം ലംഘിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ അവരോട് സ്വീകരിക്കേണ്ട നിലപാടുകളെയും എടുക്കേണ്ട നടപടികളെയും സംബന്ധിച്ച് നിയമവ്യവസ്ഥയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിലൊരിടത്തും കുറ്റവാളികളുടെ പേരുകളും വിവരങ്ങളും ഫോട്ടോയും കവലകളില്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശിക്കുന്നില്ല. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ബാധ്യസ്ഥമായ ഭരണകൂടത്തെ നിയമം അതിനനുവദിക്കുന്നുമില്ല. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ പ്രഖ്യാപന രേഖകളില്‍ സ്വകാര്യത മനുഷ്യാവകാശമായി കണക്കാക്കിയതുമാണ്. സ്വകാര്യത ഒരു വ്യക്തിയുടെ മൗലികാവകാശമാണെന്നും ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ നിര്‍ണായക ഘടകമാണതെന്നും 2017 ആഗസ്റ്റില്‍ ആധാര്‍ കേസില്‍ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബഞ്ച് അസന്നിഗ്ധമായി പ്രഖ്യാപിച്ചതുമാണ്. എല്ലാ നിലയിലും സംരക്ഷണം അര്‍ഹിക്കുന്ന ഈ അവകാശത്തെയാണ് യു പി ഭരണകൂടം വലിച്ചു ചീന്തിയത്. ജുഡീഷ്യറി ഭരണകൂടത്തിന്റെ ചട്ടുകമായി മാറുന്നുവോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെ അതേക്കുറിച്ചുള്ള ജനവിശ്വാസം പാടേ നശിക്കാതിരിക്കാന്‍ സഹായകമാണ് അലഹാബാദ് ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും മേല്‍വിധികള്‍.