Connect with us

Covid19

സഊദിയില്‍ 17 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 62 ആയി

Published

|

Last Updated

ദമാം | സഊദിയില്‍ പുതുതായി 17 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധ കണ്ടെത്തിയവരുടെ എണ്ണം 62 ആയി. പുതുതായി രോഗം കണ്ടെത്തിയവരില്‍ 11 പേര്‍ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മക്കയിലെ ഐസൊലേഷനില്‍ കഴിയുന്ന ഈജിപ്തുകാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. കഴിഞ്ഞദിവസം ഇയാളുമായി ബന്ധപ്പെട്ട 21 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു.

കിഴക്കന്‍ പ്രവിശ്യയില്‍ ഇറാഖ് സന്ദര്‍ശനം കഴിഞ്ഞ് ഒമാന്‍ വഴി സഊദിയിലെത്തിയ ഒരു സ്ത്രീക്കും ഖത്വീഫില്‍ രണ്ടു സ്ത്രീകള്‍ക്കും തുര്‍ക്കിയില്‍ നിന്നും ലെബനാന്‍ മാര്‍ഗം ജിദ്ദയിലെത്തിയ ഒരു സ്ത്രീക്കും തലസ്ഥാനമായ റിയാദില്‍ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഒരാള്‍ക്കും പോര്‍ച്ചുഗലില്‍ നിന്നും തുര്‍ക്കി വഴി എത്തിയ ഒരാള്‍ക്കുമാണ് പുതുതായി രോഗം കണ്ടെത്തിയിരിക്കുന്നത്. ഇവരെ അല്‍ഹസ്സ, ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും സഊദിയിലെത്തുന്ന മുഴുവന്‍ യാത്രക്കാരും ആരോഗ്യ മന്ത്രാലയത്തിന്റെ 937 എന്ന ടോര്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു

ഓഡിറ്റോറിയങ്ങളിലും ഇസ്തിറാഹകളിലും പരിപാടികള്‍ക്ക് വിലക്ക്
കൊവിഡ് 19 ജാഗ്രതാ നടപടികളുടെ ഭാഗമായി രാജ്യത്തെ മുഴുവന്‍ ഹോട്ടലികളിലും ഓഡിറ്റോറിയം, ഇസ്തിറാഹകള്‍ എന്നിവിടങ്ങളില്‍ വിവാഹാഘോഷ പരിപാടികള്‍ തുടങ്ങിയ മുഴുവന്‍ പൊതു പരിപാടികള്‍ക്കും സഊദി ആഭ്യന്തര മന്ത്രാലയം താത്ക്കാലിക വിലക്കേര്‍പ്പെടുത്തി. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്താണ് പുതിയ നടപടികള്‍. വിലക്കുകള്‍ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിനുള്ള ചുമതല രാജ്യത്തെ ഗവര്‍ണറേറ്റുകള്‍ക്കും നല്‍കിയിട്ടുണ്ട്. നേരെത്തെ ബുക്ക് ചെയ്ത വിവാഹാഘോഷങ്ങളും മറ്റു പരിപാടികളും നിര്‍ത്തിവെക്കാനും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.

Latest