Connect with us

Editorial

തെരുവുകള്‍ നായ്ക്കളാൽ പരീക്ഷിക്കപ്പെടുന്ന മനുഷ്യർ

Published

|

Last Updated

സംസ്ഥാനത്തിന്റെ നാനാഭാഗത്തു നിന്നും ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് തെരുവുനായ ആക്രമണ വാര്‍ത്തകള്‍. തൃശൂര്‍ ചെറുതുരുത്തി കൊളമ്പുമുക്കില്‍ ചൊവ്വാഴ്ച എസ് എസ് എല്‍ സി പരീക്ഷക്കിടെ ഒരു വിദ്യാര്‍ഥിക്ക് തെരുവുനായയുടെ കടിയേല്‍ക്കുകയുണ്ടായി. പരീക്ഷാ ഹാളില്‍ കയറിയ തെരുവുനായ പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാര്‍ഥിയുടെ കൈയില്‍ കടിക്കുകയായിരുന്നു. ഉടനെ മറ്റു അധ്യാപകര്‍ ക്ലാസ് മുറികളുടെ വാതിലുകള്‍ അടച്ചതിനാലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് കടിയേല്‍ക്കാതിരുന്നത്. ഈ മാസം രണ്ടിനാണ് ഹരിപ്പാട് പിലാപ്പുഴ വടേക്കോട്ട് വീട്ടില്‍ ഒറ്റക്ക് താമസിക്കുകയായിരുന്ന ആരൂര്‍ എല്‍ പി സ്‌കൂളിലെ മുന്‍ ഹെഡ്മിസ്ട്രസ് രാജമ്മയെ തെരുവുനായ കടിച്ചു കൊന്നത.് കഴിഞ്ഞ ജനുവരി എട്ടിന് മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ തെരുവുനായ കുരച്ചു പിന്തുടരുന്നത് കണ്ട് ഭയന്ന കുന്നംകുളത്ത് അക്കിക്കാവ് ചില്‍ഡ്രന്‍സ് നഗര്‍ സ്വദേശി ശകുന്തളയെന്ന വയോധിക ബൈക്കില്‍ നിന്ന് വീണു മരിച്ചു. കട്ടപ്പന കൊച്ചുതോവാളയില്‍ പേപ്പട്ടിയാക്രമണത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ കണ്ണിനും മുഖത്തും ഗുരുതര പരുക്കേറ്റു.

കാല്‍നടയാത്രക്കാര്‍ക്കു വഴിനടക്കാന്‍ പറ്റാത്ത വിധം രൂക്ഷമാണിന്ന് തെരുവുനായ്ക്കളുടെ വിഹാരം. കൂട്ടംചേര്‍ന്നെത്തുന്ന നായ്ക്കള്‍ പലപ്പോഴും ഇരുചക്രവാഹന യാത്രക്കാര്‍ക്കും ഭീഷണി സൃഷ്ടിക്കുന്നു. കാലത്ത് പള്ളികളില്‍ നിസ്‌കാരത്തിനും അമ്പലങ്ങളില്‍ തൊഴാനും പോകുന്നവര്‍ക്കും സ്‌കൂളുകളിലും മദ്‌റസകളിലും ട്യൂഷന്‍ സെന്ററുകളിലും പഠനത്തിനു പോകുന്ന കുട്ടികള്‍ക്കും നായ്ക്കള്‍ കടുത്ത ഭീഷണിയാണ്. വൈകുന്നേരം സ്‌കൂള്‍ വിടുന്ന സമയങ്ങളില്‍ വഴികളില്‍ ഇവ കൂട്ടംകൂടി നില്‍ക്കുന്നതിനാല്‍ കുട്ടികള്‍ക്കു തിരിച്ചു വീട്ടിലെത്താന്‍ കൂട്ടിനു രക്ഷിതാക്കളെത്തേണ്ടി വരുന്നു. രാത്രി- പകല്‍ വ്യത്യാസമില്ലാതെ തെരുവുകളിലും ബസ്്സ്റ്റാൻഡുകളിലും ഇവ കൂട്ടംകൂടി നില്‍ക്കുന്നു. രാത്രി കടകളടക്കുന്നതോടെ റോഡുകളും കടത്തിണ്ണകളും ഇവ കൈയടക്കുന്നു.
നേരത്തേ തെരുവുനായ്ക്കളുടെ ശല്യം വര്‍ധിക്കുമ്പോള്‍ പഞ്ചായത്ത് ഭരണസമിതിയുടെ കീഴില്‍ അവയെ കൊന്നൊടുക്കുന്ന പതിവുണ്ടായിരുന്നു. നായ്ക്കളെ ഇരുമ്പ് വളയത്തില്‍ കുരുക്കി കൊല്ലാനറിയുന്നവരുടെ സഹായത്തോടെയായിരുന്നു ഇത് ചെയ്തിരുന്നത്. 2016ല്‍ നായ്ക്കളെ കൊല്ലുന്നതിനായി ചില സംഘടനകള്‍ പിറവിയെടുക്കുകയും പൊതുപ്രവര്‍ത്തകന്‍ ജോസ് മാവേലിയുടെ നേതൃത്വത്തില്‍ പലയിടങ്ങളിലും കൂട്ടത്തോടെ കൊന്നൊടുക്കുകയും ചെയ്തിരുന്നു.

അക്രമകാരികളായ നായ്ക്കളെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അന്ന് ചിലര്‍ ഇവകളെ നിയന്ത്രിക്കാന്‍ മുന്നോട്ടുവന്നത്. നായശല്യം കുറക്കാന്‍ വലിയൊരളവോളം ഇത് സഹായകമായിരുന്നു. പിന്നീട് “മൃഗസ്‌നേഹികളു”ടെ എതിര്‍പ്പിനെ തുടര്‍ന്ന് കൊല്ലുന്നത് നിരോധിച്ചതോടെ നായ്ക്കളെ വന്ധ്യംകരിക്കുന്ന ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ ബി സി)പദ്ധതി നടപ്പാക്കി തുടങ്ങി. നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിനു വിധേയമാക്കുകയും പേവിഷബാധക്കെതിരായ കുത്തിവെപ്പ് നടത്തുകയും ചെയ്ത ശേഷം ചെവിയില്‍ അടയാളമിട്ട് പിടികൂടിയ സ്ഥലത്ത് തന്നെ ഉപേക്ഷിക്കുകയാണ് ചെയ്യുക. വന്ധ്യംകരിക്കുന്നതോടെ നായയുടെ ശൗര്യവും ആക്രമണ പ്രവണതയും കുറയുമെന്നാണ് പറയപ്പെടുന്നത്. ആന്റീ റാബീസ് കുത്തിവെക്കുന്നതോടെ പേയിളകാനുള്ള സാധ്യതയും ഇല്ലാതാകുന്നു. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് കമ്മിറ്റികളും സാങ്കേതിക മേല്‍നോട്ടം വഹിക്കുന്നതിന് വെറ്ററിനറി ഓഫീസര്‍മാര്‍ അടങ്ങുന്ന ടെക്‌നിക്കല്‍ കമ്മിറ്റികളും രൂപവത്കരിച്ചാണ് ഇത് നടത്തി വന്നിരുന്നത്. ഇടക്കാലത്ത് കുടുംബശ്രീകളെ ഏല്‍പ്പിച്ചതോടെ ഈ പദ്ധതി താളം തെറ്റുകയും ഏറെക്കുറെ നിലച്ചുപോകുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ നായ്ക്കളുടെ എണ്ണവും അക്രമവും പൂര്‍വോപരി വര്‍ധിച്ചത്.
വന്ധ്യംകരണ പരിപാടി തെരുവുനായ ശല്യത്തിനു ഫലപ്രദമായ പദ്ധതിയല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വന്ധ്യംകരിച്ച നായകളും ആക്രമണ പ്രവണത കാണിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അക്രമ സ്വഭാവമുള്ളതും പേബാധിച്ചതുമായ നായ്ക്കളെ കൊല്ലാനുള്ള അനുമതി തന്നെയാണ് ഇതിനു പരിഹാരം.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സ്വയം അധികാരമുണ്ടെന്നു നേരത്തേ മന്ത്രി കെ ടി ജലീല്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. 2015ല്‍ അന്നത്തെ നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍ വിളിച്ചുചേര്‍ത്ത വിവിധ വകുപ്പ് മേധാവികളുടെ യോഗത്തില്‍ തെരുവുനായ്ക്കളെ കൊല്ലുന്നതിന് തടസ്സമില്ലെന്ന് നിയമ വകുപ്പ് സെക്രട്ടറി അറിയിച്ചതുമാണ്. ഹൈക്കോടതിയും ഇതിനു അനുമതി നല്‍കിയിട്ടുണ്ട്. നായകള്‍ പെരുകി മനുഷ്യനെ വ്യാപകമായി അക്രമിക്കുന്ന ഘട്ടത്തില്‍ “മൃഗസ്‌നേഹ”ത്തിന്റെ പേരില്‍ അവയെ കൊല്ലരുതെന്നു പറയുന്നത് മനുഷ്യപ്പറ്റുള്ളവര്‍ക്ക് അംഗീകരിക്കാനാകില്ല. മനുഷ്യനോളം വിലപ്പെട്ടതല്ലല്ലോ നായ്ക്കള്‍. നായ്ക്കളെ കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടിയ നിലവിലെ സാഹചര്യത്തില്‍ അവയെ കൊല്ലുന്നതിനുള്ള നടപടി സംസ്ഥാന തലത്തില്‍ അനിവാര്യമാണ്.
ഇതോടൊപ്പം തെരുവുനായ്ക്കളുടെ എണ്ണവും ശല്യവും വര്‍ധിക്കാനിടയായതിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കേണ്ടതുമുണ്ട്. വീടുകളില്‍ നായകളെ വളര്‍ത്തുന്നവര്‍ക്കും ഇതില്‍ ചെറുതല്ലാത്ത പങ്കുണ്ട്.

വളര്‍ത്തുനായ്ക്കള്‍ ഉപയോഗശൂന്യമാകുമ്പോള്‍ വഴിയോരങ്ങളില്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഇതും തെരുവുനായ്ക്കള്‍ വര്‍ധിക്കാനിടയാക്കുന്നു. രണ്ട് വര്‍ഷം മുമ്പുള്ള കണക്കനുസരിച്ച് എട്ട് ലക്ഷത്തോളം തെരുവുനായ്ക്കളുണ്ട് സംസ്ഥാനത്ത്. പൊതുയിടങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കും ഇതില്‍ വലിയ പങ്കുണ്ട്. സംസ്‌കാര സമ്പന്നരാണ് കേരളീയര്‍ എന്നാണ് പറയപ്പെടാറെങ്കിലും തെരുവുകളും പൊതുയിടങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതില്‍ നാം വളരെ പിന്നിലാണ്. ഇറച്ചിക്കടകളിലെയും ഹോട്ടലുകളിലെയും മറ്റും അവശിഷ്ടങ്ങള്‍ നിയമം കാറ്റില്‍ പറത്തിയും സാമൂഹിക ബോധമില്ലാതെയും വഴിയോരങ്ങളില്‍ ഉപേക്ഷിക്കുന്ന പ്രവണത വ്യാപകമാണ് സംസ്ഥാനത്ത്. നായ്ക്കള്‍ തെരുവുകളും വഴിയോരങ്ങളും കൈയടക്കാന്‍ ഇത് ഇടയാക്കുന്നു.