Connect with us

Covid19

കോട്ടയത്ത് കൊവിഡ് ബാധിതയായ 89കാരിയുടെ നില ഗുരുതരം

Published

|

Last Updated

കോട്ടയം | കൊവിഡ് 19 വൈറസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള 89കാരിയായ രോഗിയുടെ നില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. നാല് പേരാണ് കൊവിഡ് 19 വൈറസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്. ഇറ്റലിയില്‍ നിന്ന് എത്തിയവരുടെ മാതാപിതാക്കളും അവരുടെ മകളും മരുമകനുമാണ് കോട്ടയത്ത് ചികിത്സയിലുള്ളത്.

ഇതില്‍ മാതാവിന്റെ നിലയാണ് ഗുരുതരമായി തുടരുന്നതെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരുന്നു. ഇപ്പോള്‍ ആവശ്യമുള്ള എല്ലാ വൈദ്യസഹായങ്ങള്‍ അവര്‍ക്ക് നല്‍കുകയാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.96 വയസുള്ള പിതാവിന്റെ ആരോഗ്യസ്ഥിതിയും ആശങ്കയിലാണ്.

10 പേരാണ് കോട്ടയത്ത് ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്.ഇവരുടെ പരിശോധന ഫലം ഉടന്‍ ലഭിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

ഇറ്റലിയില്‍നിന്നെത്തിയ കുടുംബം ചെങ്കളത്ത് ആദ്യം സന്ദര്‍ശിച്ച ഡോക്ടറെ വീട്ടില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുമായി അടുത്തിടപഴകിയ വ്യക്തികളില്‍ ഒരാളാണ് ഡോക്ടര്‍. ചെങ്കളത്തുള്ള മൊത്തം 28 പേരാണ് ഇറ്റലിയില്‍ നിന്നുള്ള ദമ്പതികളുമായി നേരിട്ട് ബന്ധം പുലര്‍ത്തിയത്. ഈ 28 പേരോടുംവീട്ടില്‍ കഴിയാന്‍ കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി 29നാണ് കുടുംബം കേരളത്തിലെത്തിയത്. ഇറ്റലിയില്‍നിന്നാണ് എത്തിയത് എന്നവിവരം ആരോഗ്യവകുപ്പിനെ ഇവര്‍ അറിയിച്ചിരുന്നില്ല. ഇവരെ സന്ദര്‍ശിച്ച ബന്ധുക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇക്കാര്യം അധികൃതര്‍ അറിയുന്നത്.

Latest