Connect with us

National

മധ്യപ്രദേശിലെ ചാക്കിട്ടുപിടുത്തം: മുങ്ങിയ കോണ്‍ഗ്രസ് എം എല്‍ എമാരില്‍ അഞ്ച് പേര്‍ മടങ്ങിയെത്തി; ഒരു സ്വതന്ത്രനും തിരിച്ചെത്തി

Published

|

Last Updated

ഭോപ്പാല്‍ |  മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വതതിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ബി ജെ പി ശ്രമത്തിന്റെ ഭാഗമായി മുങ്ങിയ പത്ത് എം എല്‍ എമാരില്‍ ആറ് പേര്‍ മടങ്ങിയെത്തി. ബി ജെ പി നേതാക്കള്‍ ഗുരുഗ്രാമിലെ ഹോട്ടലില്‍ താമസിപ്പിച്ചിരുന്ന അഞ്ച് കോണ്‍ഗ്രസ് എം എല്‍ എമാരും ഒരു സ്വതന്ത്ര എം എല്‍ എയുമാണ് മടങ്ങിയെത്തിയത്. എന്നാല്‍ മൂന്ന് കോണ്‍ഗ്രസ് എം എല്‍ എമാരും ഒരു സ്വതന്ത്രനും കര്‍ണാടകയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. ഇവരെ കര്‍ണാടകയില്‍ ബി ജെ പി രഹസ്യമായി താമസിപ്പിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സര്‍ക്കാറിനെ പിന്തുണക്കുന്ന പത്ത് എം എല്‍ എമാരെ ഇന്നലെ രാത്രി ബി ജെ പി കടത്തിയതായി കോണ്‍ഗ്രസ് ആരോപിക്കുകയായിരുന്നു. മുന്‍മുഖ്യമന്ത്രി ശിവരാജ് സിംഗും സമുന്‍മന്ത്രി നരോത്തം മിശ്രയും ചേര്‍ന്ന് 25- 30 കോടി വാഗ്ദാനം ചെയ്ത് എം എല്‍ എമാരെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംങ് പറഞ്ഞിരുന്നു.

230 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 114 അംഗങ്ങളാണുള്ളത്. ബി ജെ പിക്ക് 107 അംഗങ്ങളും. ബാക്കിയുള്ള സീറ്റുകളില്‍ ബി എസ് പി, എസ് പി തുടങ്ങിയ കക്ഷികളും സ്വതന്ത്രന്‍മാരുമാണുള്ളത്. നാല് എം എല്‍ എമാര്‍ ഇനിയും തിരിച്ചെത്താത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ആശങ്കയിലാണ്. ഇപ്പോള്‍ തിരിച്ചെത്തിയവര്‍ ഇനിയും മടങ്ങുമോയെന്നും നേതൃത്വം ഭയപ്പെടുന്നു. അതിനിടെ മുഖ്യമന്ത്രി കമല്‍നാഥും പാര്‍ട്ടി നേതാവ് ജ്യോതിരാധിത്യ സിന്ധ്യയും തമ്മിലുള്ള തര്‍ക്കമാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലെത്തിച്ചതെന്നും റിപ്പോര്‍ട്ട്.