Connect with us

Kozhikode

'ഗെയ്ൽ' രണ്ട് മാസത്തിനകം; പാചകവാതകം 200 രൂപക്ക്

Published

|

Last Updated

കോഴിക്കോട് | പാചക വാതകത്തിന് അടിക്കടി വിലകയറുമ്പോൾ ഏറെ വൈകാതെ കേരളത്തിൽ കുറഞ്ഞ വിലക്ക് ഇനി പാചക വാതകം വീട്ടിലെത്തും. ഒരു കുടുംബത്തിന് പാചക വാതകത്തിന് നിലവിൽ മാസം 700 രൂപ ചെലവാകുമ്പോൾ ഇനി 200 രൂപ മതിയാകും.
പൊതുമേഖലാ സ്ഥാപനമായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ
(ഗെയ്ൽ) വാതക പൈപ്പ് ലൈൻ പദ്ധതി അടുത്ത മാസം പൂർത്തിയാകുന്നതോടെ വീടുകളിലേക്ക് നേരിട്ട് പാചക വാതകം എത്തിക്കുന്ന പൈപ്പ് ലൈൻ ശൃംഖലകൾ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികൾ ആരംഭിക്കും. കേരളത്തിന്റെ ഈ സ്വപ്‌ന പദ്ധതിയിൽ വീടുകളിലേക്കും വാഹന ആവശ്യത്തിനും ഉള്ള ഇന്ധനം വിതരണത്തിനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള കരാർ ഐ ഒ സിക്കും അദാനി ഗ്രൂപ്പിനുമാണ് നൽകിയിട്ടുള്ളത്.

സമയ ബന്ധിതമായി ഇവർ വിതരണ ശൃംഖല സ്ഥാപിക്കും. ആദ്യം നഗരങ്ങളിലും പിന്നീട് ഗ്രാമങ്ങളിലും എന്ന രീതിയിലാണ് വിതരണ ശൃംഖല സ്ഥാപിക്കുയെന്ന് ഗെയിൽ അധികൃതർ പറഞ്ഞു. ഗ്രാമങ്ങളിൽ ഇപ്പോഴും വിറകടുപ്പുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ആഗോള താപനം നിയന്ത്രിക്കുന്നതിനുള്ള വിവിധ അന്താരാഷ്ട്ര പദ്ധതികളിൽ വിറകടുപ്പുകൾ മൂലമുള്ള കാർബൺ ബഹിർഗമനം കുറക്കാനുള്ള നിർദേശമുണ്ട്. അതിനാൽ ഗ്രാമങ്ങളിൽ പൈപ്പ് ശൃംഖല വഴി നേരിട്ട് പാചക വാതകം എത്തിക്കുന്ന പദ്ധതിക്ക് ഉയർന്ന പരിഗണനയാണ് നൽകുന്നത്.
ഏഴ് ജില്ലകളിലെ വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലുമാണ് കുറഞ്ഞ ചെലവിൽ ഇന്ധനം ലഭിക്കുക. പൈപ്പ് ലൈൻ കടന്നുപോകുന്ന എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലെ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ പാചക വാതകം ലഭ്യമാകും.

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ(ഗെയ്ൽ) 404 കിലോമീറ്ററുള്ള കൊച്ചി-മംഗളുരു വാതക പൈപ്പ് ലൈനാണ് നടപ്പാക്കുന്നത്. ഏതാനും കിലോമീറ്റർ മാത്രമാണ ഇനി പൈപ്പ് സ്ഥാപിക്കാനുള്ളത്. ഏതാനും പുഴകൾ മുറിച്ചു കടക്കുന്ന പൈപ്പ് ലൈനുകളാണ് ഇനി സ്ഥാപിക്കാനുള്ളത്. ഇത് ആഴ്ചകൾക്കുള്ളിൽ പൂർത്തീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

വീടുകൾ കൂടാതെ കമ്പനികൾക്കും വലിയ തോതിൽ വാതക വിതരണം നടക്കും. കൊച്ചിയിൽ കപ്പൽ വഴി ദ്രവ രൂപത്തിൽ എത്തുന്ന പ്രകൃതി വാതകം, വാതക രൂപത്തിലാണ് പൈപ്പിലൂടെ കടന്നുപോകുക. 2010ലാണ് വാതക പൈപ്പ് ലൈൻ പദ്ധതിക്ക് തുടക്കമായത്. 2012ൽ കൊച്ചി- മംഗളുരു, കൊച്ചി-കോയമ്പത്തൂർ -ബംഗളുരു പദ്ധതിക്ക് അനുമതി ലഭിച്ചു. എന്നാൽ ഭൂമി ഏറ്റെടുക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് 2014ൽ മുഴുവൻ കരാറുകളും ഉപേക്ഷിച്ചു. 2016ൽ ഇടത് സർക്കാർ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കിയതോടെയാണ് ഇപ്പോൾ പദ്ധതി യാഥാർഥ്യമാകുന്നത്.

2016 മെയ് വരെ 80 കി. മീ. ദൂരത്തിലുള്ള ഭൂവിനിയോഗ അവകാശം മാത്രമാണ് ഗെയ്‌ലിന് കൈമാറിയത്. 2016 ജൂണിന് ശേഷം 330 കി. മീ. പൈപ്പ് ലൈനിടാൻ സ്ഥലം ലഭ്യമാക്കി. ആയിരം ദിനങ്ങൾക്കുള്ളിലാണ് 380 കി. മീ. ദൂരത്തും പൈപ്പ് ലൈൻ ഇട്ടത്. അവസാന മിനുക്കുപണി പൂർത്തിയാക്കി പൈപ്പ് ലൈൻ വേഗത്തിൽ നാടിന് സമർപ്പിക്കാനാണ് തീരുമാനം.
മതിയായ നഷ്ടപരിഹാരം ഉറപ്പാക്കി ജനങ്ങളുടെ ആശങ്ക പരിഹരിച്ചാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോയത്. നിരവധി സമരങ്ങൾക്കും വിവാദങ്ങൾക്കും സാക്ഷിയായ പദ്ധതിയാണിത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest