Connect with us

Book Review

സർഗാത്മകത ഇഴചേർത്ത കഥപ്പായ

Published

|

Last Updated

തഴ- എ എം മുഹമ്മദ്

തഴക്കെട്ടും ചുമന്നു നടക്കുന്ന ദൂരത്തിനും ഭൂപ്രദേശത്തിനുമപ്പുറം മറ്റൊരു ലോകം തങ്ങളുടെ ഭൂപടത്തിൽ ഇല്ലായെന്ന് കരുതി ജീവിച്ചിരുന്ന കുഞ്ഞപ്പന്റേയും നാണിക്കൊച്ചിന്റേയും അവരുടെ മക്കളുടേയും തലമുറകളുടെ കഥയിലൂടെ മലയാള നോവൽ സാഹിത്യത്തിൽ ഇതൾ വിരിയുന്ന ഒരു ദേശത്തിന്റെ ഇതിഹാസ ചരിത്രമാണ് എ എം മുഹമ്മദിന്റെ പുതിയ നോവലായ തഴ. ചരിത്രത്തിൽ ഇടം കിട്ടാതെ പോകുമായിരുന്ന ഒരു ജനതയുടെ ചരിത്രത്തിന് നോവൽ ഭാഷ്യം നൽകിയപ്പോൾ അത് തെക്കൻ കേരളത്തിന്റെ ചരിത്ര ഭൂമികയും കടന്ന് മൊത്തം കേരളീയ ജീവിതത്തിന്റെ ഭൂതത്തേയും വർത്തമാനത്തേയും കൂട്ടിയിണക്കി കേരളത്തിന്റെ രാഷ്ടീയ നവോത്ഥാനങ്ങളുടെ ചരിത്രരേഖയാക്കുന്നതിൽ വിജയിച്ചു എന്ന് പറയാവുന്ന സൃഷ്ടികൂടിയാണ് “തഴ”. “കോമതിയേ.. അച്ഛന് കഞ്ഞിയെട് പെണ്ണേ” നാണിക്കൊച്ച് അകത്തേക്ക് വിളിച്ചു പറഞ്ഞു. ചാഞ്ഞുകിടന്നിരുന്ന പ്ലാവിൻ കൊമ്പിൽ നിന്നും ഒരിലയടർത്തി ഈർക്കിൽ കൊരുത്തുകൊണ്ട് അവരടുക്കളയിലേക്കു കയറി. “ഇത്തരം പ്രയോഗങ്ങളിലൂടെ തഴ കൊണ്ട് പായനെയ്യുന്നവരുടെയും ആ കാലഘട്ടത്തിന്റേയും വാമൊഴികളും നേർക്കാഴ്ചകളും നോവലിലുടനീളം വിദഗ്ധമായ ഇഴയടുപ്പത്തോടെ കോർത്തിണക്കി വായനക്കാരെ മധ്യ കേരളത്തിലെ പായ നെയ്ത്തുകാരുടെ ജീവിതം പറഞ്ഞ് മോഹിപ്പിച്ച് വായിപ്പിക്കുകയാണ് കഥാകൃത്ത്.

കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്കും നവോത്ഥാന മുന്നേറ്റത്തിന് വിത്തുപാകി ഒരു കാലഘട്ടത്തെ ത്രസിപ്പിച്ചു നിറുത്തിയ നാടകങ്ങളുടെ സുവർണ കാലത്തെ നാണിക്കൊച്ചെന്ന ഒരു അടിയാത്തിയുടെ നാടകക്കമ്പത്തിലൂടെ ഭംഗിയായി അടയാളപ്പെടുത്തുമ്പോൾ “തഴ” പിന്നിട്ട കാലഘട്ടത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്നുണ്ട്. “ആദർശത്തിന്റെ എത്ര കടുത്ത കരിങ്കൽ കെട്ടുകളിലൂടെയും തുളച്ചു പായാൻ ശേഷിയുള്ള ഒരു മിസൈൽ പാഞ്ഞതുപോലെ, ആദർശം, സാമൂഹിക ബോധം, സമത്വവാദം, മനഃസാക്ഷി ഇതിനൊന്നിനും മെരുക്കാൻ കഴിയാത്ത ഒരംശമുണ്ട് ഓരോ മനുഷ്യന്റേയും ഉള്ളിന്റെയുള്ളിൽ ” (പേജ് 191) കടുത്ത വിപ്ലവ ബോധമുള്ള വിഷ്ണു, സജാദ്, ചാന്ദ്‌നി തുടങ്ങിയവർക്കൊക്കെ ഒരു പ്രത്യേക സാഹചര്യത്തിൽ അനുഭവപ്പെട്ട (ശശാങ്കന്റേയും മധുമതിയുടേയും പ്രണയ കാര്യത്തിൽ) മേൽചിന്ത ശരിക്കും മലയാളിയിൽ ഇപ്പോഴും കുടികൊള്ളുന്ന ആദർശത്തിനതീതമായ ചില പ്രയോഗികതയിലേക്ക് വിരൽ ചൂണ്ടുന്നു. ഇതും ആവിഷ്കാരത്തിലെ സത്യസന്ധതയായിത്തന്നെ കരുതണം.

“ഈ ബൂമില് ഈ തഴ ഉള്ളടത്തോളം ഞ്ഞാൻ പായ നെയ്ത് ന്റെ കുട്ടിയോളെ വളത്തും” എന്ന ഗോമതിയുടെ പ്രഖ്യാപനവും ” നിങ്ങളുടെ ഫാഷിസ്റ്റാശയങ്ങളുമായി മേലിൽ ഈ വീട്ടിൽ ഭരണത്തിന് വന്നേക്കരുത്. ഞങ്ങളുടെ അച്ഛനേ മരിച്ചിട്ടുള്ളൂ. അദ്ദേഹം നല്ല ബോധം തന്ന് വളർത്തിയ ഞങ്ങൾ മക്കൾ ഇവിടെയുണ്ട്. “എന്ന് ശേഖരൻ നായരോട് കടുത്ത ഭാഷയിൽ പറയുന്ന വിഷ്ണുവുമൊക്കെ തഴ എന്ന നോവലിലെ രാഷ്ട്രീയ ധർമം നിറവേറ്റുന്ന ശക്തമായ കഥാപാത്രങ്ങളാണ്.
കുഞ്ഞപ്പൻ മരിച്ചപ്പോൾ മാത്രം കടയടച്ച് മരണാനന്തര കർമങ്ങളിൽ ഏർപ്പെടുന്ന ചായക്കടക്കാരൻ വേലുവിനെപ്പോലുള്ള കഥാപാത്രത്തെ സൃഷ്ടിക്കുക വഴി നോവലിസ്റ്റ് ചില വ്യക്തികൾ പ്രസ്ഥാനങ്ങളുടെ ദൗത്യം നിർവഹിച്ചിരുന്ന കേരളത്തിന്റെ കരുത്തുറ്റ ഒരു വിപ്ലവ കാലഘട്ടത്തിൽ രൂപപ്പെട്ടിരുന്ന ചില വ്യക്തിത്വങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. വളർന്നുവരുന്ന മതസ്പർധകളേയും വളരെയേറെ പ്രതീക്ഷകൾനൽകി ഓർക്കാപുറത്ത് അപചയങ്ങളിലേക്ക് ആഴ്ന്നുപോകാൻ തിടുക്കം കാണിക്കുകയുംചെയ്യുന്ന കക്ഷി രാഷ്ട്രീയ പ്രവണതകളേയുമെല്ലാം പ്രതിരോധിക്കാൻ തക്ക ആദർശ ശുദ്ധിയുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കുക വഴി സാഹിത്യം എങ്ങനെ പ്രതിരോധത്തിന്റെ ദൗത്യങ്ങൾ നിർവഹിക്കുമെന്നും 250 ലേറെ പുറങ്ങളിൽ പരന്നു കിടക്കുന്ന “തഴ” യിൽ ഭാഷാ ലാളിത്യവും കഥയെഴുത്തിന്റെ കൈയടക്കവും വായനാനുഭൂതിയോടെ വരച്ചിടുന്നതിൽ എ എം മുഹമ്മദ് വിജയിച്ചിരിക്കുന്നു എന്നതിൽ തർക്കമില്ല. 2019 മലയാള നോവൽ സാഹിത്യത്തിനു സമ്മാനിച്ച ഒരു മികച്ച കൃതിയായിത്തന്നെ, പായനെയ്ത്തുകാരുടെ ജീവിത പശ്ചാതലത്തിൽ തുടങ്ങി മൊത്തം കേരളത്തിന്റെ ഭൂത- വർത്തമാനകാലങ്ങളുടെ സത്യസന്ധമായ ആവിഷ്‌കാരമായി മാറുന്ന കാഴ്ച ഈ നോവലിനെ വ്യത്യസ്തമാക്കുന്ന ഘടകമാണ്.

Latest