സാത്വികനായ പണ്ഡിതതേജസ്സ്

ബീരാൻ കുട്ടി ഉസ്താദിന് എഴുത്തൊരു ശീലമായിരുന്നു. വന്ദ്യ ഗുരു കൈപറ്റ ഉസ്താദിൽ നിന്ന് തന്നെ പകർത്തി പല പ്രധാന ഗ്രന്ഥങ്ങൾക്കും ശറഹ് എഴുതിയിട്ടുണ്ട്. "ജവാഹിറുൽ ഫിഖ്ഹ്' ഉസ്താദവർകൾ സരളമായ രീതിയിൽ രചിച്ച് വെളിച്ചം കണ്ട ഗ്രന്ഥമാണ്. കർമ ശാസ്ത്രപരമായ വിഷയങ്ങൾ പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം ഉസ്താദവർകളുടെ അറിവിന്റെ ആഴം തുറന്നുകാട്ടുന്നു. ആഴമേറിയ അറിവും വിനയാന്വിത പെരുമാറ്റവും ജീവിതശുദ്ധിയും ഉസ്താദവർകളെ വ്യത്യസ്തനാക്കുന്നു.
Posted on: February 8, 2020 4:02 pm | Last updated: February 10, 2020 at 11:13 am

1936 പൂക്കിപ്പറമ്പിനടുത്ത വാളക്കുളത്താണ് സി കെ ബീരാൻകുട്ടി മുസ്‌ലിയാരുടെ ജനനം. മഹാനവർകൾ സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്നു. ആഴമേറിയ അറിവും വിനയാന്വിത പെരുമാറ്റവും ജീവിത ശുദ്ധിയും ഉസ്താദവർകളെ വ്യത്യസ്തനാക്കുന്നു. സൂഫി വര്യനായിരുന്ന തേനു മുസ്‌ലിയാരുടെ മകൻ അബ്ദുല്ല ഹാജിയുടെ മകൾ ഖദീജയാണ് ഭാര്യ. സമസ്തയുടെ ഇരുപത് വർഷത്തെ പ്രസിഡന്റായിരുന്ന അബ്ദുൽ ബാരി ഉസ്താദിന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്ന അഹ്്മദ് മുസ്‌ലിയാരാണ് പിതാവ്. കോട്ടക്കൽ ബീരാൻ കുട്ടിയുടെ മകൾ കുഞ്ഞീമയാണ് മാതാവ്. ചെറുപ്പത്തിലേ പിതാവ് മരണപ്പെട്ടു. പിതാവിന്റെ മരണ ശേഷം അബ്ദുൽ ബാരി ഉസ്താദാണ് മഹാനവർകളെ ഇൽമിന്റെ വഴിയിലേക്ക് നടത്തിയത്. പിതാവിന്റെ വിയോഗം ബീരാൻ കുട്ടി മുസ്‌ലിയാർക്ക് വലിയ ദുഃഖമുണ്ടാക്കിയെങ്കിലും അബ്ദുൽ ബാരി ഉസ്താദ് ആ സമയത്തെല്ലാം താങ്ങും തണലുമായി. പഠനത്തിനാവശ്യമായ സാമ്പത്തിക ചെലവുകൾ വഹിക്കാമെന്ന് ഉറപ്പ് നൽകി. അങ്ങനെ അനാഥത്ത്വത്തിന്റെ വേദനകളും സങ്കടങ്ങളും മറന്ന് ബീരാൻ കുട്ടി ഉസ്താദ് ആവേശത്തോടെ അറിവിന്റെ ഓരോ പടിയും ചവിട്ടിക്കയറി.

സൂഫീവര്യനും പണ്ഡിതനുമായ തലക്കടത്തൂർ അബ്ദുമുസ്‌ലിയാരുടെ ദർസിലാണ് ആദ്യപഠനം. പിന്നീട് കുറ്റൂർ കമ്മു മുസ്‌ലിയാരുടെ ദർസിൽ പഠിച്ചു. ശേഷം “ഇനി പഠനം കൈപറ്റ ഉസ്താദിൽ നിന്നാവട്ടെ’ എന്ന അബ്ദുൽ ബാരി ഉസ്താദിന്റ നിർദേശമനുസരിച്ച് കൈപറ്റ ഉസ്താദിന്റെ ദർസിൽ ചേർന്നു. നീണ്ട പത്ത് വർഷം മഹാഗുരു മുഖത്തിരുന്ന് കനപ്പെട്ട അറിവും ചിട്ടയും പഠിച്ചെടുത്തു. സാധാരണ ദർസിൽ ഓതുന്ന കിതാബുകൾക്ക് പുറമേ “സ്വിഹാഹുസ്സിത്ത’ പൂർത്തിയാക്കി. മഖാമതുൽ ഹരീരി, കലീല വദിംന, ശാഫി, കാഫി, ജഅ്‌റാഫി, സബ്ഉശ്ശിദാദ്, ഹിദായത്തുസ്സഅദിയ്യ, എന്നീ അപൂർവമായ ഗ്രന്ഥങ്ങളും ഓതിയിട്ടുണ്ട്. “മഹല്ലി’ ഒമ്പത് വർഷം കൊണ്ടാണ് ഓതിപ്പൂർത്തിയാക്കിയത്. ഇടക്കിടെ ദർസ് പൂട്ടി നാട്ടിലെത്തുന്ന സമയത്ത് അബ്ദുൽ ബാരി ഉസ്താദ് ബീരാൻ കുട്ടി ഉസ്താദിനെ വിളിച്ചുവരുത്തും. അനാഥത്വത്തിന്റെ കനലേറിയ ദുഃഖത്തിന്റെ മുഖം കാണുമ്പോൾ യമനിലെ സമ്പന്നരായിരുന്ന അബൂ ഹുറൈറ (റ) ഇൽമ് പഠിക്കാൻ മദീനയിലെത്തിയപ്പോൾ സഹിച്ച ത്യാഗം ഉണർത്തും. വിശപ്പിന്റെ കാഠിന്യത്താൽ വയറ്റത്ത് കല്ല് വെച്ച് കെട്ടിയ ദാരിദ്രത്തിന്റെ ചരിത്രം പറഞ്ഞ് കൊടുക്കും. ചരിത്രത്തിൽ നിന്ന് വലിയ ആവേശം ഉൾക്കൊണ്ട് ഇരട്ടി ഊർജവുമായി ഉസ്താദവർകൾ ദർസിലേക്ക് മടങ്ങും.

രചനകൾ ഏറെ

ബീരാൻ കുട്ടി ഉസ്താദ് അറബിയിലും മലയാളത്തിലും രചനകൾ നിർവഹിച്ചിട്ടിണ്ട്. ഇതിൽ പ്രസിദ്ധപ്പെടുത്തിയതും അല്ലാത്തതുമുണ്ട്. വന്ദ്യ ഗുരു കൈപ്പറ്റ ഉസ്താദിൽ നിന്ന് തന്നെ പകർത്തി പല പ്രധാന ഗ്രന്ഥങ്ങൾക്കും ശറഹ് എഴുതിയിട്ടുണ്ട്. ഈ അക്ഷര സമാഹാരം മറ്റ് ഗ്രന്ഥങ്ങൾ പരതിയാൽ കാണണമെന്നില്ല. “ജവാഹിറുൽ ഫിഖ്ഹ്’ ഉസ്താദവർകൾ സരളമായ രീതിയിൽ രചിച്ച് വെളിച്ചം കണ്ട ഗ്രന്ഥമാണ്. കർമ ശാസ്ത്രപരമായ വിഷയങ്ങൾ പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം ഉസ്താദവർകളുടെ അറിവിന്റെ ആഴം തുറന്ന് കാട്ടുന്നു.

ഗുരുവിന്റെ വഴിയെ

ബീരാൻ കുട്ടി മുസ്‌ലിയാർക്ക് കൈപ്പറ്റ ഉസ്താദുമായി ആത്മീയമായി വലിയ ബന്ധമുണ്ടായിരുന്നു. കൈപ്പറ്റ ഉസ്താദിനെ പറയാൽ തുടങ്ങിയാൽ വാചാലനാവും. അറിയാതെ കണ്ണ് നിറയും. ഉസ്താദിനെ അപ്പടി ജീവിതത്തിൽ പകർത്തിയ മഹാനായിരുന്നു ബീരാൻകുട്ടി മുസ്‌ലിയാർ. ഒരിക്കൽ ശിഷ്യന്മാർക്ക് കഞ്ഞിയില്ലെന്ന് അറിഞ്ഞപ്പോൾ തനിക്കും വേണ്ടെന്ന് തീരുമാനമെടുത്ത സ്‌നേഹത്തിന്റെ പര്യായമായിരുന്നു കൈപറ്റ ഉസ്താദ്. ഈ ഒരു സ്‌നേഹം ഉസ്താദവർകളെ ജീവിതത്തിലും കണ്ടിരുന്നു.
ക്ലാസിൽ ഏറ്റവും ബുദ്ധികുറഞ്ഞ വിദ്യാർഥിയെ പരിഗണിച്ച് മനഃശാസ്ത്രം മനസ്സിലാക്കി തഹ്ഖീഖാക്കിയുള്ള അധ്യാപന ശൈലി. ഇതും കൈപ്പറ്റ ഉസ്താദിൽ നിന്ന് പകർത്തിയതാണ്. തഹ്ഖീഖാക്കാതെ മുതഅല്ലിമീങ്ങൾക്ക് ദർസ് നടത്തിയാൽ പടച്ചോനോട് മറുപടി പറയേണ്ടിവരുമെന്ന് കൈപറ്റ ഉസ്താദിന്റെ വലിയ ഉപദേശമായിരുന്നു. എല്ലാവിഷയത്തിലും കൈപറ്റ ഉസ്താദിന്റെ ‘നഖ്‌ല്’ ബീരാൻ കുട്ടി ഉസ്താദിന്റെ കൈവശമുണ്ടായിരുന്നു.

ഒരു വിഷയത്തിലും തന്റെതായ അഭിപ്രായം പറയാറില്ല. മറിച്ച് ഗഹനമായി പഠനം നടത്തും. “മുബ്തദഅ്’ പറഞ്ഞാൽ അപ്പോൾ തന്നെ “ഖബർ’ പറയണമെന്ന വാശിയില്ല. അതിനിടയിലുള്ളതെല്ലാം വിശാലമായി പറയും. വല്ല വിഷയത്തിലും പിഴവ് വന്ന് പോയാൽ തെറ്റിപ്പോയെന്ന് തുറന്ന് പറയും. തിരുത്തും. ഇത്രയും വിനയാന്വിത വിശിഷ്ട സ്വഭാവത്തിനുടമയായിരുന്നു ബീരാൻ കുട്ടി ഉസ്താദ്.

നീണ്ട അധ്യാപന ജീവിതം

കൈപ്പറ്റ ബീരാൻ കുട്ടി ഉസ്താദിന്റെ ശിക്ഷണത്തിൽ വളർന്ന് അദ്ദേഹത്തിൽ നിന്ന് ലഭിച്ച സനദുമായി 47 വർഷം ദർസീ രംഗത്ത സജീവമായ പണ്ഡിതനാണ് മഹാനായ ബീരാൻ കുട്ടി ഉസ്താദ്. കോട്ടക്കൽ കൂരിയാട്, കാനാഞ്ചേരി ജുമുഅ മസ്ജിദ്, കാരന്തൂർ സുന്നി മർകസ് ശരീഅത്ത് കോളജ് തുടങ്ങിയ സ്ഥലങ്ങളിൽ നീണ്ട കാലം ദർസ് നടത്തി. ജംഉം, ശഹറുൽ അഖാഇദും, ഇഷ്ട വിഷയമായിരുന്നു. ഇവ രണ്ടും സുന്നത്ത് ജമാഅത്ത് ഉറക്കാനുള്ള കിതാബാണെന്ന് പലപ്പോഴും പറയാറുണ്ട്. ദർസ് കഴിഞ്ഞാൽ വെറുതെ ഇരിക്കുന്നത് കാണാറില്ല. കിതാബുകളെല്ലാം പരതി മുതാലഅ ചെയ്യുന്ന തിരക്കിലായിരിക്കും. പലപ്പോഴും പണ്ഡിതന്മാരും മുതഅല്ലിമീങ്ങളും മത വിഷയങ്ങൾ പഠിക്കാനും മനസ്സിലാക്കാനും ഉസ്താദവർകളെ സമീപിക്കാറുണ്ട്. ഒട്ടനവധി ഫന്നുകളിൽ അവഗാഹം നേടി. ‘ഫഖീഹുൽ ഉമ്മ’ എന്ന സ്ഥാനപ്പേരിന് അർഹരായി.

1441 ജമാദുൽ ഊല 26 ചൊവ്വാഴ്ചയാണ് മഹാനവർകൾ ഈ ലോകത്തോട് വിട പറയുന്നത്. സ്വന്തം നാടായ പൂക്കിപ്പറമ്പ് ജുമുഅ മസ്ജിദിൽ അന്ത്യ വിശ്രമം കൊള്ളുന്നു.