Connect with us

Articles

ഇന്ദ്രപ്രസ്ഥം ആര് പിടിക്കും?

Published

|

Last Updated

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ ചൂടും ചൂരും അനുഭവിച്ചത് പ്രധാനമായും തലസ്ഥാന നഗരിയാണ്. പിന്നാലെ വന്ന നിയമസഭാ തിരഞ്ഞെടുപ്പ് മാറിയ രാഷ്ട്രീയ കാലാവസ്ഥയുടെ ടെസ്റ്റ് ഡോസായി പരീക്ഷിക്കപ്പെടുകയാണ് നാളെ. ഇന്ദ്രപ്രസ്ഥത്തിലെ ജനവിധി ഇക്കാരണത്താല്‍ തന്നെ ഉറ്റു നോക്കുകയാണ് രാജ്യം. ഡല്‍ഹിയില്‍ മൂന്ന് മുന്നണികളും പ്രതീക്ഷയിലാണ്. 70 മണ്ഡലങ്ങളിലും വാശിയേറിയ പോരാട്ടം നടക്കുമെന്നാണ് സര്‍വേകള്‍ വിലയിരുത്തുന്നത്. ചില മണ്ഡലങ്ങളില്‍ മാത്രമേ ത്രികോണ മത്സരത്തിന്റെ പ്രതീതിയുള്ളൂ. 2019ലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ പ്രകാരം 1.43 കോടി വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളത്. ഡല്‍ഹിയിലെ മൊത്തം വോട്ടര്‍മാരില്‍ 40 ശതമാനം ഹിന്ദുക്കളാണ്. അതുപോലെ, ഡല്‍ഹിയുടെ മൊത്തം ജനസംഖ്യയില്‍ 13 ശതമാനം ന്യൂനപക്ഷ സമുദായങ്ങളാണ്. 70 മണ്ഡലങ്ങളില്‍ 15 മുതല്‍ 20 വരെ സീറ്റുകളില്‍ ന്യൂനപക്ഷ വോട്ടുകളാണ് തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കുക.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം, അഞ്ച് മണ്ഡലങ്ങളില്‍ 80-90 ശതമാനം വോട്ടര്‍മാര്‍ ന്യൂനപക്ഷ സമുദായങ്ങളില്‍ ഉള്‍പ്പെടുന്നവരാണ്. ഡല്‍ഹിയിലെ ഓഖ്‌ല, സീലംപുര്‍, മാത്തിയ മഹല്‍, ബല്ലിമാരന്‍, മുസ്തഫാബാദ്, ചാന്ദ്‌നി ചൗക്ക്, സദര്‍ ബസാര്‍, കിരാഡി, റിഠാല, കരവാല്‍ നഗര്‍ എന്നിവിടങ്ങളാണ് ന്യൂനപക്ഷ മേല്‍ക്കോയ്മയുള്ള മണ്ഡലങ്ങള്‍. ഇതില്‍ ബല്ലിമാരന്‍, ചാന്ദ്‌നി ചൗക്ക്, ഓഖ്‌ല, സീലംപുര്‍, മാത്തിയ മഹല്‍ എന്നീ അഞ്ച് മണ്ഡലങ്ങളില്‍ 40 ശതമാനത്തോളം വോട്ടര്‍മാരും മുസ്‌ലിംകളാണ്. ഓഖ്‌ല നിയമസഭാ മണ്ഡലത്തിലാണ് ശഹീന്‍ ബാഗ്. 1,07,098 സ്ത്രീകളും 1,66,341 പുരുഷന്മാരും 25 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടെ 2,73,464 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, 1,04,271 വോട്ടുകള്‍ നേടിയ എ എ പി സ്ഥാനാര്‍ഥി അമാനത്തുല്ല ഖാനാണ് ഇവിടെ വിജയിച്ചത്. ബി ജെ പിയുടെ ബ്രഹം സിംഗിനെയാണ് പരാജയപ്പെടുത്തിയത്. ഇത്തവണയും ഇവര്‍ തമ്മിലാണ് പോരാട്ടം. പര്‍വേസ് ഹാഷ്മിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 1977ല്‍ മണ്ഡലം രൂപവത്കരിച്ചതിനു ശേഷം ഒമ്പത് തവണ ഇവിടെ തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. അതില്‍ നാല് തവണയും കോണ്‍ഗ്രസാണ് ജയിച്ചത്.

[irp]

സൗത്ത് ഡല്‍ഹിയില്‍ യമുനാ നദിക്കു സമീപത്തെ ഓഖ്‌ല നിയമസഭാ മണ്ഡലത്തിലെ പ്രധാന കോളനിയാണ് ശഹീന്‍ ബാഗ്. ഡല്‍ഹിയെയും നോയിഡയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ശഹീന്‍ ബാഗ് -കാളിന്ദി കുഞ്ജ് റോഡ് കടന്നു പോകുന്നത് ഇതിലേയാണ്. സമരം നടക്കുന്നതിനാല്‍ ഈ പാത ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. റോഡിനു നടുവില്‍ കെട്ടിയ വലിയ സമരപ്പന്തലില്‍ 24 മണിക്കൂറും പതിനായിരങ്ങളാണ് കുത്തിയിരിക്കുന്നത്.
ശഹീന്‍ ബാഗ് കൂട്ടായ്മക്കെതിരെ ഭീതി പരത്തി വോട്ടുകള്‍ ധ്രുവീകരിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ മാത്രം ലഭിച്ച ബി ജെ പി ശഹീന്‍ ബാഗ് നിലനില്‍ക്കുന്ന മണ്ഡലത്തിലെ മാത്രമല്ല, ഡല്‍ഹിയിലെ 40 ശതമാനം ഹിന്ദു വോട്ടുകളും ആ സമരം ആയുധമാക്കി നേടാമെന്നാണ് വ്യാമോഹിക്കുന്നത്.
2015 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ഒരു സീറ്റു പോലും ലഭിച്ചിരുന്നില്ല. എന്നാല്‍ പൗരത്വ നിയമത്തിന് പിന്തുണ നല്‍കുന്നതോടെ മുസ്‌ലിം വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും സ്വന്തമാക്കാമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. അതിന് കോണ്‍ഗ്രസിനു കിട്ടിയ ശക്തമായ പിടിവള്ളിയാണ് ശഹീന്‍ ബാഗിലും ഡല്‍ഹിയിലെ മറ്റു പ്രദേശങ്ങളിലും അരങ്ങേറിയ പൗരത്വ പ്രതിഷേധം. പൗരത്വ വിഷയത്തില്‍ കൃത്യമായ നിലപാടെടുക്കുന്നതില്‍ അലംഭാവം കാണിച്ച എ എ പിയുടെ ന്യൂനപക്ഷ വോട്ടുകളും തങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെ മുന്‍നിര്‍ത്തി വോട്ടു തേടുന്ന എ എ പി ശഹീന്‍ ബാഗില്‍ ഇതുവരെ പരസ്യമായി നിലപാടുകള്‍ എടുത്തിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എ എ പിയെ വിജയിപ്പിച്ച മണ്ഡലത്തില്‍ നടക്കുന്ന പ്രക്ഷോഭമായിട്ടു കൂടി അരവിന്ദ് കെജ്‌രിവാളുള്‍പ്പെടെ പ്രമുഖ എ എ പി നേതാക്കളാരും അവിടെയെത്തിയിട്ടില്ല. ഇത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയത്തിലേക്ക് എത്തിച്ച ന്യൂനപക്ഷ, ഭൂരിപക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണെന്നാണ് വിലയിരുത്തല്‍. പ്രക്ഷോഭകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത് സമരം ബി ജെ പിയെ പ്രതികൂലമായി ബാധിക്കുമോയെന്ന ഭയത്തിലാണ്. ഡല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരെ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെല്ലാം പോലീസ് അടിച്ചമര്‍ത്തിയപ്പോഴും ശഹീന്‍ ബാഗില്‍ നിന്ന് അൽപ്പം ദൂരം മാറിയാണ് പോലീസ് നിലയുറപ്പിച്ചത്. സമാധാനപരമായി നടക്കുന്ന സമരമായതിനാലും സ്ത്രീകളുടെയും കുട്ടികളുടെയും പങ്കാളിത്തം കൂടുതലായതിനാലും പോലീസ് മുറ പ്രയോഗം അവിടെ അസാധ്യമാണെന്ന് സര്‍ക്കാറിനും ബോധ്യമുണ്ട്.

അതുകൊണ്ടു തന്നെയാണ് പ്രചാരണങ്ങളില്‍ ജാമിഅക്കും ജെ എന്‍ യുവിനും എതിരെ പോലും നടത്താത്ത വിദ്വേഷ പരാമര്‍ശങ്ങള്‍ ഇവര്‍ക്കെതിരെ അഴിച്ചുവിടുന്നതും. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന വിഷയമായി ശഹീന്‍ ബാഗിനെ ഉയര്‍ത്തിക്കാട്ടാന്‍ ബി ജെ പിയും കോണ്‍ഗ്രസും ശ്രമിക്കുമ്പോഴും അതല്ല തങ്ങളെ ബാധിക്കുന്ന വിഷയമെന്നാണ് വലിയ വിഭാഗം വോട്ടര്‍മാര്‍ പറയുന്നത്.

ഇവര്‍ക്ക് തങ്ങളെ ബാധിക്കുന്ന നിരവധി വിഷയങ്ങളുണ്ട്. മലിനീകരണം മറ്റെങ്ങുമില്ലാത്ത വിധം ഗതാഗത പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്ന പ്രദേശം, സ്ത്രീ സുരക്ഷാ പ്രശ്‌നങ്ങള്‍, വിലക്കയറ്റം, ശുദ്ധവായുവിന്റെയും ജലത്തിന്റെയും അഭാവം…. ഇങ്ങനെ ആ പട്ടിക നീളുകയാണ്. അതിലേക്കാണ് പൗരത്വ പ്രതിഷേധവും അതിന്റെ മുഖമായി ഇപ്പോള്‍ ശഹീന്‍ ബാഗും ഉയര്‍ന്നുവന്നത്. ഇന്ദ്രപ്രസ്ഥത്തിന്റെ ഭാവി ഭരണാധികാരികളെ നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഈ മാസം 11 വരെ കാത്തിരിക്കണം.

gafurnanma@gmail.com

Latest