Connect with us

Ongoing News

കോലിപ്പടയുടെ റണ്‍ മലക്ക് മുകളില്‍ പാറിപ്പറന്ന് കിവികള്‍

Published

|

Last Updated

ഹാമില്‍ട്ടന്‍ |  ട്വന്റി- ട്വന്റി പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസവുമായി ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരക്ക് ഇറങ്ങിയ ഇന്ത്യക്ക് ആദ്യ മത്സരത്തില്‍ തന്നെ തിരിച്ചടി. ബൗളര്‍മാരുടെ ശവപ്പറമ്പായ ഹാമില്‍ട്ടണിലെ പിച്ചില്‍ ഇന്ത്യ ഉയര്‍ത്തിയ നാലിന് 348 എന്ന കൂറ്റന്‍ വിജയലക്ഷ്യം 48.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ (348) ആതിഥേയര്‍ മറികടക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ഗപ്ടില്‍- നിക്കോള്‍സ് സഖ്യം 85 റണ്‍സ് അടിച്ച മികച്ച തുടക്കമാണ് കിവീസിന് നല്‍കിയത്. ട്വന്റി- ട്വന്റി ശൈലിയില്‍ ബാറ്റ് വീശിയ റോസ് ടൈലര്‍ നേടിയ സെഞ്ച്വറിയും ക്യാപ്റ്റന്‍ ടോം ലാഥം (69), നിക്കോളസ് (78)എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറിയുമാണ് കിവീസിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്.

ടെയ്‌ലര്‍ നാല് സിക്‌സും പത്ത് ഫോറും 109 റണ്‍സ് നേടി പുറത്താകാതെ നിന്നു. എട്ട് ഫോറും രണ്ട് സിക്‌സറും 69 റണ്‍സെടുത്ത ലാഥമിന്റേയും 11 ഫോറുകള്‍ 78 റണ്‍സെടുത്ത നിക്കോളസിന്റേയും ഇന്നിംഗ്‌സിന് കരുത്തേകി. ഇന്ത്യക്കായി ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നിക്കോള്‍സിനെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ശ്രേയസ് അയ്യരുടെ കന്നി ഏകദിന സെഞ്ച്വറിയും ലോകേഷ് രാഹുല്‍, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തില്‍ 347 റണ്‍സ് അടിച്ചുകൂട്ടിയത്. അയ്യര്‍ 107 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതം 102 റണ്‍സെടുത്തു. ആറു ഫോറുകള്‍ അടങ്ങിയതായിരുന്നു കോലിയുടെ 51 റണ്‍സ്. 64 പന്തില്‍ മൂന്നു ഫോറും ആറു സിക്‌സും പറത്തി സഹിതം 88 റണ്‍സെടുത്ത രാഹുല്‍ പുറത്താകാതെ നില്‍ക്കുകയായിരുന്നു.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കേദാര്‍ ജാദവിന്റെ കാമിയോ കൂടി ചേര്‍ന്നതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 350ന് അടുത്തെത്തിയത്. ജാദവ് 15 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 26 റണ്‍സുമായി പുറത്താകാതെ നിന്നു. അരങ്ങേറ്റ മത്സരത്തില്‍ ഓപ്പണര്‍മാരായെത്തിയ പൃഥ്വി ഷായും മായങ്ക് അഗര്‍വാളും അര്‍ധസെഞ്ചുറി കൂട്ടുകെട്ടോടെ സമ്മാനിച്ച മികച്ച തുടക്കമാണ് പിന്നീട് വന്നവര്‍ക്ക് തകര്‍ത്തടിക്കാന്‍ അവസരമായത്. വെറും 48 പന്തില്‍നിന്നാണ് ഇരുവരും 50 റണ്‍സെടുത്തത്. ഷാ 21 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 20 റണ്‍സെടുത്തും അഗര്‍വാള്‍ 31 പന്തില്‍ ആറു ഫോറുകള്‍ സഹിതം 32 റണ്‍സെടുത്തും പുറത്തായി. ന്യൂസീലന്‍ഡിനായി ടിം സൗത്തി രണ്ടു വിക്കറ്റ് വീഴ്ത്തിയെങ്കിലും 10 ഓവറില്‍ 85 റണ്‍സ് വഴങ്ങി.