Health
കേരളത്തിൽ ക്യാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നു

കോട്ടയം | കേരളത്തിൽ ദിവസേന 120 പേർ ക്യാൻസർ രോഗത്തിന് അടിമപ്പെടുന്നുവെന്ന് കണക്കുകൾ. ഓരോ വർഷവും 35,000 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. ജീവിത ശൈലിയും ആഹാരരീതിയുമാണ് ക്യാൻസർ രോഗികൾ സമൂഹത്തിൽ വർധിച്ചുവരാനുള്ള പ്രധാന കാരണമെന്ന് പ്രശസ്ത ക്യാൻസർ രോഗ ചികിത്സാ വിദഗ്‌ധൻ ഡോ. വി പി ഗംഗാധരൻ.
രാജ്യത്ത് ക്യാൻസർ വർധനവിൽ രണ്ടാം സ്ഥാനത്താണ് കേരളം. പുകയിലയാണ് ക്യാൻസർ രോഗത്തിന്റെ മുഖ്യകാരണം. പുരുഷൻമാരിൽ ഇത് ശ്വാസകോശം, വായ,തൊണ്ട എന്നിവയെ ബാധിക്കുന്നു. അതേസമയം പുകവലിക്കുന്നവരും അവരോടൊപ്പമുള്ളവരും രോഗികളാവുന്നു. സ്ത്രീകളുടെ ഇടയിൽ 22 ൽ ഒരാൾക്ക് രോഗം കാണുന്നു. പൊതുവെ സ്ത്രീകളിൽ ഗർഭാശയ ക്യാൻസറും രക്താർബുദവും കൂടുതലാണ്. മുമ്പ് 40 വയസ്സിന് മുകളിലുള്ളവരിലായിരുന്നു സ്തനാർബുദം കണ്ടെത്തിയിരുന്നതെങ്കിൽ ഇന്ന് ഇരുപത് വയസ്സിന് മുകളിലുള്ള സ്ത്രീകളിൽ പോലും രോഗം വ്യാപകമാണ്. ഇവ തുടക്കത്തിൽ കണ്ടെത്താൻ കഴിഞ്ഞാൽ ചികിത്സിച്ചു സുഖപ്പെടുത്താൻ കഴിയും.
സ്തനാർബുദം കണ്ടെത്താനുള്ള എളുപ്പമാർഗം സ്വയം പരിശോധന നടത്തുക എന്നതാണ്. രോഗലക്ഷങ്ങൾ തിരിച്ചറിഞ്ഞാൽ ചികിത്സ തേടുക എന്നതാണ് അഭികാമ്യം. ക്യാൻസർ വ്യാപനത്തിന് പ്ലാസ്റ്റിക് ഉപയോഗം ഒരു പ്രധാന ഘടകമാണ്. അതേസമയം ഫൈബറുള്ള സസ്യാഹരം കഴിക്കുന്നത് ക്യാൻസർ വരാതിരിക്കാൻ നല്ലതാണ്. കേരളത്തിൽ രക്താർബുദം കൂടുതലാണ്. ഇത് പ്രാരംഭദിശയിൽ കണ്ടെത്തിയാൽ ഒരു പരിധിവരെ തടയാം.
വേദന ഇല്ലാത്ത മുഴകൾ, വലുതാവുന്ന മറുകുകൾ എന്നിവ കണ്ടാൽ പരിശോധനക്ക് വിധേയമാകണം. ക്യാൻസർ ഒരു പാരമ്പര്യ രോഗമാണെങ്കിലും അതിന് പൊതുവെ അഞ്ച് ശതമാനം ചാൻസ് മാത്രമേയുള്ളു.
ക്യാൻസർ കോശങ്ങളെ മാത്രം കണ്ടുപിടിച്ച് ഉൻമൂലനം ചെയ്യുന്ന മരുന്നുകൾ ഇപ്പോൾ ലഭ്യമാണ്. 40 ശതമാനത്തെ ബോധവത്കരണത്താലും 30 ശതമാനത്തെ ചികിത്സയാലും സുഖപ്പെടുത്താം. തുടക്കത്തിൽ തന്നെ കണ്ടെത്താൻ സാധിച്ചാൽ 30 ശതമാനം ക്യാൻസറും പ്രതിരോധിക്കാൻ സാധിക്കും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ രോഗം തിരിച്ചറിയാനുള്ള സംവിധാനം കാര്യക്ഷമമാണ്.