കൊറോണ: ചികിത്സയും പ്രതിരോധവും

ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളില്‍ നിന്ന് 1937ലാണ് ആദ്യമായി കൊറോണ വൈറസിനെ കണ്ടെത്തിയത്. പിന്നീട് 2003ല്‍ ചൈനയിലും 2013ല്‍ സഊദി അറേബ്യയിലും കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ മത്സ്യ- മൃഗ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന 61 വയസ്സുള്ള വുഹാന്‍ നിവാസിയിലായിരുന്നു ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്.
Posted on: January 31, 2020 12:02 pm | Last updated: January 31, 2020 at 12:02 pm

ചൈനയിലെ വുഹാനില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ ഭീതിയിലാണ് ഇന്ന് ലോകം മുഴുവന്‍. ഏറ്റവും ഒടുവില്‍ ഇന്ത്യയിലും ഈ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത് നോവല്‍ കൊറോണ വൈറസാണ്. ശ്വസന നാളിയെയാണ് പ്രധാനമായും ഇത് ബാധിക്കുക.

വൈദ്യശാസ്ത്രത്തിന് കൊറോണ വൈറസിനെ കുറിച്ചുള്ള ആശങ്ക ഗുരുതരമാക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, അത്യാധുനിക ആരോഗ്യ സംവിധാനങ്ങളുണ്ടായിട്ടും കൊറോണ വൈറസിനുള്ള മരുന്നോ പ്രതിരോധ വാക്്‌സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല. രണ്ട്, രോഗബാധിതരില്‍ വലിയൊരു വിഭാഗം മരണത്തിന് കീഴടങ്ങേണ്ടി വരുന്നു. കേവലം ഒരു രോഗമെന്നതില്‍ കവിഞ്ഞ് വലിയൊരു സാമൂഹിക വിപത്തായി ചൈനയില്‍ കൊറോണ മാറിയിരിക്കുന്നു.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ 13 നഗരങ്ങള്‍ അടച്ചു. പൊതുഗതാഗതവും തടഞ്ഞു. വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി. കയറ്റുമതിയും ഇറക്കുമതിയും നിയന്ത്രിച്ചു. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ സന്ദര്‍ശനങ്ങള്‍ നിരോധിച്ചു. നിരവധി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ലോകാത്ഭുതങ്ങളിലൊന്നായ ചൈനീസ് വന്‍മതിലും ഡിസ്‌നി ലാന്‍ഡും അടച്ചുപൂട്ടിയവയില്‍ ഉള്‍പ്പെടുന്നു. യഥാര്‍ഥത്തില്‍ ചൈന ഒറ്റപ്പെട്ടു.

ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളില്‍ നിന്ന് 1937ലാണ് ആദ്യമായി കൊറോണ വൈറസിനെ കണ്ടെത്തിയത്. പിന്നീട് 2003ല്‍ ചൈനയിലും 2013ല്‍ സഊദി അറേബ്യയിലും കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ മത്സ്യ- മൃഗ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന 61 വയസ്സുള്ള വുഹാന്‍ നിവാസിയിലായിരുന്നു ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. പിന്നീട് തായ്‌ലന്‍ഡ്, ഫിലിപ്പൈന്‍സ്, ദക്ഷിണ കൊറിയ, ജപ്പാന്‍, തായ്‌വാന്‍, മക്കാവു എന്നിവിടങ്ങളിലും കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടു. 37 രാജ്യങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിക്കഴിഞ്ഞു ലോകാരോഗ്യ സംഘടന.

അസംഖ്യം സൂക്ഷ്മ ജീവികളുള്ള ലോകത്താണ് നമ്മുടെ ജീവിതം. സൂക്ഷ്മ ദര്‍ശിനിയില്‍ കൂടി മാത്രം കാണാന്‍ കഴിയുന്ന ഇവയില്‍ പലതും മാരകമായ രോഗാണുക്കളുമാണ്. രോഗാണുക്കള്‍ നിരന്തരമായി നമ്മുടെ ശരീരത്തില്‍ പ്രവേശിച്ചു കൊണ്ടിരിക്കുന്നു. സാധാരണ ഗതിയില്‍ പ്രതിരോധ ശക്തിമൂലം രോഗാണുക്കളെ നശിപ്പിച്ച് നമ്മുടെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നു. എന്നാല്‍ കൊറോണ ബാധിച്ചാല്‍ വീണ്ടെടുക്കാന്‍ കഴിയാത്ത വിധം പ്രതിരോധ ശേഷി തകരുന്ന അവസ്ഥയാണ് പ്രകടമാകുന്നത്.
പ്രതിവിധി കണ്ടെത്തിയിട്ടില്ലാത്ത വൈറസുകള്‍ ലോകത്ത് വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. കാലാവസ്ഥാ വ്യതിയാനം, അശാസ്ത്രീയമായ മാലിന്യ സംസ്‌കരണം, രോഗാണുക്കളുടെ ജനിതക ഘടനയില്‍ വരുന്ന മാറ്റങ്ങള്‍, പ്രതിരോധ കുത്തിവെപ്പുകളോടുള്ള അശാസ്ത്രീയമായ സമീപനങ്ങള്‍ ഇവയൊക്കെ പലതരത്തിലുള്ള രോഗവ്യാപനത്തിന് വഴിയൊരുക്കുന്നു.

ലോകത്ത് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് രണ്ടായിരത്തിലധികം ആളുകള്‍ മരിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. രോഗാണു സംക്രമണം അതിരൂക്ഷമായ ചൈനയില്‍ ഇതിനോടകം ആയിരക്കണക്കിന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ നൂറ്റമ്പതിലധികം ആളുകള്‍ മരണത്തിന് കീഴടങ്ങി.

ശരീര സ്രവങ്ങളില്‍ നിന്നാണ് രോഗം പടരുന്നത്. തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോള്‍ വായയില്‍ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളില്‍ വൈറസുകള്‍ ഉണ്ടായിരിക്കും. വൈറസ് ബാധിച്ചവരെ സ്പര്‍ശിച്ചാലും അവര്‍ സ്പര്‍ശിച്ചതിനെ തൊട്ടാലും വൈറസ് പടരും.
പക്ഷികള്‍, മൃഗങ്ങള്‍ തുടങ്ങിയവയില്‍ പൊതുവെ കൊറോണ വൈറസ് കണ്ടുവരാറുണ്ട്. അവയില്‍ കൂടി മാത്രമേ ഈ വൈറസുകള്‍ മനുഷ്യരിലേക്ക് പടരൂ എന്നായിരുന്നു ധാരണ. എന്നാല്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് തന്നെ പടരുന്നു എന്ന കണ്ടെത്തല്‍ ഏറെ ഉത്കണ്ഠാജനകമാണ്.

പനി, ചുമ, ക്ഷീണം, ശ്വാസതടസ്സം എന്നിവയാണ് കൊറോണ വൈറസ് ബാധയേറ്റവരിലെ പ്രധാന ലക്ഷണങ്ങള്‍. ന്യൂമോണിയക്ക് പുറമെ ശ്വാസകോശ നീര്‍കെട്ടും രോഗികളില്‍ കാണും. ഇവ ഏതാനും ദിവസങ്ങള്‍ നീണ്ടുനില്‍ക്കും. ചില സന്ദര്‍ഭങ്ങളില്‍ ശ്വാസം മുട്ട്, വിറയല്‍, വയറിളക്കം തുടങ്ങിയവ ഉണ്ടാകും. ഗുരുതര ഘട്ടങ്ങളില്‍ ശ്വാസകോശം, ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനം നിലക്കുന്നതിനും മരണത്തിനും വരെ കാരണമാകാം.
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ വീട്ടില്‍ തന്നെ വിശ്രമിക്കുകയും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. പ്രത്യേക മരുന്നോ വാക്‌സിനോ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ഓരോ ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയാണ് നല്‍കുന്നത്. അധ്വാനം ഒഴിവാക്കി വിശ്രമിക്കുക, ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനായി ധാരാളം വെള്ളം കുടിക്കുക, പുകവലി പോലെയുള്ളവ ഒഴിവാക്കുക എന്നിവയും ചികിത്സയില്‍ പ്രധാനമാണ്.