Connect with us

Editorial

മണ്ണുമാഫിയ പിന്നെയും പിടിമുറുക്കുന്നു

Published

|

Last Updated

ഇടവേളക്ക് ശേഷം സംസ്ഥാനത്ത് അനധികൃത മണ്ണെടുപ്പും മണ്ണെടുപ്പ് മാഫിയയുടെ വിളയാട്ടവും വര്‍ധിച്ചിരിക്കുകയാണ്. മണ്ണെടുപ്പിനും സ്ഥലങ്ങള്‍ മണ്ണിട്ടു നികത്തുന്നതിനും കടുത്ത നിയന്ത്രണങ്ങളും ചട്ടങ്ങളുമുണ്ടെങ്കിലും അതെല്ലാം കാറ്റില്‍ പറത്തിയാണ് മാഫിയ വിഹരിക്കുന്നത്. വീട് നിര്‍മിക്കാനെന്ന പേരില്‍ അഞ്ച് സെന്റ് സ്ഥലത്തെ മണ്ണെടുപ്പിനു അനുമതി സമ്പാദിച്ച ശേഷം കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് മണ്ണെടുപ്പ്, മലകളും കുന്നുകളും ഇടിച്ചു നിരത്തുക, സ്വന്തമായി വീടുള്ളവര്‍ സ്ഥലം മക്കളുടെയോ ബന്ധുക്കളുടെയോ പേരില്‍ എഴുതിവെച്ച ശേഷം മണ്ണെടുക്കുക തുടങ്ങി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് സാധാരണമാണ്. കടലാസ് ചൂടാക്കിയാല്‍ എഴുത്തു താനേ പോകുന്ന പുതിയതരം പാസുകളും രംഗത്തിറക്കിയിട്ടുണ്ട് മണ്ണുമാഫിയ. ഈ പാസ് എഴുതി വാങ്ങിയ ശേഷം അതിലെ മഷി മായ്ച്ചു വീണ്ടും ലോഡുകള്‍ എഴുതിച്ചേര്‍ത്ത് കൂടുതല്‍ മണ്ണ് കടത്താനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ചാത്തന്നൂരില്‍ ഇത്തരം പാസുകളുപയോഗിച്ച് അനധികൃതമായി ടണ്‍കണക്കിന് മണ്ണ് കടത്തിയ ഒരു സംഘത്തെ ഉദ്യാഗസ്ഥര്‍ പിടികൂടിയിരുന്നു.
അനധികൃത മണ്ണു കടത്തിനെതിരെ പ്രതികരിക്കുന്നവര്‍ക്കു നേരെ മണ്ണുമാഫിയയുടെ ഗുണ്ടായിസവും പതിവാണ്. സ്വന്തം സ്ഥലത്തു നിന്ന് അനുവാദമില്ലാതെ മണ്ണെടുക്കുന്നത് തടഞ്ഞ സ്ഥലമുടമ തിരുവനന്തപുരം കാട്ടാക്കട സ്വദേശി സംഗീത് കുമാര്‍ എന്ന യുവാവിനെ മണ്ണുമാന്തി യന്ത്രം ഇടിച്ച് കൊലപ്പെടുത്തിയത് രണ്ട് ദിവസം മുമ്പാണ്. കോട്ടയത്ത് മണ്ണെടുപ്പ് സംബന്ധിച്ച് വിവരാവകാശ രേഖകള്‍ ശേഖരിച്ച് നിയമനടപടിക്കൊരുങ്ങിയ മഹേഷ് വിജയന്‍ എന്ന വിവരാവകാശ പ്രവര്‍ത്തകന് കോട്ടയം നഗരസഭാ ഓഫീസിനുള്ളില്‍ നിന്ന് മര്‍ദനമേറ്റത്, വേങ്ങര കാരാത്തോടില്‍ മണ്ണുകടത്ത് പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ മണ്ണുകടത്തു സംഘം ഭീഷണിപ്പെടുത്തുന്ന ചിത്രം പകര്‍ത്തിയ വേങ്ങര കാരാത്തോട് സ്വദേശികള്‍ക്കു നേരെ നടന്ന അക്രമം തുടങ്ങി ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പോലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പലയിടങ്ങളിലും മണ്ണുമാഫിയ കുന്നുകള്‍ ഇടിക്കുന്നതും കടത്തുന്നതും. തന്മൂലം വില്ലേജ് ഓഫീസിലോ പഞ്ചായത്ത് ഓഫീസിലോ പോലീസ് സ്റ്റേഷനിലോ ഇതു സംബന്ധിച്ചു പരാതി നല്‍കിയാല്‍ ഫലപ്രദമായ നടപടി ഉണ്ടാകാറില്ല. അടുത്തിടെ തിരുവനന്തപുരം കരമന, തമ്പാനൂര്‍ തുടങ്ങി നിരവധി പോലീസ് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്ക് മണ്ണുമാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ചു വിജിലന്‍സ് എസ് പി. കെ ഇ ബൈജു സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു സി ഐയെയും മണ്ണുമാഫിയയില്‍ നിന്ന് പണം പിരിച്ച് വീതം വെച്ചിരുന്ന എ എസ് ഐയെയും സ്ഥലം മാറ്റുകയുണ്ടായി. തമ്പാനൂരിലെ പോലീസ് സ്റ്റേഷന് സമീപം തന്റെ സ്വകാര്യ കാറില്‍ കാത്തുനില്‍ക്കുന്ന എസ് ഐയുടെ വശമായിരുന്നു ഓരോ സൈറ്റിലും മണ്ണെടുക്കുന്നതിനു മുമ്പ് അനധികൃത കടത്തുകാര്‍ പോലീസ് സ്റ്റേഷനുള്ള വിഹിതം ഏല്‍പ്പിച്ചിരുന്നത്. 10,000 മുതല്‍ 25,000 വരെ ലോഡിന്റെ എണ്ണത്തിനനുസരിച്ചായിരുന്നു ഇവര്‍ പോലീസിന് പടി നല്‍കിയിരുന്നത്. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ അനധികൃതമായി കടത്തിക്കൊണ്ടിരുന്ന ലോഡുകള്‍ പിടികൂടാന്‍ തയ്യാറാകാതിരുന്നതാണ് കരമന പോലീസിനെ സംശയ നിഴലിലാക്കിയതും വിജിലന്‍സ് അന്വേഷണം നടത്തിയതും. കരമന പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള കരമനയാറിന്റെ തീരങ്ങളും മറ്റ് നീര്‍ത്തടങ്ങളും നികത്താനാണ് ഇവ അധികവും ഉപയോഗിച്ചിരുന്നത്. കരമനയിലെയോ തമ്പാനൂരിലെയോ മാത്രം കഥയല്ല ഇത്. സംസ്ഥാനത്തെങ്ങുമുണ്ട് മണ്ണുമാഫിയ- പോലീസ് അവിഹിത കൂട്ടുകെട്ട്. കോട്ടയം അയര്‍ക്കുന്നം സ്റ്റേഷനിലെ എ എസ് ഐയെ മണ്ണുമാഫിയയുമായുള്ള ബന്ധത്തെ ചൊല്ലി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയുടെ ബലത്തിലാണ് മണ്ണുകടത്തു സംഘങ്ങള്‍ നിര്‍ഭയം നിയമങ്ങള്‍ കാറ്റില്‍ പറത്തി മണ്ണെടുക്കുന്നതും തണ്ണീര്‍ത്തടങ്ങള്‍ നിരപ്പാക്കുന്നതും പ്രതിരോധിക്കാന്‍ വരുന്നവര്‍ക്കെതിരെ ഗുണ്ടായിസം പ്രയോഗിക്കുന്നതും. തങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെ ഇവര്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സ്ഥലം മാറ്റിക്കുകയോ അപകടപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്യും. പാലക്കാട് മലങ്കരയില്‍ അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന ലോറി പിടിച്ചെടുക്കുന്നതിനിടെ എസ് ഐ. പി കെ ജിഷീഷിനെ മണ്ണുമാഫിയ അക്രമിക്കുകയും കാസര്‍കോട് കുമ്പളയില്‍ മണല്‍ കടത്തു തടയാനെത്തിയ എസ് ഐയെയും പോലീസുകാരനെയും ലോറിയിടിച്ചു കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. 2017 നവംബറില്‍ അടൂര്‍ താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാറെ മറ്റൊരു താലൂക്ക് ഓഫീസിലെ അപ്രധാന തസ്തികയിലേക്ക് സ്ഥലം മാറ്റാനിടയായത് അദ്ദേഹം മണ്ണുമാഫിയക്കും ക്വാറിമാഫിയക്കുമെതിരെ നടപടിക്കു ശിപാര്‍ശ ചെയ്തതായിരുന്നുവത്രെ. ഇക്കാരണത്താല്‍ അനധികൃത മണ്ണെടുപ്പും കടത്തും അനുകൂലിക്കാത്ത ഉദ്യോഗസ്ഥര്‍ പോലും താനൊന്നും അറിഞ്ഞില്ല, കണ്ടില്ലയെന്നു നടിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്.

തിരുവനന്തപുരം കാട്ടാക്കട സ്വദേശി സംഗീത് കുമാര്‍ എന്ന യുവാവിനെ മണ്ണുമാന്തി യന്ത്രം കൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയ സംഭവം അതീവ നടുക്കമുളവാക്കുന്നതാണ്. തങ്ങളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്ന എന്തിനെയും ഏതു വിധേനയും കൈകാര്യം ചെയ്യാന്‍ മാത്രം ശക്തിപ്രാപിച്ചിരിക്കുന്നു സംസ്ഥാനത്തെ മണ്ണെടുപ്പു സംഘങ്ങളെന്നാണ് ഇത് കാണിക്കുന്നത്. ഇതിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. കേസിലെ മുഖ്യപ്രതിയെന്നു പറയപ്പെടുന്ന ജെ സി ബി ഉടമ സജുവടക്കം നാല് പേര്‍ പിടിയിലായിട്ടുണ്ടെങ്കിലും ഇവര്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് സാമ്പത്തിക, രാഷ്ട്രീയ സ്വാധീനത്താല്‍ രക്ഷപ്പെടാതിരിക്കാന്‍ ജാഗ്രത വേണം. പല കേസുകളിലും പ്രതികള്‍ യാതൊരു പോറലുമേല്‍ക്കാതെ ഊരിപ്പോകുന്നതാണ് മാഫിയാ ഗുണ്ടായിസം ആവര്‍ത്തിക്കാന്‍ കാരണം.

Latest