Connect with us

Kerala

മനുഷ്യമഹാ ശൃംഖലയില്‍ പങ്കെടുത്ത ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റിന് സസ്‌പെന്‍ഷന്‍

Published

|

Last Updated

കോഴിക്കോട് | പൗരത്വ നിയമത്തിനെതിരെ എല്‍ ഡി എഫ് സംഘടിപ്പിച്ച മനുഷ്യമഹാ ശൃംഖലയില്‍ പങ്കെടുത്തതിന് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍ര് കെ എം ബഷീറിനെ മുസ്‌ലിം ലീഗ് സസ്‌പെന്റ് ചെയ്തു. അച്ചടക്ക ലംഘനം നടത്തി എന്നാരോപിച്ചാണ് സസ്‌പെന്‍ഷന്‍.

അനിശ്ചിതകാലത്തേക്കാണ് സസ്‌പെന്‍ഷന്‍. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ പാര്‍ട്ടി കമ്മീഷനെ വെച്ചതായും റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ലീഗ് ജില്ലാ നേതാവ് ഉമ്മര്‍ പാണ്ടികശാല അറിയിച്ചു. റിപ്പബ്ലിക് ദിനത്തില്‍ എല്‍ ഡി എഫ് സംഘടിപ്പിച്ച മനുഷ്യ മഹാ ശ്യംഖലയില്‍ പങ്കെടുത്ത ബഷീര്‍ യു ഡി എഫിനെ വിമര്‍ശിച്ചതായും പാര്‍ട്ടി ആരോപിച്ചു.

ഭാര്യക്കും മകനുമൊപ്പമായിരുന്നു ബഷീര്‍ പരിപാടിയില്‍ പങ്കെടുത്തത്. പൗരത്വ വിഷയത്തില്‍ ന്യൂനപക്ഷങ്ങളുടെ ആശങ്ക ശക്തമാണെന്നും എന്നാല്‍ മുന്നണിക്ക് വിഷയത്തില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും ബഷീര്‍ പറഞ്ഞിരുന്നു. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തെറ്റായ സമീപനമാണ് സ്വീകരിക്കുന്നത്. പൗരത്വ വിഷയത്തില്‍ എല്‍ ഡി എഫും മുഖ്യമന്ത്രിയും ശക്തമായ ഇടപെടല്‍ നടത്തുന്നതായും ബഷീര്‍ പറഞ്ഞിരുന്നു.

പൗരത്വ നിയമത്തിനെതിരായി എല്‍ ഡി എഫ് സംഘടിപ്പിച്ച മനുഷ്യ ശൃംഖലയില്‍ യു ഡി എഫ് നേതാക്കള്‍ പങ്കെടുത്തത് വിവാദമാക്കേണ്ടെന്ന് ഇന്നലെ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ ആര്‍ക്കെതിരേയും നടപടി സ്വീകരിക്കില്ലെന്ന് എം കെ മുനീറും പറഞ്ഞിരുന്നു. എന്നാല്‍ ഇവരുടെയെല്ലാം വാക്കുകള്‍ ഒരു വിലയും കല്‍പ്പിക്കാതെയാണ് ലീഗ് ജില്ലാ നേതൃത്വം നടപടി സ്വീകരിച്ചത്.