Connect with us

National

ഈ ചിത്രം വിളിച്ചുപറയുന്നു; വീട്ടുതടങ്കലിന്റെ ഭയാനകത

Published

|

Last Updated

ശ്രീനഗർ | കഴിഞ്ഞ ആഗസ്റ്റ് വരെ ക്ലീൻ ഷേവിലാണ് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് അധ്യക്ഷനുമായ ഉമർ അബ്ദുല്ലയെ കണ്ടിട്ടുള്ളത്. ആറ് മാസങ്ങൾക്കിപ്പുറം അദ്ദേഹത്തിന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
എന്നാൽ, കണ്ടുപരിചയിച്ച ഉമർ അബ്ദുല്ലയാണെന്ന് അടുപ്പക്കാർക്ക് പോലും തിരിച്ചറിയാൻ സാധിക്കില്ല; അത്രക്കാണ് മാറ്റങ്ങൾ. തിങ്ങിയ താടിയും മീശയും. താടിരോമങ്ങൾ നരച്ചിരിക്കുന്നു. അങ്ങനെ ആകെയൊരു മാറ്റം.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനം വിഭജിച്ച ആഗസ്റ്റ് അഞ്ച് മുതൽ വീട്ടുതടങ്കലിലാണ് ഉമർ അടക്കമുള്ള രാഷ്ട്രീയ നേതാക്കളെല്ലാം. അന്ന് മുതൽ ഇവർക്ക് പുറംലോകവുമായി ബന്ധമില്ല. അടുത്ത ബന്ധുക്കൾക്ക് വല്ലപ്പോഴും സന്ദർശിക്കാം. ആദ്യഘട്ടത്തിൽ ശ്രീനഗറിലെ ഹോട്ടൽ മുറികൾ പ്രത്യേക ജയിലാക്കി മാറ്റുകയായിരുന്നു. ശൈത്യകാലം ആരംഭിച്ചതിന് ശേഷം എം എൽ എ ഹോസ്റ്റൽ മുറികൾ ജയിലാക്കിയിരിക്കുകയാണ്. സുരക്ഷാ സൈനികരുടെ കർശന നിരീക്ഷണത്തിലാണിവർ.
വീട്ടുതടങ്കലിന്റെ ഭയാനകതയും നിസ്സഹായതയും വിളിച്ചുപറയുന്നതാണ് ഉമറിന്റെ പുതിയ ഫോട്ടോ. യാതൊരു കുറ്റവും ചുമത്താതെയുള്ള ഈ അനിശ്ചിതകാല തടങ്കൽ മനുഷ്യാവകാശ ലംഘനമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
ഉമർ അബ്ദുല്ലയുടെ ഈ ഫോട്ടോ കണ്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അടക്കമുള്ളവർ അപലപിച്ചു. ഉമറിന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല, മുൻ മുഖ്യമന്ത്രിയും പി ഡി പി നേതാവുമായ മെഹ്ബൂബ മുഫ്തി അടക്കം നൂറുകണക്കിന് രാഷ്ട്രീയക്കാരും സാമൂഹിക പ്രവർത്തകരും പ്രമുഖ അഭിഭാഷകരും വ്യവസായികളും തടങ്കലിലാണ്. ചില രണ്ടാംനിര രാഷ്ട്രീയ നേതാക്കളെ കർശന ഉപാധികൾ പ്രകാരം ഈയിടെ മോചിപ്പിച്ചിരുന്നു.

Latest