കളിയിക്കാവിള എ എസ് ഐ വധം: കൊലപാതകത്തിനുപയോഗിച്ച തോക്ക് കണ്ടെടുത്തു

Posted on: January 23, 2020 12:44 pm | Last updated: January 23, 2020 at 9:54 pm

കൊച്ചി | കളിയിക്കാവിളയില്‍ എ എസ് ഐ. വിത്സനെ കൊലപ്പെടുത്താന്‍ അക്രമി ഉപയോഗിച്ച തോക്ക് ഓടയില്‍ നിന്ന് കണ്ടെടുത്തു. ഇന്ന് രാവിലെ എറണാകുളം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഓടയിലാണ് തോക്ക് കണ്ടെത്തിയത്. കേസിലെ മുഖ്യ പ്രതികളായ ഷമീം, തൗഫീഖ് എന്നിവര്‍ കൃത്യത്തിനു ശേഷം തോക്ക് ഉപേക്ഷിച്ച സ്ഥലം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് പ്രതികളെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് കൊച്ചിയിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് തോക്ക് കണ്ടെടുത്തത്.

ഇറ്റാലിയന്‍ നിര്‍മിതമായ സൈനികര്‍ ഉപയോഗിക്കുന്ന തരം തോക്കാണിതെന്ന് ക്യൂ ബ്രാഞ്ച് വ്യക്തമാക്കി. പ്രതികള്‍ക്ക് ഇത് എങ്ങിനെ കിട്ടിയെന്നത് അന്വേഷിച്ചു വരികയാണ്. പ്രതികളെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പത്തു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്.