Connect with us

Kerala

യു എ പി എ കേസ്: പ്രത്യക്ഷ പിന്തുണയുമായി ചെന്നിത്തല; അലന്റെയും താഹയുടെയും വീട് സന്ദർശിച്ചു

Published

|

Last Updated

കോഴിക്കോട് | മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ യു എ പി എ ചുമത്തി ജയിലിലടച്ച അലൻ ശുഐബിന്റേയും താഹയുടേയും വിഷയത്തിൽ പ്രത്യക്ഷ പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത്. ഇരുവരുടെയും വീടുകൾ ചെന്നിത്തല സന്ദർശിച്ചു.

പന്തീരങ്കാവിലെ താഹയുടെ വീട്ടിലാണ് ചെന്നിത്തല ആദ്യമെത്തിയത്. ഇവരുടെ മാതാപിതാക്കളിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ശേഷം അലന്റെ മാതാപിതാക്കളെയും കണ്ടു.

ഭീഷണിപ്പെടുത്തിയാണ് താഹയെ മുദ്രാവാക്യം വിളിപ്പിച്ചതെന്ന കാര്യം രക്ഷിതാക്കൾ ആവർത്തിച്ചു. കേരളത്തിന്റെ അഭ്യന്തര മന്ത്രിയായിരുന്നു താനെന്നും ഇങ്ങനെയല്ല ഒരു കേസിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകേണ്ടതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംഭവത്തിന്റെ നിജസ്ഥിതി അറിയാനാണ് താൻ എത്തിയതെന്ന് പറഞ്ഞ അദ്ദേഹം കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമസഭയിൽ വീണ്ടും ഉന്നയിക്കുമെന്നും അറിയിച്ചു.

ഭരിക്കുമ്പോഴും ഭരണമില്ലാത്തപ്പോഴും സിപിഎമ്മിന് രണ്ട് നയമാണെന്നും വിശ്വസിച്ച പാർട്ടിയിൽ നിന്ന് ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചില്ലെന്നും അലന്റെ മാതാവ് സബിത മഠത്തിൽ കുറ്റപ്പെടുത്തി. അലന്റെ നിരപരാധിത്വം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും സബിത പറഞ്ഞു.

യു എ പി എ ചുമത്തുന്ന എല്ലാ കേസുകളിലും എൻ ഐ എ അന്വേഷണം നടക്കാറില്ല. കേസ് എൻ ഐ എയുടെ കൈകളിലേക്കെത്താൻ  കാരണം സംസ്ഥാന സർക്കാരിന്റെ നിലപാടാണെന്നും  ഇവർക്കെതിരെ ശക്തമായ എന്ത് തെളിവുകളാണ് ഉള്ളതെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.  അമിത്ഷായും പിണറായിയും തമ്മിൽ എന്ത് വ്യത്യാസമാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു.

ആദ്യപടിയായി ഇന്നലെ പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീറും ഇരുവരുടെയും വീടുകളിലെത്തിയിരുന്നു.
യു എ പി എ ചുമത്തി ജയിലിലടച്ച അലൻ താഹ, ശുഹൈബ് എന്നീ ചെറുപ്പക്കാരെ കുറിച്ച് മുൻവിധിയോടെ മാവോയിസ്റ്റുകളെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെയും പി ജയരാജന്റെയും ഇടപ്പെടൽ സംശയം ജനിപ്പിക്കുന്നതാണെന്ന് ഡോ എം കെ മുനീർ പറഞ്ഞു. കോടതി വിധി പറയേണ്ട കേസിൽ മുഖ്യമന്ത്രിയുടെ നിലപാടിലൂടെ കേസ് തന്നെ വിധിയായതിന് തുല്യമാണ്. മുഖ്യമന്ത്രിയടക്കം ചില സി പി എം നേതാക്കളുടെ നിലപാടിന് പിന്നിൽ നിഗൂഢതകളുണ്ട്. കേസിന്റെ പിന്നിലെ യഥാർഥ വസ്തുതകൾ പുറത്ത് കൊണ്ട് വരാൻ യു ഡി എഫ് ഗൗരവമായി ഇടപ്പെടും. ഇതുമായി ബെന്ധപ്പെട്ട് ഇന്ന് കോഴിക്കോട്ടെത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും മറ്റ് യു ഡി എഫ് നേതാക്കളുമായും അലോചിച്ച് തീരുമാനമെടുക്കുമെന്നും മുനീർ പറഞ്ഞു.

അലന്റെ വീട്ടിൽ മാവോയിസ്റ്റ് നേതാവ് താമസിച്ചിരുന്നുവെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം സി പി എം നേതാവ് പി ജയരാജൻ രംഗത്തെത്തിയിരുന്നു.

Latest