കശ്മീരില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് അശ്ലീല സിനിമകള്‍ കാണാന്‍ മാത്രമെന്ന് നിതി അയോഗ് അംഗം

Posted on: January 19, 2020 3:04 pm | Last updated: January 19, 2020 at 10:32 pm

ന്യൂഡല്‍ഹി | കശ്മീരില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതില്‍ വിചിത്ര ന്യായീകരണവമുായി നിതി ആയോഗ് അംഗം വി കെ സരസ്വത്. അശ്ലീലസിനിമകള്‍ കാണുന്നതിനാണ് അവര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമുതല്‍ ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചതുകൊണ്ട് സമ്പദ്‌വ്യവസ്ഥയില്‍ കാര്യമായ സ്വാധീനം ചെലുത്തിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് സരസ്വത് പറഞ്ഞു.

ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സരസ്വത്തന്നെ കണ്ട മാധ്യമങ്ങളോടാണ് ഇക്കാര്യ പറഞ്ഞത്. ജമ്മു കശ്മീരില്‍ എന്തുകൊണ്ടാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് എന്ന ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ പ്രതികരണം.

”രാഷ്ട്രീയക്കാര്‍ എന്തുകൊണ്ടാണ് കശ്മീരിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നത് ,ഡല്‍ഹി റോഡുകളില്‍ നടക്കുന്ന പ്രതിഷേധം കശ്മീരില്‍ പുനഃസൃഷ്ടിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. പ്രതിഷേധത്തിന് ആക്കം കൂട്ടാന്‍ അവര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. കശ്മീരില്‍ ഇന്റര്‍നെറ്റ് ഇല്ലെങ്കില്‍ എന്ത് വ്യത്യാസമാണുള്ളത് .അവിടെ നിങ്ങള്‍ ഇന്റര്‍നെറ്റില്‍ എന്താണ് കാണുന്നത്. എന്ത് ഇടൈലിങ് ആണ് അവിടെ സംഭവിക്കുന്നത് .അശ്ലീലസിനിമകള്‍ കാണുന്നതല്ലാതെനിങ്ങള്‍ അവിടെ ഒന്നും ചെയ്യുന്നില്ല’സരസ്വത് പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതിന് പിറകെ 2019 ആഗസ്റ്റ് അഞ്ച് മുതല്‍ ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. സുപ്രീം കോടതി ഇടപെടലിനെത്തുടര്‍ന്ന്
ഏതാനും മേഖലകളില്‍ ടു ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചെങ്കിലും കശ്മീരിലെ ബുഡ്ഗാം, ഗന്ധര്‍ബാല്‍, ബാരാമുല്ല, ശ്രീനഗര്‍, കുല്‍ഗാം, അനന്ത്‌നാഗ്, ഷോപിയന്‍, പുല്‍വാമ ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചത് തുടരുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അറിയിച്ചിരുന്നു.