Connect with us

Editorial

ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കളയരുത്‌

Published

|

Last Updated

സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള ഭിന്നത മൂര്‍ച്ഛിച്ചു ആര്‍ക്കാണ് പരമാധികാരം എന്നിടത്തേക്ക് എത്തിയിരിക്കുന്നു അവകാശവാദം. ഭരണഘടനാ പദവിയായതിനാൽ ‍താനാണ് പരമാധികാരിയെന്നാണ് ഗവര്‍ണര്‍ ആരിഫ് ഖാൻ വെള്ളിയാഴ്ച ഡല്‍ഹിയില്‍ കേരള ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയതിന് പിന്നാലെ അത് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാർ കോടതിയെ സമീപിച്ചതാണ് ആരിഫ് ഖാനെ ക്ഷുഭിതനാക്കിയത്. പൗരത്വ പ്രശ്‌നത്തിലെ നിയമപോരാട്ടം കേന്ദ്ര- സംസ്ഥാന ബന്ധത്തെ ബാധിക്കുന്ന വിഷയമായതിനാല്‍ അക്കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ സര്‍ക്കാർ തന്നെ അറിയിക്കണമായിരുന്നുവെന്നും അത് ചെയ്യാതിരുന്നത് ചട്ടലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഇതേക്കുറിച്ച് സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടുമെന്ന് അദ്ദേഹം പറഞ്ഞു.

റൂള്‍സ് ഓഫ് ബിസിനസിന്റെ പകര്‍പ്പുമായാണ് ഗവര്‍ണര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ടത്. കേന്ദ്രബന്ധത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ താനുമായി സംസ്ഥാന സര്‍ക്കാർ ചര്‍ച്ച ചെയ്‌തേ മതിയാകൂവെന്ന് അതില്‍ പറയുന്നുണ്ടെന്നാണ് ഗവര്‍ണറുടെ അവകാശവാദം. കേന്ദ്ര സര്‍ക്കാറിന്റെയല്ല, രാഷ്ട്രപതിയുടെ പ്രതിനിധിയാണ് ഗവര്‍ണര്‍. പൗരത്വ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയ സാഹചര്യത്തില്‍, അതിനെതിരായ സംസ്ഥാന നീക്കം തടയേണ്ടതു ഗവര്‍ണറുടെ ചുമതലയാണത്രെ.
ഗവര്‍ണര്‍ ഭരണഘടന വായിച്ചു നോക്കാതെയാണ് തന്റെ അധികാരത്തെക്കുറിച്ചു പറയുന്നതെന്നും സംസ്ഥാന സര്‍ക്കാറിനെക്കാള്‍ വലിയ അധികാരിയല്ല ഗവര്‍ണറെന്നുമാണ് ആരിഫ് ഖാന്റെ ഡല്‍ഹി പ്രസ്താവനയോട് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്. സുപ്രീംകോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്തതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിനോട് റിപ്പോര്‍ട്ട് ചോദിക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ല. സര്‍ക്കാറിനെതിരെ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് കൊടുക്കാമെന്നത് മാത്രമാണ് അദ്ദേഹത്തിന് പരമാവധി ചെയ്യാന്‍ കഴിയുകയെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. ഇടതുപാര്‍ട്ടികള്‍ മാത്രമല്ല, യു ഡി എഫ് ഘടക കക്ഷിയായ മുസ്‌ലിം ലീഗും ഗവര്‍ണറുടെ നിലവിട്ട കളിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. പൗരത്വ പ്രതിഷേധമോ വാര്‍ഡ് വിഭജനമോ എന്തായാലും ജനാധിപത്യ ഇടത്തില്‍ നടക്കാന്‍ പാടില്ലാത്തതാണ് ഗവര്‍ണറുടെ ഇടപെടലെന്നും ജനങ്ങളുടെ വിഷയം വരുമ്പോള്‍ സര്‍ക്കാറിന് കോടതിയില്‍ പോകാന്‍ ഗവര്‍ണറുടെ സമ്മതം ആവശ്യമില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി ആരിഫ് ഖാനെ ഓര്‍മിപ്പിക്കുകയുണ്ടായി.

[irp]

നിരന്തരം മീഡിയയുടെ പിറകെ നടന്നു താന്‍ പരമാധികാരിയാണെന്നു വിളിച്ചു പറയുന്ന ആരിഫ് ഖാൻ സംസ്ഥാന ഭരണകൂടത്തെ ജനങ്ങള്‍ തിരഞ്ഞെടുത്തതാണെന്നും ഗവര്‍ണര്‍ സ്ഥാനം കേന്ദ്രത്തിന്റെ ഔദാര്യംകൊണ്ടു ലഭിക്കുന്ന ഒരു പിന്‍വാതില്‍ പദവിയാണെന്നുമുള്ള കാര്യം വിസ്മരിക്കുകയാണ്. ഗവര്‍ണറെക്കുറിച്ച സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ എന്ന വിശേഷണം കേവലം ആലങ്കാരികമാണ്. ഭരണഘടനാപരമായും ജനാധിപത്യ വീക്ഷണത്തിലൂടെ വിലയിരുത്തുമ്പോഴും സംസ്ഥാന സര്‍ക്കാറിനും താഴെയാണ് ഗവര്‍ണറുടെ സ്ഥാനം. ഗവര്‍ണര്‍ക്ക് നിയമസഭയുടെ അധികാരങ്ങളില്‍ ഇടപെടാന്‍ അവകാശമില്ലെന്ന് ഹൈക്കോടതികളും സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുമുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാളുമായി നിരന്തരം ഏറ്റുമുട്ടിയിരുന്നു. ഒടുവില്‍ കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍, ലഫ്. ഗവര്‍ണര്‍ക്ക് സ്വതന്ത്രമായ അധികാരമില്ലെന്നും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെ ഉപദേശം അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാനാവൂ എന്നുമായിരുന്നു സുപ്രീം കോടതി വിധി. അടുത്തിടെ പുതുച്ചേരിയില്‍ മുഖ്യമന്ത്രി വി നാരായണസ്വാമിയും ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയും തമ്മിലുള്ള അധികാരത്തര്‍ക്കം മദ്രാസ് ഹൈക്കോടതിയിലെത്തിയപ്പോള്‍, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനു മാത്രമാണ് ഭരണപരവും ധനവിനിയോഗവും സംബന്ധിച്ച അധികാരങ്ങളെന്നായിരുന്നു കോടതി നിരീക്ഷണം. മന്ത്രിസഭയുടെ ഉപദേശപ്രകാരം മാത്രമേ ഗവര്‍ണര്‍ പ്രവര്‍ത്തിക്കാവൂ എന്നും കോടതി ഓര്‍മിപ്പിച്ചിരുന്നു.

ജനപ്രതിനിധി സഭയെന്ന നിലയില്‍ ജനങ്ങളെ ബാധിക്കുന്ന ഗുരുതര പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ അതിന് പ്രതിവിധി കാണേണ്ട ബാധ്യത നിയമസഭക്കും സര്‍ക്കാറിനുമുണ്ട്. ആ ഉത്തരവാദിത്വമാണിപ്പോള്‍ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുകയും സുപ്രീം കോടതിയില്‍ സ്യൂട്ട് സമര്‍പ്പിക്കുകയും ചെയ്തതിലൂടെ കേരള സര്‍ക്കാർ നിര്‍വഹിച്ചത്.

ഏതെങ്കിലും നിയമസഭാ നടപടികളോടോ സര്‍ക്കാർ തീരുമാനങ്ങളോടോ ഗവര്‍ണര്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍ അക്കാര്യം അദ്ദേഹത്തിനു മുഖ്യമന്ത്രിയെ അറിയിക്കാം. അതിലപ്പുറം സര്‍ക്കാറിനെതിരെ വാളോങ്ങുന്നതും കിട്ടുന്ന വേദിയിലൊക്കെ സര്‍ക്കാറിനെ വിമര്‍ശിക്കുന്നതും ഗവര്‍ണര്‍ പദവിക്കു നിരക്കുന്നതല്ല. ഇക്കാര്യത്തില്‍ ആരിഫ് ഖാൻ തന്റെ മുന്‍ഗാമി പി സദാശിവത്തെ കണ്ടുപഠിക്കേണ്ടതുണ്ട്. അദ്ദേഹത്തിന് പലപ്പോഴും പിണറായി സര്‍ക്കാറിന്റെ നിലപാടുകളോട് വിയോജിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഭരണഘടനാ മാര്‍ഗത്തിലുടെ അക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുകയല്ലാതെ മാധ്യമങ്ങളിലൂടെ വിളിച്ചു കൂവാറില്ലായിരുന്നു. മോദി സര്‍ക്കാർ നിയോഗിച്ച ഗവര്‍ണര്‍ തന്നെയായിരുന്നു സദാശിവവും. എന്നാലും, തന്റെ രാഷ്ട്രീയ കാഴ്ചപ്പാട് ഒരിക്കലും കൃത്യനിര്‍വഹണ രംഗത്ത് പ്രകടമാക്കിയിരുന്നില്ല അദ്ദേഹം. കേരളത്തെ പിന്തുടര്‍ന്നു കഴിഞ്ഞ ദിവസം പഞ്ചാബ് നിയമസഭയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കി. തുടര്‍ന്നു സുപ്രീം കോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്യുമെന്നു മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വ്യക്തമാക്കുകയും ചെയ്തു. പഞ്ചാബ് ഗവര്‍ണര്‍ക്ക് പക്ഷേ ആരിഫ് ഖാനെ പോലെ കലിയിളകിയിട്ടില്ല.

ഒരു ബി ജെ പി നേതാവിനെപ്പോലെയാണ് ആരിഫ് ഖാൻ കാര്യങ്ങളെ സമീപിക്കുന്നത്. താനാണ് അധികാരത്തിലെങ്കില്‍ ബലംപ്രയോഗിച്ചു അത് നടപ്പാക്കുമായിരുന്നുവെന്നാണല്ലോ സ്വകാര്യ ചാനലിലെ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും തമ്മില്‍ ബന്ധം ഊട്ടിയുറപ്പിക്കാനുള്ള കണ്ണിയായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍, ബന്ധം പരമാവധി വഷളാക്കാനുള്ള പുറപ്പാടിലാണ് ഖാനെന്നു തോന്നുന്നു.